പാകിസ്താനെയും അതുവഴി ചൈനയെയും മറിച്ചിട്ട് വന്‍ കുതിപ്പിന് ഇന്ത്യ ഒരുങ്ങുന്നു.  ചാബഹാര്‍ തുറമുഖമാണ് ഇന്ത്യയുടെ ഈ തുടക്കത്തിനു കാരണമാകുന്നത്. ഗള്‍ഫ്, യൂറോപ്യന്‍ വിപണിയിലേക്ക് നോട്ടമിട്ട് ഇന്ത്യ ഇറാനില്‍ നിര്‍മിച്ച ചാബഹാര്‍ തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം നടക്കുകയാണ്.

പാകിസ്താനെയും അതുവഴി ചൈനയെയും മറിച്ചിട്ട് വന്‍ കുതിപ്പിന് ഇന്ത്യക്ക് ശേഷിയൊരുക്കുന്നതാണ് ഈ തുറമുഖം. ഇന്ത്യയുടെ നീക്കം ചൈനയും പാകിസ്താനും സംശയത്തോടെയാണ് നോക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക കുതുപ്പിന് നിര്‍ണായകമാകും ഈ തുറമുഖം എന്ന കാര്യത്തില്‍ ശത്രുരാജ്യങ്ങള്‍ക്ക് പോലും സംശയമില്ല. മാത്രല്ല, ഇന്ത്യ ഗള്‍ഫ് വിപണി പൂര്‍ണമായും കീഴടക്കുമോ എന്ന ആശങ്കയും ചൈനയ്ക്കുണ്ട്. ഈ സാഹചര്യത്തില്‍ നാം അറിഞ്ഞിരിക്കണം എന്താണ് ചാബഹാര്‍ തുറമുഖം, എവിടെയാണിത്, എന്താണ് ഇന്ത്യയ്ക്കുണ്ടാകുന്ന നേട്ടങ്ങള്‍ എന്നിവ.

ഇറാനില്‍ ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്ന തുറമുഖമാണ് ചാബഹാര്‍. ഇറാന്‍, ഇന്ത്യ, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ കൈകോര്‍ത്താണ് ഇത് നിര്‍മിക്കുന്നത്. തുറമുഖത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ഞായറാഴ്ച നടക്കുകയാണ്.പാകിസ്താന്‍ മുന്നിലുള്ളപ്പോള്‍ ഇന്ത്യയ്ക്ക് വിദേശത്തേക്ക് കടല്‍മാര്‍ഗം ചരക്കുകടത്തുന്നത് ഒരു തടസമായിരുന്നു. ഈ സമയമാണ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ചൈന പാകിസ്താനെ കൂട്ടുപിടിച്ച് പുതിയ തുറമുഖം ഗ്വാദറില്‍ നിര്‍മിക്കാന്‍ ഒരുങ്ങിയത്. അതിനുള്ള മറുപടി കൂടിയാണ് ഇറാനെ കൂട്ടുപിടിച്ച് ഇന്ത്യ ഒരുക്കിയ ചാബഹാര്‍ തുറമുഖം.

ഇറാന്റെ തെക്കുകിഴക്കുള്ള സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ചാബഹാര്‍ തുറമുഖം. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയാണ് ഉദ്ഘാടകന്‍. ഇന്ത്യയുടെയും അഫ്ഗാനിന്റെയും പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. മേഖലയിലെ മറ്റു പ്രമുഖ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.ഷാഹിദ് ബിഹിഷ്തി തുറമുഖം എന്നാണ് ചാബഹാര്‍ തുറമുഖത്തിന്റെ ആദ്യഘട്ടത്തിന് പേരിട്ടിരിക്കുന്നത്. ഈ ഭാഗത്തിന്റെ പ്രവര്‍ത്തന ചുമതല ഇന്ത്യന്‍ ഭരണകൂടം ഏറ്റെടുക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാംഘട്ടത്തിന്റെ പണി പൂര്‍ത്തിയാകുംവരെ ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ മേല്‍നോട്ടത്തിലാകണമെന്നാണ് ഇറാന്റെ ആവശ്യം.

പാകിസ്താനിലൂടെ ഇന്ത്യ ചരക്കുകടത്തിന് അവസരം ചോദിച്ചിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. പിന്നീടാണ് ഇന്ത്യ ബദല്‍മാര്‍ഗം തേടിയത്. ഇറാനെ സമീപിക്കുകയും ചാബഹാര്‍ തുറമുഖം വികസിപ്പിക്കുന്ന കരാറില്‍ ഒപ്പുവയ്ക്കുകയുമായിരുന്നു. ചാബഹാര്‍ വഴി ഇന്ത്യ, ഇറാന്‍, അഫ്ഗാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ചരക്കുകയറ്റി അയക്കാന്‍ സാധിക്കുക.ഉദ്ഘാടനത്തിന് മുന്നോടിയായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫും തെഹ്‌റാനില്‍ ചര്‍ച്ച നടത്തി. തുറമുഖത്തിന്റെ പ്രവര്‍ത്തനവും ഭാവി പരിപാടികളും ഗള്‍ഫിലെ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഈ കൂടിക്കാഴ്ചയും പാകിസ്താന്‍ ആശങ്കയോടെയാണ് കാണുന്നത്. ഇറാനെ വരുതിയിലാക്കാന്‍ ചൈനയും പാകിസ്താനും ശ്രമിക്കുന്നുണ്ട്.

ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുകയാണെന്ന് സരീഫ് പറഞ്ഞു. മേഖലയുടെ വികസനത്തിന് തുറമുഖം കാരണമാകുമെന്നാണ് കരുതുന്നത്. ഇരുരാജ്യങ്ങള്‍ക്കും മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുമുള്ള വാതിലായിരിക്കും ഈ തുറമുഖം. ഒമാന്‍ കടലും ഇന്ത്യന്‍ ഉള്‍ക്കടലും വഴിയായിരിക്കും പുറംലോകത്തേക്കുള്ള വഴി.ഒരുമാസം മുമ്പ് ചാബഹാര്‍ തുറമുഖത്തേക്ക് ഇന്ത്യയുടെ ഗോതമ്പുമായി ചരക്കുകപ്പലുകള്‍ എത്തിയിരുന്നു. അഫ്ഗാനിലേക്കുള്ള ഗോതമ്പായിരുന്നു അവ. വന്‍ ആഘോഷമായിരുന്നു ഈ വേളയില്‍. ഇന്ത്യയില്‍ നിന്ന് കടല്‍മാര്‍ഗം ആദ്യമായിട്ടാണ് ഈ തുറമുഖത്ത് ചരക്കെത്തിയത്.

അഫ്ഗാനുമായി ഇന്ത്യയ്ക്ക് കൂടുതല്‍ ബന്ധമുണ്ടാകാനും ചാബഹാര്‍ തുറമുഖം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ തന്ത്രപ്രധാന രാജ്യമാണ് അഫ്ഗാന്‍. ഏഷ്യയുടെ മറ്റു മേഖലകളിലേക്കുള്ള പാത ഒരുക്കുന്നതിന് അഫ്ഗാന് നിര്‍ണായക പങ്കുണ്ട്.ചാബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയും ഇറാനും തമ്മില്‍ ധാരണയുണ്ടാക്കിയത്. അതിന് പുറമെ ഇന്ത്യ 50 കോടി ഡോളര്‍ വേറെയും മേഖലയുടെ വികസനത്തിന് വേണ്ടി നിക്ഷേപിക്കുന്നുണ്ട്. ഇന്ത്യ, ഇറാന്‍, അഫ്ഗാന്‍ എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ച് സാമ്പത്തിക ഇടനാഴിയുണ്ടാക്കുകയാണ് ഈ നിക്ഷേപത്തിന്റെ ലക്ഷ്യം.

Loading...