ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് ഉദ്ഭവിച്ച നോവൽ കൊറോണ 2019 വൈറസ് കാരണം ഉണ്ടായ കൊവിഡ് 19 എന്ന മഹാ രോഗം ഇന്ന് ലോകമെമ്പാടുമായി 168 രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുകയാണ് 1, 34,000 പേർക്ക് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. മരണം 5000 കടക്കാറായി. 3100 -ലധികം പേർ മരിച്ചു കഴിഞ്ഞ ചൈന കഴിഞ്ഞാൽ പിന്നെ ലോകത്ത് ഏറ്റവുമധികം കൊറോണാ ബാധിതരുള്ളത് ഇറ്റലിയിലാണ്. അവിടെ 13000 -ലധികം പേർക്ക് ബാധിച്ചതിൽ മരണം 1000 കടന്നിരിക്കുകയാണ്. ഇറ്റലി കഴിഞ്ഞാൽ അതിന്റെ പാതിയോളം മരണങ്ങൾ നടന്നിരിക്കുന്നത് ഇറാനിലാണ്. ശേഷിക്കുന്ന രാജ്യങ്ങളെല്ലാം തന്നെ മരണക്കണക്കിൽ രണ്ടക്കത്തിലാണ്. ഈ അവസരത്തിൽ സ്വാഭാവികമായും ഉയരുന്ന ഒരു സംശയമിതാണ്. ചൈനയ്ക്കു ശേഷം, മറ്റു രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി, ഇറ്റലിയിൽ മാത്രം എന്തുകൊണ്ടാണ് ഇത്രയധികം മരണങ്ങൾ നടന്നിരിക്കുന്നത്?

ഒരു പ്രത്യേക വ്യാപാരത്തിന്റെ പേരിൽ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിൽ വളർന്നുവന്ന വളരെ വലിയൊരു കണക്ഷൻ ഇറ്റലിയിലെ പ്രാറ്റോ എന്ന നഗരവും, ചൈനയിലെ വുഹാൻ പ്രവിശ്യയും തമ്മിലുണ്ട്. അതാണ് പ്രാറ്റോയിലെ ചൈനീസ് ഗാർമെന്റ് ഫാക്ടറികൾ. ഇറ്റലിയിൽ, ഇറ്റാലിയൻ വസ്ത്രനിർമ്മാണ കമ്പനികളിൽ നിർമിച്ച് ‘മെയ്ഡ് ഇൻ ഇറ്റലി’ ടാഗോടെ വരുന്ന വസ്ത്രങ്ങൾക്ക് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉടുപ്പുകളെക്കാൾ ഡിമാൻഡാണ്. എന്നാൽ, അതേ സമയം ഇറ്റലിയിൽ നിർമാണച്ചെലവ് ചൈനയിലേതിനേക്കാൾ ഒരുപാട് കൂടുതലാണ് എന്നതിനാൽ, ഒരേ ഗുണനിലവാരമുള്ള ചൈനയിലും ഇറ്റലിയിലും നിർമിച്ച വസ്ത്രങ്ങളുടെ വിലകൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. അതിന് ചൈനീസ് ഗാർമെന്റ് കമ്പനികൾ കണ്ടെത്തിയ പരിഹാരമാണ്, ഇറ്റലിയിലെ അധികാരികളുടെ നിയന്ത്രണങ്ങൾ അത്രയ്ക്ക് കർശനമല്ലാത്ത പ്രാറ്റോ എന്ന പ്രവിശ്യയിലേക്ക് ചൈനീസ് കുടിയേറ്റ തൊഴിലാളികളെ കൊണ്ടുവന്ന്, കുറഞ്ഞ ചെലവിൽ ‘മെയ്ഡ് ഇൻ ഇറ്റലി’ വസ്ത്രങ്ങൾ നിര്മിച്ചെടുക്കുക എന്നത്. മറ്റുള്ള ഇറ്റാലിയൻ കമ്പനികളെ അപേക്ഷിച്ച്, തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നതിലും, ഫാക്ടറികളില് സൗകര്യങ്ങളും, തൊഴിൽ സാഹചര്യങ്ങളും, സമയക്രമങ്ങളും പാലിക്കുന്നതിലും മറ്റും ഈ ഇറ്റാലിയൻ ചൈനീസ് സ്ഥാപനങ്ങൾ ഏറെ പിന്നിലാണ്. അതുകൊണ്ടുതന്നെ, ഏറെക്കുറെ ഉയർന്ന നിലവാരമുള്ള തുണിത്തരങ്ങൾ പത്തിലൊന്ന് ചെലവിൽ നിർമ്മിച്ചെടുത്ത് വിപണിയിൽ എത്തിക്കാൻ അവർക്ക് സാധിക്കുന്നു.

ആദ്യം തുടങ്ങിയ ഒന്നുരണ്ടു ഫാക്ടറികൾ വൻ ലാഭത്തിലായതോടെ പിന്നെ പ്രാറ്റോ പ്രവിശ്യയിൽ ഇത്തരം തട്ടിക്കൂട്ട് ചൈനീസ് ഫാക്ടറികൾ പലതും കൂണുപോലെ മുളച്ചുപൊന്തി. ഈ ഫാക്ടറികളിൽ തൊഴിൽ തേടി ഇറ്റാലിയൻ മണ്ണിലേക്ക് വുഹാൻ പ്രവിശ്യയിൽ നിന്ന് വർഷാവർഷം ആയിരക്കണക്കിന് ചൈനീസ് യുവതികൾ വന്നെത്തി. ഇന്ന് 50,000 -ൽ പരം ചൈനീസ് പൗരന്മാർ പ്രാറ്റോയിലും പരിസരത്തുമായി അധിവസിക്കുന്നുണ്ട്. അവർക്ക് നാട്ടിൽ നിന്ന് വന്നുപോകാനായി, അധികം താമസിയാതെ തന്നെ വുഹാനിൽ നിന്ന് പ്രാറ്റോയുടെ സമീപസ്ഥ നഗരങ്ങളായ ഫ്ലോറൻസിലേക്കും പിസയിലേക്കും മറ്റും നേരിട്ടുള്ള ഫ്ലൈറ്റുകളും നിരവധി ആരംഭിക്കുകയുമുണ്ടായി. അങ്ങനെ നിരന്തരമായ ഒരു എയർ ട്രാഫിക് ഇറ്റലിക്കും വുഹാനുമിടയിൽ സ്ഥാപിതമായിട്ട് വർഷങ്ങളായി. ഈ ‘എയർ ട്രാഫിക്’ ആണ് വുഹാൻ എന്ന ജനസാന്ദ്രമായ നഗരത്തിൽ നിന്ന് കൊവിഡ് 19 -നു കാരണമായ നോവൽ കൊറോണാ 2019 എന്ന വൈറസും വഹിച്ചുകൊണ്ട് നിരവധി തൊഴിലാളികൾ തങ്ങളുടെ ജോലിസ്ഥലത്തേക്കുള്ള യാത്രാ മദ്ധ്യേ ഇറ്റലിയിലെ ഏതെങ്കിലും എയർപോർട്ടിൽ വന്നിറങ്ങിയിട്ടുണ്ടാകാം. അവർ ചെന്നിടത്തൊക്കെ വൈറസ് ബാധ പരാതിയിട്ടുമുണ്ടാകാം.

ഫ്ലോറൻസിൽ നിന്ന് 25 കിലോമീറ്ററും, പിസയിൽ നിന്ന് 80 കിലോമീറ്ററും മാത്രമാണ് പ്രാറ്റോയിലേക്കുള്ള ദൂരം. അവിടെ താമസിക്കുന്നവരിൽ മൂന്നിൽ രണ്ടും ചൈനയിൽ നിന്നുളള അനധികൃത കുടിയേറ്റക്കാരാണ്. അവിടെ ബിൽഡിങ്ങുകൾ സ്വന്തമായുള്ള ഇറ്റാലിയൻ പൗരന്മാർ പലരും അതൊക്കെ ചൈനീസ് വ്യവസായികൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. അനധികൃതമായി ചൈനയിൽ നിന്ന് തുണികൾ പ്രാറ്റോയിൽ വന്നിറങ്ങുന്നുണ്ട്. തികച്ചും ശോചനീയമായ സാഹചര്യങ്ങളിലാണ് ഈ ഫാക്ടറികളിൽ ചൈനീസ് പൗരന്മാർ തൊഴിലെടുക്കുന്നത്. പലരും കിടന്നുറങ്ങുന്നത് പകൽ ഇരുന്നു ജോലി ചെയ്യുന്നിടത്തു തന്നെ പായയും മറ്റും വിരിച്ചിട്ടാണ്. അവർക്ക് വൃത്തിയുള്ള ശൗചാലയങ്ങളോ വേണ്ടത്ര ആരോഗ്യസംരക്ഷണ ഉപാധികളോ നൽകാൻ ഫാക്ടറി ഉടമകൾ ശ്രദ്ധിക്കുന്നില്ല. ഈ തൊഴിൽ ചൂഷണങ്ങൾക്കെതിരെ പരാതിയുമായി നീങ്ങാൻ അവിടത്തെ അനധികൃത കുടിയേറ്റക്കാർക്ക് ആവില്ല എന്നത് മനസിലാക്കി അത് മുതലെടുത്തിട്ടാണ് ഇന്നും ഇതൊക്കെ തുടരുന്നത്. ഇടയ്ക്കിടെ സ്ഥലവും പേരുമൊക്കെ മാറ്റിമാറ്റി ഫാക്ടറിയുടമകൾ നിയമത്തിന്റെ കണ്ണിൽ പെടാതെ രക്ഷപ്പെട്ടു പോകുന്നു.

ഇങ്ങനെ അനധികൃതമായ തൊഴിൽ ചൂഷണങ്ങളും, കൊള്ളലാഭമുണ്ടാക്കലും നിർബാധം തുടർന്നിട്ടും ഇറ്റാലിയൻ സർക്കാർ അതിനെതിരെ ഫലപ്രദമായ ഒരു നടപടികളും കൈക്കൊണ്ടിരുന്നില്ല. നിയമത്തിന്റെ അരികുപറ്റി പ്രവർത്തിച്ചിരുന്ന ഈ ഫാക്ടറികൾ മുഖേന, ഇറ്റാലിയൻ മാർക്കറ്റിൽ കുറഞ്ഞ വിലയ്ക്ക് മെയ്ഡ് ഇൻ ഇറ്റലി തുണിത്തരങ്ങൾ ലഭ്യമായിരുന്നു എന്നതുതന്നെ കാരണം. എന്നാൽ, താത്കാലികമായ നേട്ടങ്ങൾക്കു വേണ്ടി കണ്ടില്ലെന്നു നടിച്ച ഈ അനധികൃത വ്യവസായങ്ങൾ ഇന്ന് കോവിഡ് 19 എന്ന മഹാമാരിയുടെ രൂപത്തിൽ ഇറ്റലിയുടെ സാമ്പത്തിക വ്യവസ്ഥയ്ക്കും പൊതുജനാരോഗ്യത്തിനും ഏല്പിച്ചിരിക്കുന്നത്, കരകയറാൻ ഏറെക്കാലമെടുത്തേക്കാവുന്ന കനത്ത ആഘാതം തന്നെയാണ്.

Loading...