നാസിക്: കുഞ്ഞിന്റെ വാശിയില്‍ മനംമടുത്ത് അമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു .ഒരു വയസ് പ്രായമുള്ള സ്വാരയാണ് അമ്മയുടെ ക്രൂരകൊലപാതകത്തിനിരയായത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ യോഗിത(26)യെ നാസിക് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് മൂത്തമകന്‍ സ്‌കൂളിലേക്കും ഭര്‍ത്താവ് ജോലിക്കും പോയ സമയത്ത് ബ്ലേഡ് കൊണ്ട്‌ കുഞ്ഞിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യോഗിത തന്നെയാണ് പോലീസില്‍ വിവരമറിച്ചത്.

കുഞ്ഞിന്റെ അമിതവാശിയും കരച്ചിലിലും യോഗിതക്കുള്ള അസ്വസ്ഥതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. മുറിയിലുണ്ടായിരുന്ന മാലിന്യങ്ങള്‍ താഴെ കൊണ്ടുപോയി വെക്കാന്‍ പോയ സമയത്ത് അജ്ഞാതനായ ഒരാള്‍ വന്ന് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് യോഗിത പോലീസിനോട് പറഞ്ഞത്. അക്രമത്തില്‍ തനിക്കും പരിക്കേറ്റതായി യോഗിത പറഞ്ഞു.

അതേസമയം, മുറിയില്‍ നിന്ന് വലപിടിപ്പുള്ളവസ്തുക്കള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. കൂടാതെ, അക്രമം നടന്നതിന്റെ ലക്ഷണങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ല. തുടര്‍ന്ന് യോഗിതയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായി മറുപടി പറയുകയായിരുന്നു.ഇതിന് പിന്നാലെ ബന്ധുക്കളെയും അയല്‍വാസികളെയും ചോദ്യം ചെയ്തതിലൂടെയാണ് യോഗിതയാണ് സ്വാരയുടെ കൊലപാതകത്തിനു പിന്നിലെന്ന് കണ്ടെത്തിയത്.

യോഗിതയ്ക്ക് മാനസികപ്രശ്‌നങ്ങളുള്ളതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും യോഗിതയെ ജൂലൈ 20 വരെ പോലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Loading...