ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി പി.സി.സി പ്രസിഡന്റ് കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ഭാഗേലിനെ തിരഞ്ഞെടുത്തു. ഞായറാഴ്ചയാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് നേതാവായി ഭാഗേലിനെ തിരഞ്ഞെടുത്തത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് 90 ല്‍ 68 സീറ്റ് നേടി അധികാരത്തിലെത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിലുണ്ടായ അഞ്ച് ദിവസത്തെ അനിശ്ചിതത്വം അവസാനിപ്പിച്ചാണ് ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന അജിത് ജോഗി പാര്‍ട്ടി വിട്ടുപോയതോടെ ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പരുങ്ങുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ജോഗിയ്ക്ക് ആധിപത്യമുണ്ടായിരുന്ന ആദിവാസി-പിന്നാക്ക മേഖലകളിലടക്കം മറ്റുനേതാക്കളെ രംഗത്തിറക്കി കോണ്‍ഗ്രസ് പ്രചരണം നടത്തിയതോടെ വിജയവും ഒപ്പംപോന്നു.

ഭൂപേഷ് ഭാഗേലിന് പുറമെ എം.പിയായ തമ്രദ്വാജ് സാഹു, പ്രതിപക്ഷ നേതാവ് ടി.എസ്. സിങ് ദിയോ, മുന്‍ കേന്ദ്രമന്ത്രി ചരണ്‍ദാസ് മഹാന്ത്, സത്യനാരായണ്‍ ശര്‍മ്മ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തോക്ക് ഉയര്‍ന്നിരുന്നു. പട്ടാന്‍ മണ്ഡലത്തില്‍നിന്നാണ് ഭാഗല്‍ ഇത്തവണ വീണ്ടും നിയമസഭയിലെത്തുന്നത്. സംസ്ഥാനത്ത് മിന്നുംജയത്തോടെ പാര്‍ട്ടിതിരിച്ചുവന്നതില്‍ ഭൂപേഷ് ഭാഗലിന്റെ പങ്ക് വളരെ വലുതാണ്. തിങ്കളാഴ്ച ഭൂപേഷ് ഭാഗേല്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും.

Loading...