ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിലേക്കിറങ്ങാൻ ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനൊരുങ്ങി ബിജെപി. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സേന രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബിജെപിയുടെ ഭാഗമായ ന്യൂനപക്ഷ മോര്‍ച്ചയെ മുന്‍നിര്‍ത്തിയാണ് ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കുക.

ഇതിന്റെ ഭാഗമായി മെയ് 29 ന് ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വെച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ഥന സംഘടിപ്പിക്കും. അന്നേദിവസം ഉപവാസവും സംഘടിപ്പിക്കും. സംരക്ഷണ സേനയുടെ ഭാഗമായി കൂടുതല്‍ സമര പരിപാടികള്‍ ഭാവിയില്‍ നടത്തും. കൊച്ചിയില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പങ്കെടുക്കും. ഇതിന് ശേഷം ക്രൈസ്തവ സംരക്ഷണ സേനയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ സംഘടനാ രൂപീകരണം. ക്രൈസ്തവ സംഘടനകളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. ആഗോള ഭീകരതയ്‌ക്കെതിരായ നീക്കം എന്ന നിലയിലാണ് ഇതിനെ മുന്നോട്ടുകൊണ്ടുപോവുക.

Loading...