കുട്ടികളെ ഉപയോഗിച്ച് ലൈംഗിക കച്ചവടം നടത്തുന്ന ഗ്രൂപ്പുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇടപാടുകള്‍ നടക്കുന്നതെന്നും ഗവേഷകന്‍ പറയുന്നു. എന്‍ഡ് ടു എന്‍ഡ് പൂട്ടിട്ട വാട്സാപ് ഗ്രൂപ്പുകളില്‍ ചൈല്‍ഡി പോണോഗ്രഫി അനിയന്ത്രിതമായി തുടരുന്നുവെന്നാണ് ഇദ്ദേഹം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഏതാനും ആഴ്ച മുന്‍പ് ‘ടെക് ക്രഞ്ച്’ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, ഇസ്രയേലില്‍ നിന്നുള്ള രണ്ട് എന്‍ജിഒകള്‍ വാട്സാപില്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ചിത്രങ്ങളും വിഡിയോയും (child sexual abuse material (CSAM), commercial sexual exploitation of children (CSEoC) ഉള്ള ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യാന്‍ സഹായിക്കുന്ന തേഡ് പാര്‍ട്ടി ആപ്പുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനു ശേഷം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അത്തരം അഞ്ച് ആപ്പുകളെങ്കിലും നീക്കം ചെയ്തായും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍, ഇതിലെ സത്യം കണ്ടുപിടിക്കാന്‍ ഇറങ്ങിത്തിരിച്ച ഇന്ത്യന്‍ ഗവേഷകന്‍ നിതീഷ് ചന്ദന്‍ (Nitish Chandan) കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നീക്കം ചെയ്തുവെന്നു പറഞ്ഞ ആപ്പുകളുടെ എപികെ ഫയലുകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോഴും ലഭ്യമാണെന്ന് അദ്ദേഹം പറയുന്നു. കൂടാതെ ഇത്തരം ആപ്പുകള്‍ നിലനിന്നു പോകുന്നത് ഗൂഗിളിന്റെയും ഫെയ്സ്ബുക്കിന്റെയും പരസ്യ നെറ്റ്വര്‍ക്കുകില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ്. ഗൂഗിളും ഫെയ്സ്ബുക്കുമോ വാട്സാപിന്റെ മോഡറേറ്റര്‍മാരോ ഇത്തരം ഗ്രൂപ്പുകളെ ഫ്‌ലാഗ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

നിതീഷ് അത്തരം ചില ആപ്പുകള്‍ പരീക്ഷണാര്‍ഥം ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു. അത്തരം ആപ്പുകളില്‍ ചൈല്‍ഡ് എന്നു ടൈപ്പു ചെയ്യുമ്പോള്‍ നൂറുകണക്കിനു വാട്സാപ് ഗ്രൂപ്പുകളാണ് താഴെ അണിനിരന്നതെന്ന് അദ്ദേഹം പറഞ്ഞു. (ഗ്രൂപ്പുകളുടെ പേരുകള്‍ ഇവിടെ നല്‍കുന്നില്ല.) നിതീഷ് പറയുന്നത് ഇത്തരം മിക്ക ഗ്രൂപ്പുകളിലും പരമാവധി അംഗങ്ങളുണ്ട്. ഇനി ആര്‍ക്കും ചേരാന്‍ വയ്യ. വിവരണങ്ങള്‍ മുഴുവന്‍ ലൈംഗികത നിറഞ്ഞ വാക്കുകളിലൂടെയാണ് നല്‍കിയിരിക്കുന്നത്. കുട്ടികളുടെ ചിത്രങ്ങളും ഉണ്ട്. കുട്ടികളുമായി 10 മിനിറ്റ് അശ്ലീല വിഡിയോ ചാറ്റ് നടത്തുന്നതിന് 500 രൂപയും ലൈംഗികമായി ബന്ധപ്പെടുന്നതിന് 5,000 രൂപയുമാണ് വാട്‌സാപ് ഗ്രൂപ് വഴിയുള്ള ഇടനിലക്കാര്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം വാട്സാപ് ഗ്രൂപ്പുകളില്‍ ആര്‍ക്കും അംഗത്വമെടുക്കാം. എന്നാല്‍ ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ഡാര്‍ക്വെബിലെ ഗ്രൂപ്പുകളില്‍ പോലും ആളുകളെ വ്യക്തമായി അറിഞ്ഞ ശേഷം മാത്രമായിരിക്കും അംഗങ്ങളാക്കുക. ഈ ഗ്രൂപ്പുകള്‍ അമേരിക്കന്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് ഹോസ്റ്റു ചെയ്തിരിക്കുന്നത്. എന്നാല്‍, വിവരണങ്ങള്‍ മുഴുവനും തന്നെ ഹിന്ദിയിലാണ്. അംഗങ്ങളില്‍ ഒരു നല്ല ശതമാനവും ഇന്ത്യക്കാരുമാണ്. അവരുടെ പ്രൊഫൈല്‍ ചിത്രങ്ങളും യഥാര്‍ഥമായിരിക്കാമെന്നാണ് നിതീഷ് പറയുന്നത്. ശരിക്കുള്ള പേരുകളുമാകാം ഉപയോഗിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്നു സംഘടിപ്പിച്ച വെര്‍ച്വല്‍ നമ്പറുപയോഗിച്ച് ഇന്ത്യന്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ചിരിക്കുകയാകാമെന്ന് അദ്ദഹം സംശയിക്കുന്നു. ഇത്തരം ഗ്രൂപ്പുകളില്‍ ഇന്ത്യക്കാരെ കൂടാതെ പാക്കിസ്ഥാന്‍കാരും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവരും അമേരിക്കക്കാരുമാണ് കൂടുതലായി ഉള്ളതെന്നും അദ്ദേഹം പറയുന്നു.

ഏറ്റവുമധികം ഇന്ത്യന്‍ അംഗങ്ങളുള്ള ഒരു ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തിലേക്കും നിതീഷ് എത്തി നോക്കി. വളരെ തുറന്ന രീതിയില്‍ കുട്ടികളുടെ ലൈംഗിക വിഡിയോ അയക്കാന്‍ ക്ഷണിക്കുകയും കാണാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് ഈ ഗ്രൂപ്പെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ‘ബച്ചോ കെ വിഡിയോ ദേഖോ’, എന്നെഴുതിക്കാണിക്കുക മാത്രമല്ല ക്ലിപ് കാണിക്കുയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു. കൂട്ടായ ഒരു നീക്കത്തിലൂടെ മാത്രമേ ഇത്തരം ഗ്രൂപ്പുകളെ നിയമത്തിനു കീഴെ കൊണ്ടുവരാനാകൂവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

ഇങ്ങനെ തുറന്ന പേരും വച്ചിരിക്കുന്ന ഗ്രൂപ്പുകള്‍ മാത്രമല്ല കുട്ടികളുടെ ലൈംഗികത വില്‍ക്കാനിരിക്കുന്നവര്‍, ഹാക്കര്‍ ഗ്രൂപ്പുകളാണെന്നു ഭാവിക്കുന്നവര്‍, കുട്ടികളുടെ ഗെയിമിങ് ഗ്രൂപ്പുകള്‍ എന്നു പറയുന്നവര്‍, മൊബൈല്‍ വാലറ്റ് ക്യാഷ്ബാക് ഗ്രൂപ് എന്നവകാശപ്പെടുന്നവര്‍ തുടങ്ങി മറ്റു പേരുകളില്‍ പതുങ്ങിയിരിക്കുന്നവരും ഇഷ്ടം പോലെയുണ്ടാകാമെന്നാണ് അദ്ദേഹം പറയുന്നത്. ഇതില്‍ പല ഗ്രൂപ്പുകളും അമേരിക്കയുടെ നിയമപരിധിയില്‍ വരുന്നവയാണെന്നാണ് ഭാവിക്കുന്നത്. അവരുടെ കാര്യത്തില്‍ ഇടപെടുന്നതിന് ഇന്ത്യന്‍ നിയമപാലകര്‍ക്ക് പരിമിതകള്‍ ഉണ്ടാകാം. എന്നാല്‍ ഇത്തരം പല ഗ്രൂപ്പുകളിലെയും വിവരണങ്ങള്‍ പൂര്‍ണ്ണമായും ഹിന്ദിയിലായതിനാലും നിരവധി ഇന്ത്യന്‍ അംഗമുള്ളതിനാലും ഇവ വിപിഎന്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിന്നു തന്നെ നിയന്ത്രിക്കുന്നവയുമാകാമെന്ന് അദ്ദേഹം പറയുന്നു.

നിതീഷ് പിന്നീടു നടത്തിയ ഗവേഷണങ്ങള്‍ കണ്ടെത്തിയത് ഉപയോഗിച്ചിരിക്കുന്ന അമേരിക്കന്‍ നമ്പറുകള്‍ മുഴുവന്‍ വെര്‍ച്വല്‍ നമ്പറുകളാണ് എന്നാണ്. അവയെല്ലാം ചില വെബ്സൈറ്റുകളില്‍ നിന്ന് വാങ്ങിയവയാണ്. അതുകൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഈ നമ്പറുകള്‍ ആരാണ് വാങ്ങിയതെന്നു കണ്ടെത്താനാകുമെന്നു പറയുന്നു. വിപിഎന്‍ ആണ് ഉപയോഗിക്കുന്നതെങ്കിലും വിപിഎന്‍ സേവനദാദാക്കള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസന്വേഷണത്തിനാണെന്നു പറഞ്ഞാല്‍ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയേക്കുമെന്ന് നിതീഷ് പറഞ്ഞു. അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ നിയമപാലകര്‍ക്കും ആഭ്യന്തര വകുപ്പിനും അയച്ചിട്ടുണ്ട്. നടപടികള്‍ സ്വീകരിക്കാമെന്ന മറുപടിയും ലഭിച്ചുവെന്ന് നിതീഷ് പറഞ്ഞു.

Loading...