Subscribe to MalayalamNewspress:

കുട്ടികളുടെയും ക്രിമിനലുകളുടേയും കയ്യില്‍ കഞ്ചാവ് എത്താതിരിക്കാന്‍ കാനഡയില്‍ കഞ്ചാവ് നിയമവിധേയമാക്കുന്നു. വ്യക്തിയുടെ അവകാശങ്ങളെ പരമാവധി മാനിക്കുന്ന കാനഡയില്‍, മദ്യപാനത്തിനും പുകവലിക്കും മറ്റുമുള്ള സ്വാതന്ത്ര്യം വകവച്ചുകൊടുത്തിട്ടുള്ളതാണ്. ലോകം മുഴുവന്‍ മയക്ക് മരുന്നതിന്റെ ദുരുപയോഗത്തെ ആശങ്കയോടെയാണ് കാണുന്നത്. അതിനെ നിയന്ത്രിക്കാനുള്ള ഉപാധികള്‍ എല്ലാവിധത്തിലും കൊണ്ടുപിടിച്ച് നടക്കുന്നു. പുതിയ തീരുമാനത്തിലൂടെ കാനഡ ലക്ഷ്യമിടുന്നതെന്താണ്? സര്‍ക്കാര്‍ തീരുമാനം ആരോഗ്യ രംഗത്തെയും യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗത്തെയും എങ്ങനെ ബാധിക്കും? മലയാളം ന്യൂസ് പ്രസ്സിൽ ജെയ്ഷ ടി.കെ എഴുതുന്നു.

കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നിയമവിധേയമാക്കുന്ന ആദ്യ G7 രാഷ്ട്രമാവുകയാണ് കാനഡ. രാജ്യത്തെ ചരിത്രപരമായ മാറ്റത്തിനായി അഭിപ്രായങ്ങളും അഭിപ്രായ വ്യത്യസങ്ങളും ചര്‍ച്ച ചെയ്ത് കൃത്യമായ പദ്ധതി തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ നിയമ നിര്‍മ്മാതാക്കള്‍. പദ്ധതി പ്രകാരം ഈ വര്‍ഷം ആഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ മുതല്‍ കഞ്ചാവ് രാജ്യത്തെല്ലായിടത്തും നിയമവിധേയമായി ലഭിക്കും.

Loading...

എന്നാല്‍ ഇത് രാജ്യത്തെ കുറ്റകൃത്യങ്ങളെയും ആരോഗ്യ രംഗത്തെയും യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗത്തെയും എങ്ങനെയെല്ലാം ബാധിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതുകൊണ്ടു തന്നെയാണ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ കാനഡയിലേക്കെത്തുന്നതും ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതും.

വ്യക്തികളുടെ അവകാശങ്ങള്‍ക്ക് പരമാവധി വിലകല്‍പ്പിക്കുന്ന രാജ്യമാണ് കാനഡ. ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള കഞ്ചാവ് ഉപയോഗം നിയമവിധേയമായ രാജ്യത്ത് കഞ്ചാവ് വില്‍പ്പന നിയമവിധേയമാക്കുമെന്ന പ്രഖ്യാപനമുണ്ടായത് 2016ലായിരുന്നു. പ്രധാനമന്ത്രി ജെസ്റ്റിന്‍ ട്രൂഡോ തന്നെയായിരുന്നു പദ്ധതിയുടെ മുഖ്യ ആസൂത്രകന്‍. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കഞ്ചാവിന്റെ ഉപയോഗവും വില്‍പ്പനയും നിയമവിധേയമാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ലിബറല്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നതാണ്.

കുട്ടികളുടെയും ക്രിമിനലുകളുടെയും കയ്യില്‍ കഞ്ചാവ് എത്താതിരിക്കാനാണ് തങ്ങളുടെ നടപടിയെന്നായിരുന്നു പുതിയ പ്രഖ്യാപനത്തോടൊപ്പം കാനഡ സര്‍ക്കാര്‍ വ്യക്തമാക്കിയത്. കഞ്ചാവ് നിയന്ത്രണ വിധേയമാക്കും, അതിന്റെ ഉപയോഗം നിയന്ത്രിക്കും, കഞ്ചാവ് കച്ചവടത്തിലെ ലാഭം അനര്‍ഹരുടെ കയ്യില്‍ എത്താതെ സൂക്ഷിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രഖ്യാപനത്തോടൊപ്പമുണ്ടായിരുന്നു. കഞ്ചാവിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള ക്രിമിനല്‍ നിയമങ്ങളെ മാറ്റിയെഴുതുമെന്നും നിയമം ദുരൂപയോഗം ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമായിരുന്നു ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ എത്തിയത്.

എന്നാല്‍ പ്രഖ്യാപനം മുതല്‍ തന്നെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. നിയമ മാറ്റം കഞ്ചാവിന്റെ ഉപയോഗം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമാകുമെന്നും, രാജ്യത്തെ യുവാക്കളോട് ചെയ്യുന്ന വലിയ തെറ്റായിരിക്കുമിതെന്നും, പാശ്ചാത്യ ലോകത്തെ പ്രധാന രാഷ്ട്രമായ കാനഡ തീരുമാനം പുനഃപരിശോധിക്കണമെന്നും വാദങ്ങളുയര്‍ന്നു. പക്ഷെ സര്‍ക്കാര്‍ തങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയില്ല. എന്നാല്‍ കാനഡയിലെ തന്നെ വലിയൊരു വിഭാഗം സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

കാനഡയിലെ മുതിര്‍ന്ന ജനങ്ങളില്‍ 44 ശതമാനം പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും കഞ്ചാവ് ഉപയോഗിച്ചിട്ടുള്ളവരാണെന്നാണ് കണക്കുകള്‍ പറയുന്നത്. അടുത്തിടെ ഒരു അന്താരാഷ്ട്രമാധ്യമം കാനഡയിലെ ജനങ്ങള്‍ക്കിടയില്‍ ഒരു സര്‍വെ നടത്തിയിരുന്നു. കഞ്ചാവ് നിയമവിധേയമാക്കുന്നതായിരുന്നു വിഷയം. ഇതില്‍ പങ്കെടുത്ത 47 ശതമാനം ആളുകളും കഞ്ചാവ് പതിവായി ഉപയോഗിക്കുന്നവരായിരുന്നു. 69 ശതമാനം ആളുകള്‍ ചില സമയങ്ങളില്‍ മാത്രം ഉപയോഗിക്കുന്നവരും.

അതുമാത്രമല്ല തങ്ങള്‍ക്കിനി നിയമവിധേയമായ കച്ചവടക്കാരുടെ കയ്യില്‍ നിന്നും കഞ്ചാവ് വാങ്ങി ഉപയോഗിക്കാമല്ലോ എന്നായിരുന്നു സര്‍വെയില്‍ പങ്കെടുത്ത 63 ശതമാനം ആളുകള്‍ പറഞ്ഞത്. കഞ്ചാവ് വില്‍പ്പന നിയമവിധേയമാക്കുന്നതോടെ അടുത്ത വര്‍ഷം 4.34 ബില്ല്യണ്‍ ഡോളറിന്റെ കച്ചവടം രാജ്യത്ത് നടക്കുമെന്നും സര്‍വെ റിപ്പോര്‍ട്ട് പറയുന്നു.

കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുന്ന ആദ്യ രാജ്യമല്ല കാനഡ. ഉറുഗ്വേ, സ്‌പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കഞ്ചാവുപയോഗം ഇതിനകം തന്നെ നിയമവിധേയമാണ്. മയക്കുമരുന്ന് കള്ളക്കടത്ത് തടയുകമാത്രമല്ല, കച്ചവടം നിയമവിധേയമാക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനവും ഇത്തരം തീരുമാനങ്ങളിലേക്ക് സര്‍ക്കാരുകളെ നയിക്കുന്നു. നിയമവിധേയമായി കച്ചവടം ചെയ്താല്‍ ഇടനിലക്കാരെയും കള്ളക്കടത്തുകാരെയും ഒഴിവാക്കി കടകളിലൂടെ തന്നെ കഞ്ചാവ് വിറ്റഴിക്കാന്‍ സാധിക്കും. ഇതുവഴി വര്‍ഷം തോറും കോടിക്കണക്കിന് രൂപ നികുതിവരുമാനവുമുണ്ടാക്കാം. മാത്രമല്ല ഓരോ വര്‍ഷവും കോടികളാണ് സര്‍ക്കാര്‍ അനധികൃതമായ ലഹരിവസ്തുക്കളുടെ വില്‍പ്പന നിയന്ത്രിക്കുന്നതിനും മറ്റ് നിയമ സംവിധാനങ്ങള്‍ക്കുമായി ചെലവാക്കുന്നത്.

വില്‍പ്പനയും ഉപയോഗവും നിയമവിധേയമാക്കുന്നതുവഴി ഈ ചെലവുകള്‍ കുറയ്ക്കാമെന്നും സര്‍ക്കാരുകള്‍ കണക്കുകൂട്ടുന്നു. എന്നാല്‍ നിയമവിധേയമാക്കുന്നതു കൊണ്ട് അനധികൃതമായ വില്‍പ്പനയും കള്ളക്കടത്തും പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കുമോയെന്നത് അപ്പോഴും ചോദ്യമാണ്. മാത്രമല്ല ഇവ എളുപ്പത്തില്‍ ലഭിക്കുന്നത് കൂടുതല്‍ പേരെ മയക്കുമരുന്നുപയോഗത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യാം. ഒരു ജനതയുടെ തന്നെ ആരോഗ്യത്തെയും ശീലത്തെയും ദോഷകരമായി ബാധിക്കാം. അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ തീരുമാനം രജ്യത്തെ ജനങ്ങളോട് ചെയ്യുന്ന വലിയ തെറ്റാണെന്ന വിമര്‍ശനങ്ങളുമുണ്ടായത്.

അതെസമയം, വിമര്‍ശനങ്ങള്‍ക്കൊക്കെ മറുപടിയായി നിയമമാറ്റത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത് യുഎസിലെ കൊളറാഡോ സംസ്ഥാനത്തെയാണ്. 2012ലായിരുന്നു മുതിര്‍ന്ന പൗരന്മാര്‍ കടയില്‍ നിന്നും കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നത് ഇവിടെ നിയവവിധേയമാക്കിയത്. എന്നാല്‍ ലഭ്യത കൂടിയെങ്കിലും ഇവിടെ ഉപയോഗം കൂടിയെന്ന് രേഖകളില്ല. മാത്രമല്ല കഞ്ചാവ് കച്ചവടം നിയമപരമായ കൊളറാഡോ സംസ്ഥാനത്തെ യുവാക്കളുടെ ഇടയിലെ കഞ്ചാവുപയോഗം അമേരിക്കയിലെ മൊത്തം ശരാശരിയേക്കാള്‍ താഴെയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്തായാലും കാനഡയില്‍ കഞ്ചാവ് നിയമവിധേയമാകുന്നതോടെ ബോര്‍ഡര്‍ സെക്യൂരിറ്റി കര്‍ശനമാക്കാന്‍ യുഎസ് ഉള്‍പ്പടെയുള്ള അയല്‍ രാജ്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ചെറിയ അളവിലെങ്കിലും കാനഡയില്‍ നിന്ന് ലഹരിവസ്തുക്കള്‍ തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുവരുന്നത് തടയാനാണ് ഇത്.

രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കുന്നുണ്ടെങ്കിലും തങ്ങളുടെ മുഖ്യപരിഗണന ജനങ്ങളുടെ ആരോഗ്യത്തിനു തന്നെയായിരിക്കുമെന്നാണ് കാനഡ അധികൃതര്‍ പറയുന്നത്. ഇതിന്റെ വില്‍പ്പനയ്ക്കും ഉപയോഗവും കര്‍ശന നിയന്ത്രണത്തോടെയായിരിക്കുമെന്നും ഗവണ്‍മെന്റ് അംഗീകൃത സ്‌റ്റോറുകളിലൂടെ മാത്രമെ ഇവ വില്‍ക്കാന്‍ സാധിക്കൂവെന്നും ഇവര്‍ പറയുന്നുണ്ട്.

By: ജെയ്ഷ ടി.കെ

Subscribe to MalayalamNewspress: