ശമ്പളദിവസങ്ങള്‍ കഴിഞ്ഞതോടെ ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും നല്‍കുന്ന കറന്‍സി വിഹിതത്തില്‍ റിസര്‍വ്‌ ബാങ്ക്‌ വന്‍കുറവു വരുത്തി. ഇതോടെ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി സംസ്‌ഥാനത്തിന്റെ പലഭാഗത്തും ക്രമസമാധാനപ്രശ്‌നമായി വളര്‍ന്നു.ആവശ്യത്തിനു നോട്ട്‌ കിട്ടാത്ത ബാങ്ക്‌ ശാഖകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്‌ഥിതിയിലാണ്‌ അധികൃതര്‍. കറന്‍സി പിന്‍വലിച്ച്‌ 35 ദിവസമായിട്ടും പ്രതിസന്ധിക്കു പരിഹാരമാകാത്തതു ജനങ്ങളെ രോഷാകുലരാക്കി. ഇതോടെ ഭീതിയിലായ ബാങ്ക്‌ ജീവനക്കാര്‍ സുരക്ഷ തേടി ഇന്ന്‌ ആര്‍.ബി.ഐക്കു മുന്നില്‍ ധര്‍ണ നടത്തും.

ഇന്നലെ ട്രഷറി ഇടപാടുകള്‍ക്കായി 66.27 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത്‌ 53.87 കോടിയാണ്‌. ശമ്പളദിവസം കഴിഞ്ഞ്‌ മൂന്നുദിവസം അടുപ്പിച്ചുള്ള അവധിക്കുശേഷം കഴിഞ്ഞദിവസം ബാങ്കുകള്‍ തുറന്നെങ്കിലും ഒരിടത്തും ആവശ്യത്തിനു കറന്‍സി എത്തിക്കാന്‍ ആര്‍.ബി.ഐക്കു കഴിഞ്ഞില്ല. ശമ്പള-പെന്‍ഷന്‍ വിതരണം കഴിഞ്ഞ പശ്‌ചാത്തലത്തിലായിരുന്നു നിയന്ത്രണം. എന്നാല്‍ ബാങ്കുകളിലും ട്രഷറികളിലും തിരക്കിനു കുറവുണ്ടായതുമില്ല. ശമ്പളവും പെന്‍ഷനും പൂര്‍ണമായി എടുക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം 24,000 രൂപയാണ്‌ ആദ്യയാഴ്‌ച ലഭിച്ചത്‌. അടുത്ത ആഴ്‌ചയായതോടെ ജീവനക്കാര്‍ ശമ്പളത്തിനായി വീണ്ടും ബാങ്കുകളിലെത്തി. ഒപ്പം മറ്റിടപാടുകാരും. കഴിഞ്ഞയാഴ്‌ച കൂടുതലും ശമ്പള ഇടപാടുകളായിരുന്നു. വീണ്ടും അതിലേക്കുതന്നെ പോകേണ്ടിവരുന്നത്‌ മറ്റിടപാടുകാരുടെ കടുത്ത പ്രതിഷേധത്തിനു വഴിവച്ചു. ആവശ്യക്കാര്‍ക്ക്‌ 24,000 രൂപവീതം പോലും നല്‍കാന്‍ കഴിയാത്ത സ്‌ഥിതിയിലാണു ബാങ്കുകള്‍.

കറന്‍സി നിരോധിച്ച്‌ ഒരുമാസവും ഒരാഴ്‌ചയും കഴിഞ്ഞിട്ടും പ്രതിസന്ധിക്ക്‌ അയവില്ല. ഗ്രാമീണമേഖലയില്‍ പ്രതിസന്ധി ദിനംപ്രതി വര്‍ധിക്കുന്നു. സഹകരണബാങ്കുകളും പ്രതിസന്ധിയിലായതോടെ ജനം പണം പിന്‍വലിക്കാന്‍ കഴിയാതെ അക്രമോത്സുകരാവുകയാണ്‌. സംസ്‌ഥാനത്തെ 70 ശതമാനത്തിലേറെ എ.ടി.എമ്മുകള്‍ 35 ദിവസമായി പൂട്ടിയിട്ടിരിക്കുകയാണ്‌. സര്‍ക്കാര്‍ മേഖലയില്‍ ശമ്പളത്തിന്റെ ആദ്യഗഡുവെങ്കിലും നല്‍കാന്‍ കഴിഞ്ഞെങ്കിലും സ്വകാര്യമേഖലയില്‍ ഇനിയും ശമ്പളവിതരണം എങ്ങുമെത്തിയിട്ടില്ല.

പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇപ്പോഴും ട്രഷറികളില്‍ ആളുകള്‍ എത്തുന്നുണ്ട്‌. ഇന്നലെ ട്രഷറി ഇടപാടുകള്‍ക്കായി 66.27 കോടി ആവശ്യപ്പെട്ടിട്ട്‌ നല്‍കിയത്‌ 53.87 കോടിയാണ്‌. തിരുവനന്തപുരം കിളിമാനൂര്‍ സബ്‌ട്രഷറിയിലേക്ക്‌ 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു പൈസപോലൂം നല്‍കാന്‍ ബാങ്കുകള്‍ തയാറായില്ല. പെന്‍ഷന്‍-ശമ്പളവിതരണത്തിന്റെ ആദ്യ ആഴ്‌ച കഴിഞ്ഞെങ്കിലും ഇന്നലെയും ട്രഷറികളില്‍ നിന്ന്‌ 17,093 പേര്‍ പെന്‍ഷന്‍ പിന്‍വലിച്ചിട്ടുണ്ട്‌. ഇതിന്‌ മാത്രം 38.48 കോടി ചെലവായി. 5555 പേര്‍ ശമ്പളയിനത്തില്‍ 18.8 കോടിയും പിന്‍വലിച്ചു. മറ്റുവിഭാഗങ്ങളില്‍ 2065 ഇടപാടുകളാണ്‌ ഇന്നലെ സംസ്‌ഥാനത്തിന്റെ വിവിധ ട്രഷറികളില്‍ നടന്നത്‌.

വേണ്ടത്ര കറന്‍സി ലഭിക്കുന്നില്ലെന്ന്‌ മാത്രമല്ല, മൂല്യം കുറഞ്ഞ 500,100, 50, 20 നോട്ടുകള്‍ ഒട്ടും കിട്ടാത്ത സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌. ആകെ നല്‍കുന്ന നോട്ടുകളില്‍ 70 ശതമാനവും രണ്ടായിരത്തിന്റേതാണ്‌. സഹകരണബാങ്കുകളിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ബാങ്ക്‌ ജീവനക്കാരുടെ സംഘടന ഇന്നലെ ജില്ലാ ബാങ്കുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തി.

ബാങ്ക്‌ ശാഖകളില്‍ ആവശ്യത്തിന്‌ കറന്‍സി എത്തിക്കുക, വേണ്ടത്ര 500, 100, 50, 20 നോട്ടുകള്‍ ലഭ്യമാക്കുക, ആവശ്യപ്പെടുന്ന കറന്‍സി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശാഖകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാനുള്ള അനുമതി നല്‍കുക. എല്ലാ എ.ടി.എമ്മുകളും പൂര്‍ണമായും പ്രവര്‍ത്തനസജ്‌ജമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബാങ്ക്‌ ജീവനക്കാരുടെ സംഘടന ഇന്ന്‌ ആര്‍.ബി.ഐ. ശാഖകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും.

Loading...