ബംഗലൂരു: പുതുവത്സര ദിനത്തില്‍ സ്ത്രീകള്‍ക്കെതിരെ വ്യാപകമായ അതിക്രമങ്ങള്‍ നടന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ബംഗളുരുവില്‍ വീണ്ടും സ്ത്രീ പീഡിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ബുര്‍ഖ ധരിച്ചെത്തിയ പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ കെജി ഹള്ളിയിലാണ് സംഭവം.

രാവിലെ ജോലിക്ക് പോവുന്നതിനിടെ യുവതിയെ പിന്തുടര്‍ന്ന അക്രമി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കയറിപ്പിടിക്കുകയും നിരത്തിലൂടെ വലിച്ചിഴക്കുകയുമായിരുന്നു. സമീപത്തെ ടീ ഏജന്‍സിയിലെ സി.സി.ടി.വി ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. യുവതി അലറി വിളിച്ചപ്പോള്‍ സമീപത്തുള്ളവര്‍ രക്ഷയ്‌ക്കെത്തുകയായിരുന്നു. ആളുകള്‍ ഓടിയെത്തിയതോടെ ആക്രമി ഓടി രക്ഷപ്പെട്ടു.

ആക്രമത്തില്‍ യുവതിയുടെ കൈകാലുകള്‍ക്കും നാവിനും പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി തന്നെയാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയത്.

ബംഗലൂരുവിലെ സംഭവങ്ങള്‍ക്ക് കാരണമായത് പെണ്‍കുട്ടികളുടെ വേഷങ്ങളാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ പ്രസ്ഥാവന ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ബംഗലൂരുവില്‍ പതിവാണെന്നായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ ബുര്‍ഖ ധരിച്ചെത്തിയ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആരും തയ്യാറായിട്ടില്ല.


പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇത് രണ്ടാം തവണയാണ് ബംഗലൂരുവില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം ഉണ്ടാകുന്നത്. കമ്മനഹള്ളിയിലായിരുന്നു കഴിഞ്ഞ ദിവസം നാടിനെ നാണം കെടുത്തിയ അതിക്രമം അരങ്ങേറിയത്. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പുതുവത്സര ദിനത്തില്‍ നടന്ന സ്ത്രീകള്‍ക്കെതിരെ വ്യാപകമായ അതിക്രമങ്ങള്‍ സിസി ടിവി ദൃശ്യങ്ങള്‍

 


 

 
Loading...