ചന്ദ്രയാൻ 2 വിക്ഷേപണത്തിനുള്ള 20 മണിക്കൂർ കൗണ്ട്ഡൗൺ ഇന്നു രാവിലെ 6.51 മുതൽ ആരംഭിച്ചു . ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യം നാളെ പുലർച്ചെ 2.51നാണ് ബഹിരാകാശത്തേക്കു കുതിക്കുക . രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉൾപ്പെടെയുള്ള പ്രമുഖർ വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കും. ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിക്ഷേപണ പരിശോധനയുടെ വിവിധ ഘട്ടങ്ങൾ ഇന്നലെ പൂർത്തിയായി. ‘ഫാറ്റ് ബോയ്’ എന്നു വിളിപ്പേരുള്ള വിക്ഷേപണ റോക്കറ്റ് ജിഎസ്എൽവി മാർക്ക് 3 സർവസജ്ജം. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഡയറക്ടർ എസ്. സോമനാഥിന്റെ നേതൃത്വത്തിലാണ് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിനു രൂപം നൽകിയത്. 4 ടൺ വരെ ഭാരം വഹിക്കാനുള്ള ശേഷിയാണ് ഇതിനുള്ളത്.

ഐഎസ്ആർഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണിതെന്നു യു.ആർ. റാവു സാറ്റലൈറ്റ് സെന്ററർ ഡയറക്ടറും മലയാളിയുമായ പി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഓർബിറ്ററും ലാൻഡറും റോവറും അടങ്ങുന്ന ചന്ദ്രയാൻ പേടകത്തിന്റെ നിർമാണത്തിനു നേതൃത്വം നൽകിയത് അദ്ദേഹമാണ്. പര്യവേക്ഷണത്തിനുള്ള 14 പേ ലോഡുകളുമായി ചന്ദ്രയാൻ 2 സെപ്റ്റംബർ 7നു പുലർച്ചെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങും.

ചന്ദ്രയാൻ 2ന്റെ അണിയറയിൽ പ്രവർത്തിച്ചവരിൽ മൂന്നിലൊന്നും സ്ത്രീകൾ. വെഹിക്കിൾ ഡയറക്ടർ എം. വനിത തമിഴ്നാട് സ്വദേശിയും മിഷൻ ഡയറക്ടർ ഋതു കൃതാൽ യുപി സ്വദേശിയുമാണ്. ജിഎസ്എൽവി മാർക്ക് 3ന്റെയും ചന്ദ്രയാൻ പേടകത്തിന്റെയും രൂപകൽപനയിൽ സഹായിച്ചവരിലും ഒട്ടേറെ വനിതകളുണ്ട്.

Loading...