തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് അന്വേഷണം പരീക്ഷാ തിരിമറിയിലേക്ക് വികസിപ്പിച്ച ‘കുറ്റം’ ചുമത്തി എസ്.ഐ.യെ പ്രധാന തസ്തികയിൽ നിന്നും മാറ്റി . കന്റോൺമെന്റ് സ്റ്റേഷനിലെ ക്രമസമാധാന ചുമതലയിലുള്ള എസ്.ഐ. ആർ. ബിനുവിനെയാണ് അപ്രധാന തസ്തികയിലേക്ക് മാറ്റിയത് .

കൻറോൺമെന്റ് പോലീസ് ഒളിവിലുള്ള ശിവരഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയാണ് കേസിന്റെ വഴിതിരിച്ചത്. പ്രതിക്കുവേണ്ടി ഇറങ്ങിയ പോലീസ് വീട്ടിൽ ഒളിപ്പിച്ചിരുന്ന സർവകലാശാലാ ഉത്തരക്കടലാസും ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലുമായാണു തിരിച്ചെത്തിയത്. പരിശോധനാ വിവരം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

പ്രതികളുടെ അറസ്റ്റിലൂടെ തീരേണ്ട കേസ് നിയമനത്തട്ടിപ്പിലേക്കും വ്യാജരേഖ ചമച്ചതിലേക്കുമൊക്കെ നീണ്ടു. യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ. നേതൃത്വത്തിനെതിരേ ഉയർന്ന കലാപം പ്രതികളുടെ അറസ്റ്റിലൂടെ തണുപ്പിക്കാനാണ് പോലീസിനു നിർദേശം നൽകിയിരുന്നത്. ഇതിൽനിന്നു വ്യതിചലിച്ച് +പുതിയ കേസുണ്ടാക്കിയത് ഭരണനേതൃത്വത്തെ ചൊടിപ്പിച്ചു.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം പാർട്ടിക്കു ക്ഷീണമില്ലാത്ത വിധത്തിൽ ഒതുക്കിത്തീർക്കാനായിരുന്നു ശ്രമം. ഇതിന്റെ ഭാഗമായാണ്, കേസിൽപ്പെട്ട നേതാക്കളെ പാർട്ടിയിൽനിന്നു പുറത്താക്കി കോളേജ് യൂണിറ്റ് പിരിച്ചുവിട്ടത്. സി.പി.എം. നേതാക്കൾ കേസിലെ പ്രതികളെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു.

എന്നാൽ, പോലീസ് അന്വേഷണം ഉത്തരക്കടലാസ് കണ്ടെടുക്കുന്നതിലേക്ക് എത്തിയതോടെ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ശിവരഞ്ജിത്തിന്റെ ഒന്നാംറാങ്ക് ഉൾപ്പെടെ സംശയത്തിന്റെ നിഴലിലായി. പി.എസ്.സി.ക്കെതിരേയും ആരോപണമുയർന്നു. പുറമേ പരിശോധനാവിവരം മാധ്യമങ്ങളെ അറിയിച്ചത് സി.പി.എം. നേതാക്കളെ ചൊടിപ്പിച്ചിരുന്നു.

സി.പി.എം. അനുഭാവികളാണ് പ്രതികളുടെ വീട്ടുകാർ. ഈ അപ്രീതിയാണ് മാറ്റത്തിനു കാരണമെന്നു പറയുന്നു. എന്നാൽ, നടപടിക്രമങ്ങളിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം. സ്‌റ്റേഷൻ ഓഫീസർ സർക്കിൾ ഇൻസ്‌പെക്ടറാണ്. എസ്.ഐ.മാർക്കെല്ലാം തുല്യ ചുമതലയാണുള്ളതെന്നും പോലീസ് അവകാശപ്പെടുന്നു

Loading...