ഉപഭോക്താക്കളെ ആകർഷിക്കാൻ വേണ്ടി തെറ്റിദ്ധാരണയുളവാക്കുന്ന പരസ്യങ്ങളും സന്ദേശങ്ങളുമാണ് പലപ്പോഴും ലാപ്‌ടോപ് കമ്പനികൾ നൽകുന്നത്. നൂറായിരം ബ്രാൻഡുകൾ വിപണിയിൽ ഉണ്ട്. സ്‌ക്രീൻ പാനൽ, ബാറ്ററി ക്ഷമത തുടങ്ങിയ പ്രധാന കാര്യങ്ങൾ ഇവർ പലപ്പോഴും പറയാറും ഇല്ല.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓരോ വ്യക്തികളുടെയും ഉപയോഗത്തിനനുസരിച്ച ലാപ്‌ടോപ് തെരഞ്ഞെടുക്കാവുന്നതെയുള്ളൂ. വേണ്ടാത്ത കാര്യങ്ങൾ അവഗണിച്ചാൽ തന്നെ പകുതി അദ്ധ്വാനം കുറയും! കുറഞ്ഞ വിലയ്ക്ക് നല്ലൊരു ലാപ്‌ടോപ് വാങ്ങിക്കുക എന്നത് ചില്ലറകാര്യം അല്ല. വാങ്ങിക്കുമ്പോൾ ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

ട്രൂ കളർ, എച്ച്ഡി ഡിസ്‌പ്ലെ, എച്ച്ഡി ബ്രൈറ്റ് വ്യൂ തുടങ്ങിയവ അവഗണിക്കുക

ട്രൂ കളർ, എച്ച്ഡി ഡിസ്‌പ്ലെ, എച്ച്ഡി ബ്രൈറ്റ് വ്യൂ ഇതെല്ലാം സ്‌ക്രീനിനെ കുറിച്ച് വിവരിക്കുന്ന പദങ്ങളാണിത്. അങ്ങനെ പ്രത്യേകിച്ച് ഇതിനു വലിയ പ്രാധാന്യമൊന്നും ഇല്ല. സാധാരണയായി ഇപ്പോൾ വരുന്ന എല്ലാ ലാപ്‌ടോപ്കളിലും ഇതൊക്കെ തന്നെയാണുള്ളത്. ഇതിനു പകരം സ്‌ക്രീനിന്റെ ക്വാളിറ്റി നോക്കാം. ഐപിഎസ് പാനൽ സ്‌ക്രീൻ ആണ് ടിഎൻ പാനൽ സ്‌ക്രീനേക്കാളും നല്ലത്. മികച്ച റെസല്യൂഷൻ നോക്കി വേണം സ്‌ക്രീൻ തെരഞ്ഞെടുക്കാൻ.

ഡോൾബി അഡ്വാൻസ്ഡ് ഒഡിയോ, ഡിടിഎസ് സ്റ്റുഡിയോ സൗണ്ട്, വേവ്‌സ് മാക്‌സ്ഓഡി എല്ലാം വെറുതെ

മുൻനിരയിൽ പെട്ട എല്ലാ ലാപ്‌ടോപ്പുകളുടെയും ശബ്ദം ഏകദേശം ഒരേപോലിരിക്കും. കാരണം ചൈനയിൽ നിർമിക്കുന്ന സ്പീക്കറുകളാണ് എല്ലാ കമ്പനികളും ഉപയോഗിക്കുന്നത്! ഇതിനു പകരം സൗണ്ട് കാർഡ്, സൗണ്ട് ചിപ്പ്, സ്പീക്കർ വിവരങ്ങൾ അന്വേഷിക്കാം. പറ്റുമെങ്കിൽ ശബ്ദ വ്യതിയാനങ്ങൾ മനസിലാവാൻ വേണ്ടി വാങ്ങിക്കുന്ന കടയിൽ നിന്നുതന്നെ പ്രവർത്തിപ്പിച്ചു നോക്കാം.

ട്രൂവീഷൻ എച്ച്ഡി വെബ്കാം

മിക്കവാറും എല്ലാ കംപ്യൂട്ടറിനും 720p (VGA) വെബ് ക്യമറയാണ് ഉള്ളത്. അപ്പോൾ പിന്നെ ഈ വിവരണത്തിന്റെ ആവശ്യമേയില്ല.

4ജിബി ഗ്രാഫിക്‌സ് റാം

4 ജിബി ഗ്രാഫിക്‌സ് റാം എന്ന് പറയുന്നത് അത്രയധികം ചെലവു വരുന്ന സംഗതിയൊന്നുമല്ല. അത്യാവശ്യം ഗെയിമോക്കെ കളിക്കാൻ പറ്റുന്ന എല്ലാ കംപ്യൂട്ടറിലും ഇതൊക്കെ കാണും. GDDR3, GDDR4 ,GDDR5 വിഭാഗത്തിൽപ്പെട്ട ഗ്രാഫിക്‌സ് കാർഡ് ആണോ എന്ന് നോക്കണം. റാമിന്റെ സ്റ്റൊറേജ് കപ്പാസിറ്റിയെക്കാളുമധികം എത്രത്തോളം വേഗതയർന്നതാണ് എന്നാണു ശ്രദ്ധിക്കേണ്ടത്.

ബാറ്ററി ലൈഫ് വാഗ്ദാനം വെറുതെ

ആപ്പിൾ ഒഴിച്ച് ബാക്കി എല്ലാ കമ്പനികളും ബാറ്ററി ലൈഫ് യഥാർഥത്തിൽ ഉള്ളതിനേക്കാൾ കുറച്ചു കൂട്ടിപറയാറാണ് പതിവ്. ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ മാത്രമേ ബാറ്ററി ലൈഫ് അറിയാനാവൂ എന്നതാണ് സത്യം. അതുകൊണ്ട് ഈ വിവരണം തീരെ ശ്രദ്ധിക്കണ്ട!

സൂപ്പർ ഗാർഡിയൻ ഓൺ സ്റ്റെറോയിഡ്‌സ് പോലെയുള്ള സോഫ്റ്റ്‌വെയറുകൾ

വെറുതെ കിട്ടുന്നതിനെല്ലാം എന്തെങ്കിലുമൊക്കെ പ്രശ്‌നം കാണുമെന്ന് പറഞ്ഞ പോലെയാണ് ചില സോഫ്റ്റ്‌വെയറുകൾ. ഫ്രീവൈറസ് സ്‌കാനർ, ഫ്രീ യൂട്ടിലിറ്റീസ്, ഫ്രീ പ്രോഗ്രാമുകൾ എല്ലാം യഥാർഥത്തിൽ ജങ്ക് ആണ്. ഡെവലപ്പർമാരുമായുള്ള കരാറുകൾ കാരണം ലാപ്‌ടോപ് കമ്പനികൾ ഇവയെല്ലാം ആദ്യമേ ലോഡ് ചെയ്തു വയ്ക്കുന്നു. ഇവകൊണ്ട് ഉപകാരം ഇല്ലെന്നു മാത്രമല്ല, മിക്ക സമയത്തും തലവേദന സൃഷ്ടിക്കാറുമുണ്ട്. ഈയടുത്ത് പ്രീ ലോഡ് ചെയ്ത് വിപണിയിൽ ഇറക്കിയ ഒരു പ്രോഗ്രാം അൺഇൻസ്റ്റോൾ ചെയ്യാൻ ലെനോവോ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇവയിലൂടെ വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ചോർത്തുന്നതടക്കം പല പ്രശ്‌നങ്ങളും വരാം.

Loading...