കൊച്ചി ∙ബ്രെക്സിറ്റ് ലോക ഓഹരി വിപണികൾക്കുമേൽ താണ്ഡവമാടി. ഇന്ത്യൻ ഓഹരി വിപണിയിലും ശക്തമായി തകർച്ച പ്രതിബിംബിച്ചപ്പോൾ സെൻസെക്സ് തുടക്കത്തിൽ 1090 പോയിന്റാണ് ഇടിഞ്ഞത്. എന്നാൽ 400 പോയിന്റിലേറെ വിപണി തിരിച്ചു കയറി. ക്ളോസ് ചെയ്യുമ്പോൾ 604 പോയിന്റാണ് ഇടിവ്.

നിഫ്റ്റിയിൽ 181 പോയിന്റാണ് ഇടിവുണ്ടായത്. 7927 വരെ ഇടിഞ്ഞ നിഫ്റ്റി പിന്നീട് 8088ൽ ക്ളോസ് ചെയ്യുകയായിരുന്നു. സെൻസെക്സ് ഒരു ഘട്ടത്തിൽ 25911 വരെ ഇടിഞ്ഞിട്ട് 26398ൽ ക്ളോസ് ചെയ്തു. വ്യാഴാഴ്ച 27002ൽ നിന്ന സെൻസെക്സാണ് 604 പോയിന്റ് ഇടിഞ്ഞ് 26398ലെത്തിയത്.

എന്നാൽ ബ്രെക്സിറ്റ് പേടിയുടെ പേരിൽ വിപണിയുടെ അമിത പ്രതികരണമാണ് ഇടിവെന്നാണു വിലയിരുത്തൽ. അതിനാൽ വരും ദിവസങ്ങളിൽ വിപണി തിരിച്ചു കയറിയേക്കും. യൂറോപ്യൻ ഓഹരി വിപണിയുടെ പ്രതികരണവും വരും ദിവസങ്ങളിൽ കാണേണ്ടതുണ്ട്.
ബ്രിട്ടനിൽ പ്രവർത്തനമുള്ള കമ്പനികളുടെ ഓഹരികളാണു കൂടുതലും ഇടിഞ്ഞത്. ലോക ബാങ്കിങ്–ധനകാര്യ കേന്ദ്രം ലണ്ടൻ ആയതിനാൽ ബാങ്കിങ് ഓഹരികളിലും കനത്ത തകർച്ചയുണ്ടായി. യുകെയിൽ വൻ നിക്ഷേപമുള്ള ടാറ്റമോട്ടോഴ്സും ടാറ്റ സ്റ്റീലും ഓഹരി വിലത്തകർച്ചയിൽ മുന്നിലുണ്ടായിരുന്നു. ടാറ്റ മോട്ടോഴ്സ് ഓഹരി വില 10% വരെ ഇടിഞ്ഞെങ്കിലും ഒടുവിൽ 8% ഇടിവിൽ ക്ളോസ് ചെയ്തു. 488 രൂപയിൽ നിന്ന് 449 രൂപയിലേക്ക്.

ഐടി കമ്പനികൾക്ക് നേരിയ തകർച്ചയേ നേരിടേണ്ടി വന്നുള്ളു. ഇൻഫോസിസിന് 1.7% മാത്രമാണ് ഇടിവ്. വില 1211 രൂപയിൽ നിന്ന് 1194 രൂപയിലേക്കു താഴ്ന്നു.

ഓഹരി വിപണിയിൽ വീണ്ടും വില ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ വരാവുന്ന പരമാവധി തകർച്ച സംഭവിച്ചു കഴിഞ്ഞുവെന്നും ഇനി അധികം താഴേക്കു പോകാൻ സാധ്യതയില്ലെന്നുമാണു വിലയിരുത്തൽ. മുംബൈ ഓഹരി വിദഗ്ധരുടെ അനുമാനവും അതു തന്നെയാണ്.

ബ്രിട്ടൻ യൂറോയിൽ നിന്നു പൂർണമായി പുറത്തു വരാൻ രണ്ടു വർഷമെടുക്കും. അതിനകം യൂറോ അധികൃതർ വ്യവസ്ഥകളിൽ മാറ്റം വരുത്തി ബ്രിട്ടനെ കൂടെ നിർത്താനുള്ള സാധ്യതയും കാണുന്നുണ്ട്.

Loading...