സുപ്രീംകോടതി ഉത്തരവിലൂടെ കഴിഞ്ഞദിവസം സിബിഐ ഡയറക്ടറായി തിരിച്ചെത്തിയ അലോക് വർമയെ പുറത്താക്കി. ഡയറക്ടറെ സംബന്ധിച്ചു തീരുമാനമെടുക്കാൻ അധികാരമുള്ള ഉന്നത സമിതിയുടേതാണു തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയുടെ യോഗം രണ്ടു മണിക്കൂർ നീണ്ടു. ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് മല്ലികാർജുൻ ഖർഗെയും ചീഫ് ജസ്റ്റിസിനു പകരക്കാരനായി സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജി എ.കെ.സിക്രിയുമാണ് യോഗത്തിൽ പങ്കെടുത്തത്. മല്ലികാര്‍ജുന്‍ ഖെര്‍ഗെയുടെ വിയോജിപ്പും തള്ളിയായിരുന്നു സെലക്ഷന്‍ സമിതിയുടെ തീരുമാനം.

നേരത്തെസി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ മുന്‍ ഡയറക്ടര്‍ നാഗേശ്വരറാവു നടത്തിയ എല്ലാ സ്ഥലം മാറ്റ ഉത്തരവുകളും അലോക് വര്‍മ റദ്ദാക്കി. അലോക് വര്‍മയ്‌ക്കെതിരായ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കവെയാണ് വര്‍മ ഉത്തരവ് പുറത്തിറക്കുന്നത്. കൂടാതെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി. ജോയിന്റ് ഡയറക്ടര്‍ അജയ് ഭട്‌നാഗര്‍, ഡി.ഐ.ജി എം.കെ സിന്‍ഹ, ഡി.ഐ.ജി തരുണ്‍ ഗൗബ, ജോയിന്റ് ഡയറക്ടര്‍ മുരുഗേശന്‍, അഡീഷണല്‍ ഡയറക്ടര്‍ എ.കെ ശര്‍മ്മ എന്നിവരെയാണ് സ്ഥലം മാറ്റിയിട്ടുള്ളത്.

അതേസമയം സി.ബി.ഐ ആസ്ഥാനത്ത് തുടരാമെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍വ്വീസില്‍ തിരിച്ചെത്തിയ അലോക് വര്‍മ്മ ചില നിര്‍ണ്ണയാക തീരുമാനങ്ങള്‍ എടുത്തുകൊണ്ടായിരുന്നു രംഗത്തെത്തിയത്. ആദ്യനടപടി രാകേഷ് അസ്താനക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുകയായിരുന്നു. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു നടത്തിയ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കികൊണ്ടായിരുന്നു അലോക് വര്‍മ്മയുടെ ഈ നടപടി.

പാതിരാത്രി ഇറക്കിയ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. രണ്ട് വര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കെയാണ് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയത്. നയപരമായ കാര്യങ്ങളില്‍ അലോക് വര്‍മ്മ തീരുമാനമെടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം അലോക് വര്‍മ്മയെ തിരിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നിരുന്നു. ഇന്ന് വൈകുന്നേരം വീണ്ടും യോഗം ചേരുന്നുണ്ട്. സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താന എന്നിവര്‍ തമ്മിലുള്ള തര്‍ക്കമാണ് ഇരുവരെയും ചുമതലകളില്‍ നിന്ന് നീക്കിയതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ സി.ബി.ഐ ഡയറക്ടറെ മാറ്റിയത് റഫാല്‍ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ പ്രാധാന്യവും നേടുകയായിരുന്നു.

എന്നാല്‍ ചുമതലകളില്‍ നിന്നും നീക്കിയ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വര്‍മ്മ കോടതിയെ സമീപിച്ചത്. അതിനിടെ അലോക് വര്‍മ്മയ്‌ക്കെതിരെ രാകേഷ് അസ്താന നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സി.വി.സി അടുത്തിടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അലോക് വര്‍മ്മക്ക് ക്ലീന്‍ ചിറ്റ് നല്‍കാതെയുളള റിപ്പോര്‍ട്ടായിരുന്നു സി.വി.സി സമര്‍പ്പിച്ചത്.

Loading...