ശരീരം തളര്‍ന്നു കിടക്കുന്നവര്‍ക്ക് ഏറെ ഗുണകരമാകുന്ന ചെറു യന്ത്രം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. ഇതിന്റെ സഹായത്തോടെ സന്ദേശങ്ങള്‍ അയക്കാന്‍ മാത്രമല്ല പിയാനോ വായിക്കാന്‍ പോലും തളര്‍ന്നു കിടക്കുന്നവര്‍ക്ക് കഴിയും. തലച്ചോറില്‍ ഘടിപ്പിക്കുന്ന ബ്രയിന്‍ ഗേറ്റ് എന്ന കുഞ്ഞുയന്ത്രമാണ് ഈ അദ്ഭുത നേട്ടങ്ങള്‍ക്ക് പിന്നില്‍.

ബ്രയിന്‍ ഗേറ്റുകളുടെ സഹായത്തില്‍ സാധാരണ ടാബ്ലറ്റുകളിലൂടെ അടക്കം സന്ദേശങ്ങള്‍ അയക്കാനും കാലാവസ്ഥാ വാര്‍ത്തകള്‍ അറിയുന്നതിനും എന്തിന് ഡിജിറ്റല്‍ പിയാനോ വായിക്കുന്നതിന് വരെ സാധിക്കും. തലച്ചോറില്‍ ഘടിപ്പിക്കുന്ന ഈ ചിപ്പ് ഘടിപ്പിച്ച ഉപകരണമാണ് ശരീരം തളര്‍ന്നു കിടക്കുന്നവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നത്.

കൈകാലുകള്‍ പൂര്‍ണമായും തളര്‍ന്ന നിലയിലുള്ള മൂന്നു രോഗികളിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. 100 ഇലക്ട്രോഡുകള്‍ അടങ്ങിയിട്ടുള്ള ഈ കുഞ്ഞു ചിപ്പ് തലച്ചോറില്‍ ഘടിപ്പിക്കുകയാണ് ആദ്യം. ഈ ചിപ്പിന് കംപ്യൂട്ടറുകളിലേക്ക് സിഗ്‌നലുകള്‍ അയക്കാനാകും. സ്വീകരിക്കുന്ന സിഗ്‌നലുകളുടെ വ്യത്യസ്ത പാറ്റേണുകള്‍ മനസിലാക്കി കംപ്യൂട്ടര്‍ സഹായത്തില്‍ പ്രത്യേക പ്രവര്‍ത്തി ചെയ്യിക്കുകയാണ് ചെയ്യുന്നത്.

ഗൂഗിളിന്റെ നെക്സസ് 9 ടാബ്ലറ്റാണ് ഗവേഷകര്‍ പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഫലത്തില്‍ വയര്‍ലസ് മൗസിന് സമാനമായാണ് ബ്രയിന്‍ ഗേറ്റ് വഴിയുള്ള സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കുക. ടാബ്ലറ്റിലെ നിശ്ചിത ഭാഗത്തേക്ക് ചലിപ്പിക്കുന്നതിനും ക്ലിക്ക് ചെയ്യുന്നതിനുമെല്ലാം ചിന്തകള്‍ വഴി സാധിക്കും. ഇമെയിലുകള്‍ പരിശോധിക്കുന്നതിനും, ചാറ്റ്- വിഡിയോ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കാനും, യുട്യൂബില്‍ വിഡിയോ കാണുന്നതിനും ഷോപ്പിങ് നടത്താനുമൊക്കെ ഈ ഉപകരണം വഴി ശരീരം തളര്‍ന്നു കിടക്കുന്നവര്‍ക്ക് സാധിച്ചു.

ഈ പരീക്ഷണത്തിനിടെയാണ് ഒരു വോളണ്ടിയര്‍ക്ക് ഡിജിറ്റല്‍ പിയാനോ വായിക്കാനായി. ബീഥോവന്റെ പ്രശസ്തമായ ഒഡേ ടു ജോയ് ആണ് വായിച്ചത്. 22 വ്യത്യസ്തമായ സിഗ്‌നലുകള്‍ പുറപ്പെടുവിക്കാനും ആ ക്ലിക്ക് പോയിന്റുകള്‍ വഴി കംപ്യൂട്ടറിന് നിര്‍ദ്ദേശം നല്‍കാനും പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്കായി. മിനിറ്റില്‍ 30 അക്ഷരങ്ങള്‍ വരെ വേഗത്തില്‍ ഇവര്‍ക്ക് ടൈപ്പ് ചെയ്യാനും സാധിച്ചു.

15 വര്‍ഷമായി പക്ഷാഘാതത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് കിടപ്പിലായ സ്ത്രീയുടെ തലച്ചോറിലും ബ്രെയിന്‍ഗേറ്റ് ഘടിപ്പിച്ചിരുന്നു. അവര്‍ക്ക് യന്ത്രക്കൈ ഉപയോഗിച്ച് കാപ്പിയെടുക്കുന്നതിനും വായോട് ചേര്‍ത്ത ശേഷം കുടിക്കുന്നതിനും പിന്നീട് മേശപ്പുറത്തേക്ക് വെക്കുന്നതിനും സാധിച്ചു. ഇതെല്ലാം ചിന്തകളിലൂടെ നല്‍കിയ നിര്‍ദ്ദേശങ്ങളുടെ ഫലമായാണ് നടന്നത്. ഇത്തരത്തില്‍ പ്രത്യേകം പ്രവൃത്തികള്‍ ചെയ്യിക്കാന്‍ ബ്രയിന്‍ ഗേറ്റ് ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്.

ശാസ്ത്ര ജേണലായ PLOS ONEലാണ് ഗവേഷണ ഫലം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. സ്റ്റാന്‍ഫോഡ് സര്‍വ്വകലാശാല, മസാച്ചുസെറ്റ് ജനറല്‍ ആശുപത്രി, ബ്രൗണ്‍ സര്‍വ്വകലാശാല, ദ പ്രൊവിഡന്‍സ് വെറ്ററന്‍സ് അഫയേഴ്സ് മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സംയുക്ത ഗവേഷണമാണ് ബ്രയിന്‍ ഗേറ്റിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്.

Loading...