ലിമ: ബ്രസീലിന് കടിഞ്ഞാണിടാന്‍ തത്കാലം ലാറ്റിനമേരിക്കയില്‍ ആളില്ല. ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ പെറുവിനെ അവരുടെ നാട്ടില്‍ ചെന്ന് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീല്‍ തകര്‍ത്തത്. ഇതോടെ പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് 27 പോയിന്റായി ലാറ്റിമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ് പെറുവിനെതിരെ നീലക്കുപ്പായത്തിലിറങ്ങിയ ബ്രസീല്‍.

തുടക്കത്തില്‍ തപ്പിത്തടഞ്ഞ് നീങ്ങിയ മത്സരത്തിന്റെ അമ്പത്തിയേഴാം മിനിറ്റില്‍ ഗബ്രിയല്‍ ജീസസും എഴുപത്തിയെട്ടാം മിനിറ്റില്‍ റെനറ്റൊ അഗസ്‌റ്റോയുമാണ് ബ്രസീലിനുവേണ്ടി ലക്ഷ്യം കണ്ടത്.

പകുതി സമയത്ത് ഇരു ടീമുകളും ഗോള്‍ നേടാനാവാതെ തുല്ല്യ നിലയിലായിരുന്നു. സൂപ്പര്‍ താരം നെയ്മര്‍ ഫോം കണ്ടെത്താന്‍ വലഞ്ഞതാണ് ബ്രസീലിയന്‍ ആക്രമണത്തിന്റെ മൂര്‍ച്ച കുറച്ചത്. ഗോളിനോടുത്തെത്തിയ നല്ല നീക്കങ്ങള്‍ ഏറെയൊന്നും പിറന്നില്ല അവരില്‍ നിന്ന്. ഒട്ടും മെച്ചമായിരുന്നില്ല പെറുവിന്റെ സ്ഥിതിയും. ജീസസ് രക്ഷകനായതോടെയാണ് ബ്രസീലിന് ഊര്‍ജം തിരിച്ചുകിട്ടിയത്. പിന്നീട് പെറു പൂര്‍ണമായി പ്രതിരോധത്തിലേയ്ക്ക് ഉള്‍വലിയുകയും ചെയ്തു.

Loading...