ഒരിക്കല്‍ നടത്തിയ ഒരു ഇന്ത്യാസന്ദര്‍ശനമാണ് ബ്രൂക്ക് എഡി എന്ന അമേരിക്കന്‍ വനിതയുടെ ജീവിതം മാറ്റി മറിച്ചത്. കാരണം ഇന്ന്  ഏഴ് മില്ല്യന്‍ ഡോളര്‍ വരുമാനമുള്ള ഒരു ബിസിനസുകരിയാണ് ഇവര്‍. എന്താണ് ബിസിനസ് എന്ന് കൂടി കേള്‍ക്കൂ , നമ്മുടെ ഇന്ത്യന്‍ ചായയുടെ ബിസിനസ്.

അമേരിക്കയിലെ കൊളറാഡോ സ്വദേശിയാണ് ബ്രൂക്. ഒരു ഇന്ത്യൻ യാത്രയ്ക്കിടയിലാണ് ബ്രൂക്കിന്റ ശ്രദ്ധയിലേക്ക് ചായപ്രേമം പതിയുന്നതും പിന്നീടതൊരു ബിസിനസ് തലത്തിലേക്കു ചെന്നെത്തുന്നതും. ചായ മാത്രം വിറ്റു നൂറുകോടിയിലേറെ സമ്പാദിക്കുന്ന യുവതിയാണ് ബ്രൂക്ക് എഡി ഇപ്പോൾ ബിസിനസ് രംഗത്തേക്കു കാലെടുത്തു വയ്ക്കാൻ ആഗ്രഹിക്കുന്നവർക്കു പ്രചോദനമാകുന്നത്.  2002 ല്‍ ഇന്ത്യ സന്ദര്‍ശ്ശിച്ചതോടെയാണ് എഡി ചായയുടെ ആരാധികയായി മാറിയത്.

തിരിച്ചു അമേരിക്കയില്‍ എത്തിയപ്പോള്‍ അതെ രുചിയില്‍ ചായ കിട്ടുന്നുമില്ല. പ്രാദേശിക കഫേകള്‍ വിളമ്പിയിരുന്ന ചായക്ക് ഇന്ത്യന്‍ ചായയുടെ ഏഴയലത്തെത്തുന്ന രുചിയേ ഉണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് ചായരുചി തേടിയുള്ള യാത്രയായിരുന്നു. എന്നാൽ കൊളറാഡോയിൽ എവിടെയും ഇന്ത്യയിൽ നിന്നു രുചിച്ചതിനു സമാനമായൊരു ചായ ബ്രൂക്കിന് കണ്ടെത്താനായില്ല. എന്നാൽ അതിൽ നിരാശയാവുകയല്ല ബ്രൂക് ചെയ്തത് മറിച്ച് താന്‍ ആഗ്രഹിച്ച രുചി കണ്ടെത്താനായില്ലെങ്കിൽ സ്വന്തമായതു തയാറാക്കാനായിരുന്നു ബ്രൂക് തീരുമാനിച്ചത്. അങ്ങനെ എഡി സ്വന്തമായി ഒരു ചായ കമ്പനി തന്നെയങ്ങ് തുടങ്ങി.

തനിക്കു ടൈംപാസിനായി കുടിക്കാൻ വേണ്ടിയല്ല മറിച്ച് ആദ്യഘട്ടത്തിൽ സുഹൃത്തുക്കൾക്കും മറ്റുമായി ജാറുകളിൽ നിറച്ചു കൊണ്ടുപോയാണ് ബ്രൂക് ചായവിൽപന ആരംഭിച്ചത്. 2006 ആയപ്പോൾ ബ്രൂക് തന്റെ ചായയ്ക്ക് ഭക്തി ചായ് എന്ന പേരി‌ടുകയും കാറിനു പുറകിൽ ജാറുകളിൽ നിറച്ചു കൊണ്ടുനടന്നു വിൽക്കുകയും ചെയ്തു. ഇഞ്ചിയുടെയും സ്പൈസ് മസാലയുടെയുമൊക്കെ രുചിയുള്ള ബ്രൂക്കിന്റെ ചായ എളുപ്പത്തില്‍ ആരാധകഹൃദയങ്ങളിലിടം നേടി. പതിയെ വീട്ടിലും കാറിലും മാത്രം ഒതുങ്ങി നിന്നിരുന്ന ചായവിൽപന ചില ക‌ടകളിലേക്കു കൂടി ബ്രൂക് വ്യാപിപ്പിച്ചു. കൊളറാഡോയിലെ പല പ്രശസ്ത ടീ ഷോപ്പുകളിലും ബ്രൂക്കിന്റെ ചായയ്ക്ക് ആവശ്യക്കാരേറി.

2007ൽ ഭക്തി ചായയ്ക്കായി ഒരു വെബ്സൈറ്റും ബ്രൂക് ആരംഭിച്ചു. ഇതു കൂടുതൽ പേരിലേക്കെത്താൻ ബ്രൂക്കിനെ സഹായിച്ചു. ഒരുവർഷത്തിനകം ബ്രൂക് തന്റെ ജോലിയിൽ നിന്നും രാജിവച്ച് പൂർണമായും ചായ ബിസിനസ്സിലേക്കു ചുവടുവച്ചു. 2008 ആയപ്പോഴേക്കും ഒരു വിജയിച്ച ബിസിനസ് സംരംഭം എന്ന നിലയിലേക്ക് ബ്രൂക്കിന്റെ ഭക്തി ചായ ചെന്നെത്തി. ഇന്ന് ഭക്തി ചായയുടെ വിറ്റുവരവ് എത്രയെന്നു കേട്ടാൽ പലരുടെയും കണ്ണുതള്ളും. ഒന്നും രണ്ടുമല്ല 35 മില്യൺ ഡോളറാണ് വെറും ചായവിറ്റു മാത്രം ബ്രൂക് ഇതുവരെയും സ്വന്തമാക്കിയത്. 2018ൽ മാത്രമാകട്ടെ ഏഴുമില്യൺ ഡോളറായിരുന്നു ബ്രൂക്കിന്റെ ലാഭം.

തന്നെ കോടിപതിയാക്കിയ ചായയോടു മാത്രമല്ല അതിനെക്കുറിച്ചു മനസ്സിലാക്കി തന്ന ഇന്ത്യയോടും ബ്രൂക്കിന് അടങ്ങാത്ത സ്നേഹമുണ്ട്. ”കൊളറാഡോയിൽ ജനിച്ച തനിക്ക് ഒരിക്കലും ഇന്ത്യയോട് ഇത്രയും ഇഷ്ടം തോന്നേണ്ടതായിരുന്നില്ല, ഓരോ തവണ ഇന്ത്യയിലെത്തുമ്പോഴും പുതിയ പല കാര്യങ്ങളും പഠിക്കുന്നു. ”- ബ്രൂക് പറയുന്നു.

ഇരട്ടക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന സിംഗിള്‍ മദറാണ് എഡി. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് നല്ല ചായയുണ്ടാക്കുന്ന കോളറാഡോയിലെ തന്നെ ഹിപ്പി മാതാപിതാക്കളുടെ മകളായി ജനിച്ച ഇവര്‍ ചായ കച്ചവടത്തിലൂടെ കോടികളാണ് ഇപ്പോള്‍ സമ്പാദിക്കുന്നത്.

Loading...