തൃശ്ശൂർ: പത്തുമാസത്തെ ശമ്പളം മുടങ്ങിയതോടെ ബി.എസ്.എൻ.എൽ. കരാർജീവനക്കാർ ദുരിതത്തിൽ . കേരളത്തിലെ ആറായിരത്തോളം തൊഴിലാളികളുൾപ്പെടെ രാജ്യത്തെ അരലക്ഷത്തോളം പേർക്ക് കഴിഞ്ഞ ഫെബ്രുവരി മുതലാണ് ശമ്പളം കിട്ടാത്തത്. അതേസമയം നൽകാൻ പണമില്ലെന്നത് മാത്രമാണ് ഈ പ്രതിസന്ധിക്ക് അധികൃതർ നൽകുന്ന മറുപടി.

8,076 പേരാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ആയിരത്തിലേറെപ്പേരെ ഫെബ്രുവരിക്കുശേഷം പിരിച്ചുവിട്ടു. ഓണവും ശമ്പളമില്ലാതെ പിന്നിട്ടതോടെ സെപ്റ്റംബർ 19-ന് തൊഴിലാളികൾ പണിമുടക്ക് തുടങ്ങി.

നവംബർ അഞ്ചിന് തിരുവനന്തപുരത്ത് ചീഫ് ജനറൽ മാനേജരുമായി സംഘടനകൾ നടത്തിയ ചർച്ചയും ഫലംകണ്ടില്ല. കേരളത്തിൽ മാത്രമായി ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണുണ്ടായത്. പിന്നീട് ഇതേപ്രശ്നവുമായി ബി.എസ്.എൻ.എൽ. ചെയർമാൻ പി.കെ. പുർവറെ സമീപിച്ചു. കരാർ തൊഴിലാളികൾക്ക് കൊടുക്കാൻ പണമില്ലെന്ന മറുപടി കിട്ടി.

ഇ.പി.എഫ്., ഇ.എസ്.ഐ. തുടങ്ങിയ ആനുകൂല്യങ്ങൾ ഇവർക്ക് ഉണ്ടായിരുന്നു. ഇതുള്ളതുകൊണ്ടാണ് പലരും തുച്ഛമായ വേതനമായിട്ടും വിട്ടുപോകാതെ നിൽക്കുന്നതും.

തൊഴിലാളികളോട് മനുഷ്യത്വം കാണിക്കാൻ ബി.എസ്.എൻ.എൽ. തയ്യാറാവണം. ഇപ്പോൾ പണിമുടക്കിലുള്ള തൊഴിലാളികൾ മറ്റുവഴികളിലേക്ക് മാറാതിരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം. കരാർതൊഴിലാളികൾക്ക് ജീവിതമില്ല എന്ന ചിന്ത മാറ്റിവച്ച് അടിയന്തരമായി ശമ്പളം വിതരണം ചെയ്യണം.

-കെ. മോഹനൻ, വർക്കിങ് പ്രസിഡന്റ്, ബി.എസ്.എൻ.എൽ. കാഷ്വൽ കോൺട്രാക്ട് ലേബേഴ്‌സ് യൂണിയൻ.

Loading...