ബോംബെ ഗ്രൂപ്പ്, ഈ രക്തഗ്രൂപ്പിനെ കുറിച്ചു കേട്ടിട്ടുണ്ടോ ?1952-ൽ മുംബയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേർന്ന കർണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബേ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബേ ഗ്രൂപ്പ് എന്ന പേരു വരാൻ കാരണം.

ഏ-ബി-ഓ രക്തഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകമായ ‘എയ്ച്ച്’ (H) പ്രതിജനകം ഇല്ലാത്ത ഒരു അപൂർവ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. ഏ-,ബി-,ഓ- ഗ്രൂപ്പുകളെ നിർണയിക്കാനുള്ള രക്തപരിശോധനകളിൽ ഇത്തരക്കാരുടെ രക്തം ‘ഓ’ ഗ്രൂപ്പായി കാണിക്കുന്നതിനാൽ Oh എന്ന് ഇവരുടെ ഗ്രൂപ്പിനെ പൊതുവേ രേഖപ്പെടുത്തുന്നു.

ഏ-ബി-ഓ രക്തഗ്രൂപ്പുകളുടെ മുഖമുദ്രയായ ഏ, ബി, എയ്ച്ച് ആന്റിജനുകള്‍ Oh ബോംബേ ഗ്രൂപ്പുകാരിൽ ഇല്ല. Oh ഗ്രൂപ്പിലേതല്ലാത്ത ഏത് രക്തത്തിനെതിരേയും ഇവരുടെ ശരീരം പ്രതിരോധമുയർത്തുന്നു. അതിനാല്‍ Oh രക്തഗ്രൂപ്പിൽപ്പെടുന്നവർക്ക് മറ്റു ഏ-ബി-ഓ ഗ്രൂപ്പുകളിൽ പെട്ടവരുടെ രക്തം സ്വീകരിക്കാനോ അവർക്ക് തിരിച്ച് രക്തം നൽകാനോ കഴിയുകയില്ല.

ബോംബേ ഗ്രൂപ്പ് രക്തമുള്ളവർ അത്യപൂർവ്വമായതുകൊണ്ട്, അപകടഘട്ടങ്ങളിൽ രക്തം നൽകുന്നതിനോ സ്വീകരിക്കുന്നതിനോ ബോംബേ Oh ഗ്രൂപ്പുകാർ തന്നെ വേണമെന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഇതു തരണം ചെയ്യാൻ ഒരു മാർഗ്ഗം നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്, ആരോഗ്യമുള്ള സമയത്ത് ബോംബേഗ്രൂപ്പുകാരുടെ രക്തം ശേഖരിച്ച് രക്തബാങ്കുകളിൽ സൂക്ഷിക്കുകയും അതേ രക്തം തന്നെ അവരിലേക്ക് ആവശ്യഘട്ടങ്ങളിൽ ഉപയോഗിയ്ക്കുക എന്നതാണ്. കേരളത്തിൽ ഇതു വരെ രക്തബാങ്കുകളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് 50 – ൽ താഴെ ബോംബെ ഗ്രൂപ്പുകാരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു.ഇന്ത്യയില്‍ 400 ല്‍ താഴെ മാത്രം ആളുകള്‍ക്കാണ് ഈ അപൂര്‍വ്വ രക്തമുള്ളത്. ഇന്ത്യയില്‍ മാത്രമല്ല ജപ്പാനിലും കൊക്കാസ്യന്‍ വിഭാഗക്കാര്‍ക്കിടയിലും ഈ രക്ത ഗ്രൂപ്പ് കാണപ്പെടുന്നു.

കേരളത്തില്‍ പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി കോക്കാട്ട് ഹരിജന്‍ കോളനിയിലെ ശ്രീജയ്ക്കാണ് ഏറ്റവും ഒടുവില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്തഗ്രൂപ്പുള്ളതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഒ.എച്ച് അഥവാ ബോംബെ ബ്ലഡ് എന്ന രക്തഗ്രൂപ്പാണ് ശ്രീജയുടേത്. രണ്ടുവര്‍ഷം മുന്‍പ് ആദ്യകുഞ്ഞിനെ പ്രസവിക്കാനായി പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രിയില്‍ എത്തിയപ്പോഴാണ് രക്തഗ്രൂപ്പ് അത്യപൂര്‍വമാണെന്നു കണ്ടെത്തിയത്. സിസേറിയന്‍ ആവശ്യമാണെന്നും രക്തം ആവശ്യമായിവരുമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചതോടെ കുടുംബവും നാട്ടുകാരും അങ്കലാപ്പിലായി. ബോംബെ ബ്ലഡ് എന്ന രക്തഗ്രൂപ്പിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചെങ്കിലും ഈ ഗ്രൂപ്പില്‍പ്പെട്ട ആരെയും കണ്ടത്താനായില്ല. ഒടുവില്‍ ഇന്റര്‍നെറ്റിലൂടെ കര്‍ണാടക സ്വദേശിയായ ഒരാളെ കണ്ടെത്തുകയായിരുന്നു.

Loading...