ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പുയരുന്നത് ഇന്ത്യയില്‍ പ്രളയത്തിന് കാരണമായേക്കാമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ചൈനയില്‍ സാങ്പോ എന്നും അരുണാചല്‍ പ്രദേശില്‍ സിയാങ് എന്നും അസം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ബ്രഹ്മപുത്രയെന്നും അറിയപ്പെടുന്ന നദിയില്‍ 150 വര്‍ഷത്തിനിടെ ആദ്യമായാണ് ജലനിരപ്പ് ഇത്രയധികം ഉയരുന്നത്.

അരുണാചല്‍പ്രദേശിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയം ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് ലഭിച്ചതായി നിനോങ് എറിങ് എംപി അറിയിച്ചു. ചൈനയില്‍ തുടരുന്ന കനത്ത മഴയാണ് ബ്രഹ്മപുത്രയിലെ ജലനിരപ്പിനു കാരണം. മഴയെ തുടര്‍ന്നു വിവിധ അണക്കെട്ടുകളില്‍ നിന്നായി 9020 ക്യുമെക്സ് ജലം നദിയിലേക്കു തുറന്നുവിട്ടതായി ചൈന അറിയിച്ചു. നദിയില്‍ വെള്ളം ഉയരുമെങ്കിലും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നു കേന്ദ്ര ജലവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

Loading...