ന്യൂഡല്‍ഹി:അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാനും അവയുടെ നിയന്ത്രണാധികാരം കൈമാറാനും കേന്ദ്രമന്ത്രിസഭ ബുധനാഴ്ച തീരുമാനിച്ചു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി.പി.സി.എല്‍.), ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ടെറി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഇന്ത്യാ ലിമിറ്റഡ് എന്നിവയിലുള്ള ഓഹരികളാണ് വില്‍ക്കുന്നത്.

അതേസമയം, മറ്റു ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണം നിലനിര്‍ത്തിക്കൊണ്ട് അവയിലെ സര്‍ക്കാര്‍ ഓഹരിപങ്കാളിത്തം കുറയ്ക്കും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെകീഴില്‍ അസമിലുള്ള നുമാലിഗര്‍ റിഫൈനറി ലിമിറ്റഡ് ഒഴികെ മറ്റുള്ളവയുടെ 53.29 ശതമാനം ഓഹരികള്‍ മാനേജ്മെന്റ് നിയന്ത്രണത്തോടെ വില്‍ക്കാനാണ് തീരുമാനം. നുമാലിഗര്‍ പ്രത്യേക സ്ഥാപനമായി തുടരും. പിന്നീടത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കൈമാറും.

37 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതും 15,000-ത്തിലധികം റീട്ടെയില്‍ പമ്പുകള്‍ ഉള്ളതുമായ ബി.പി.സി.എല്‍. കഴിഞ്ഞവര്‍ഷം 7,132 കോടി രൂപയുടെ ലാഭമുണ്ടാക്കിയിരുന്നു. ഷിപ്പിങ് കോര്‍പ്പറേഷനില്‍ സര്‍ക്കാരിനുള്ള 63.75 ശതമാനം ഓഹരികളില്‍ 53.75-ഉം വില്‍ക്കും. ഇതോടെ കമ്പനിയുടെ നിയന്ത്രണാധികാരവും സര്‍ക്കാരിനു നഷ്ടമാകും.

കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്റെ 30.9 ശതമാനം ഓഹരികളും നിയന്ത്രണാധികാരവുമാണ് കൈമാറുന്നത്. ടെറി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ 74.23 ഓഹരികള്‍ എന്‍.ടി.പി.സി.ക്കാണ് കൈമാറുക. നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്റെ 100 ശതമാനം ഓഹരികളും എന്‍.ടി.പി.സി.ക്ക് നല്‍കും.

ബി.പി.സി.എല്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുന്നതിനെതിരേ കഴിഞ്ഞദിവസം കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.

ന്യൂഡല്‍ഹി: ടെലികോം കമ്പനികളില്‍നിന്ന് സ്‌പെക്ട്രം കുടിശ്ശിക ഈടാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ രണ്ടു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന കമ്പനികള്‍ക്ക് ഇത് ആശ്വാസമാകും. കുടിശ്ശിക അടയ്ക്കാനുള്ള അവധി 2020-21, 2021-22 വര്‍ഷത്തേക്ക് മാറ്റിയതോടെ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ക്ക് 42000 കോടി രൂപയുടെ ആശ്വാസം ലഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Loading...