ന്യൂഡൽഹി : മതത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് ഇന്ത്യയെ വിഭജിച്ചതുകൊണ്ടാണ് പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കേണ്ടി വന്നതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.  അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ മതവിവേചനം നേരിട്ടതിനാൽ ഇന്ത്യയിലേക്കു കുടിയേറിയവർക്കു പൗരത്വം നൽകാനാണ് ഉദ്ദേശിക്കുന്നത്.

ഈ ബിൽ വന്നതു കൊണ്ട് ഇനി മുസ്‍ലിം കുടിയേറ്റക്കാർക്കു പൗരത്വം ലഭിക്കില്ലെന്ന് അർഥമില്ലെന്നും ലോക്സഭയിൽ ബിൽ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ഷാ പറഞ്ഞു. പ്രസംഗം പ്രതിപക്ഷം നിരന്തരം തടസ്സപ്പെടുത്തിയപ്പോൾ ഒരുവേള അമിത് ഷാ ക്ഷുഭിതനായി: ‘ഞങ്ങൾക്ക് ജനങ്ങൾ ഭരിക്കാൻ അധികാരം തന്നിരിക്കുന്നത് 5 വർഷത്തേക്കാണ്. അപ്പോൾ ‍ഞാൻ പറയുന്നതു നിങ്ങൾ കേട്ടേ മതിയാകൂ’. അതോടെ പ്രതിപക്ഷ നിര ഒന്നടങ്കം ഇളകി. 

പൗരത്വ ഭേദഗതി ബിൽ ഏതെങ്കിലും മതത്തിനെതിരല്ലെന്നു മറുപടി പ്രസംഗത്തിൽ ആഭ്യന്തര മന്ത്രി അമിത്ഷാ. ഭരണഘടനയ്ക്കും എതിരല്ല. മോദി സർക്കാരിനു കീഴിൽ പീഡനമേൽക്കേണ്ടി വരുമെന്നു ഒരു മതത്തിലെ വിശ്വാസികളും ഭയപ്പെടേണ്ട. മോദിയുടെ ഇന്ത്യയിൽ ഭരണഘടനയാണു മതം.

മ്യാൻമറിൽ നിന്നുള്ള രോഹിൻഗ്യ മുസ്‌ലിംകളെ ഇന്ത്യ സ്വീകരിക്കില്ല. ദേശീയ പൗര റജിസ്റ്റർ രാജ്യം മുഴുവൻ നടപ്പാക്കും. അതോടെ, ഒരു അനധികൃത കുടിയേറ്റക്കാരനു പോലും ഇന്ത്യയിൽ തുടരാനാകില്ല.

അനധികൃത കുടിയേറ്റവും മതപീഡനം മൂലം അഭയം തേടിയെത്തുന്നതും രണ്ടാണെന്നും അമിത് ഷാ പറഞ്ഞു.  പലവട്ടം പ്രതിപക്ഷം അwമിത് ഷായുടെ മറുപടി പ്രസംഗം തടസ്സപ്പെടുത്തി.

പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കിയതിൽ സമൂഹമാധ്യമങ്ങളിലൂടെ സന്തോഷം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷായെ അനുമോദിച്ചു.

പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും അവതരണാനുമതി നൽകരുതെന്നും കാണിച്ച് കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, ശശി തരൂർ, ഗൗരവ് ഗൊഗോയ്, ആർഎസ്പിയുടെ എൻ.കെ. പ്രേമചന്ദ്രൻ, തൃണമൂലിലെ സൗഗത റോയ്, മുസ്‍ലിംലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, എഐഎംഐഎമ്മിലെ അസദുദ്ദീൻ ഉവൈസി തുടങ്ങിയവർ നോട്ടിസ് നൽകിയിരുന്നു. ഇവർക്ക് സംസാരിക്കാൻ അവസരം നൽകി. 

ബില്ലിൽ ശ്രീലങ്കയിലെ തമിഴരെക്കുറിച്ചു പരാമർശിക്കുന്നില്ലെന്ന് ആരോപിച്ച് ഡിഎംകെ അംഗങ്ങൾ ഇറങ്ങിപ്പോയി. സിപിഎമ്മിലെ എ.എം.ആരിഫും നോട്ടിസ് നൽകിയിരുന്നെങ്കിലും കാരണം കാണിക്കാതിരുന്നതിനാൽ സ്പീക്കർ അനുവദിച്ചില്ല. ശിവസേന ശബ്ദവോട്ടിൽ നിഷ്പക്ഷത പാലിച്ചെങ്കിലും അവതരണാനുമതിക്ക് അനുകൂലമായി വോട്ടു ചെയ്തു. ഇടയ്ക്ക് അവരുടെ അംഗങ്ങൾ ഇറങ്ങിപ്പോയെങ്കിലും തിരിച്ചുവന്നു വോട്ടു ചെയ്യുകയായിരുന്നു. 

ചരിത്രത്തിലാദ്യമായാണ് മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതെന്നും ഇതു ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, ശശി തരൂർ തുടങ്ങിയവർ പറഞ്ഞു.  അമിത് ഷാ സഭയിൽ പുതിയ ആളായതു കൊണ്ടു നിയമങ്ങളെക്കുറിച്ച് അറിയില്ലെന്ന സൗഗത റോയിയുടെ പരാമർശം ബിജെപി അംഗങ്ങളെ ചൊടിപ്പിച്ചു. 

മൗലികാവകാശങ്ങളുടെ ലംഘനമാണു സർക്കാർ നടത്തുന്നതെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ബില്ലിൽ നിന്നു രാജ്യത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട ഉവൈസി അമിത്ഷായെ ഹിറ്റ്ലറുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശം സ്പീക്കർ രേഖകളി‍ൽ നിന്നു നീക്കി. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു  നിയമം ബാധകമല്ലെന്ന പരാമർശം ഒരു രാജ്യം ഒറ്റ നിയമം എന്ന അമിത്ഷായുടെ പ്രഖ്യാപിത നിലപാടിന് എതിരാണെന്ന് സൗഗത റോയ് ചൂണ്ടിക്കാട്ടി. തുടർന്ന് അൽപനേരം സഭ ബഹളമയമായി. പ്രതിപക്ഷവും ഭരണപക്ഷവും കൈചൂണ്ടി പരസ്പരം ആക്രോശിച്ചുകൊണ്ടിരുന്നു. 

പൗരത്വഭേദഗതി ബിൽ നിയമമാവുകയാണെങ്കിൽ മുസ്‍ലിം ലീഗ് സുപ്രീം കോടതിയെ സമീപിക്കുമെന്നു പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭയിൽ പറഞ്ഞു. ബില്ലിൽനിന്നു മുസ്‍ലിംകളെ ഒഴിവാക്കിയതു വിവേചനവും ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്റെ ലംഘനവുമാണ്.

മുസ്‍ലിം സമുദായത്തെ ബില്ലിൽ പരാമർശിക്കുന്നില്ലെന്ന് അമിത് ഷാ ഇടയ്ക്കു പറഞ്ഞപ്പോൾ എല്ലാ മതങ്ങളെയും പറയുകയും ഒരു മതത്തെ മാത്രം ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ സർക്കാരിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബില്ലിനെതിരെ ലീഗ് എംപിമാർ പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്കു മുൻപിൽ പ്രതിഷേധം നടത്തി. 

ബില്ലിനെ പിന്തുണയ്ക്കുന്നുവെന്നോ എതിർക്കുന്നുവെന്നോ പറയാതെയായിരുന്നു ശിവസേന അംഗം വിനായക് റാവുത്തിന്റെ പ്രസംഗം. കടന്നുകയറിയവരെ പുറത്താക്കേണ്ടതു സർക്കാരിന്റെ കർത്തവ്യമാണെന്നും തങ്ങളുടെ നേതാവ് ബാൽതാക്കറെ ഇതു പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞപ്പോൾ ബിജെപി ബെഞ്ചുകൾ കയ്യടിച്ചു.

ഈ രാജ്യത്തു വേറെയും പ്രശ്നങ്ങളുണ്ട്. വിലക്കയറ്റം കൂടുന്നു. തൊഴിലില്ലായ്മ കൂടുന്നു. ജിഡിപി കുറഞ്ഞു. ഇപ്പോൾ പറയുന്നവർക്കൊക്കെ പൗരത്വം കൊടുത്താൽ ഇതിനൊക്കെ പരിഹാരമാകുമോ? അവരുടെ ബാധ്യത കൂടി ഏറ്റെടുക്കേണ്ടി വരില്ലേ?– പ്രസംഗം ഇവിടെയെത്തിയപ്പോൾ ബിജെപി ബെഞ്ചുകളിൽ നിശ്ശബ്ദത.

പ്രതിപക്ഷ ബെഞ്ചുകൾ അന്തം വിട്ടു. അദ്ദേഹം ഇരുന്നപ്പോൾ പ്രതിപക്ഷ ബെഞ്ചുകളിൽ നിന്നു ചോദ്യമുയർന്നു. ‘നിങ്ങൾ അനുകൂലിക്കുന്നോ എതിർക്കുന്നോ?’ മറുപടിക്കായി കാത്തിരിക്കൂ എന്ന് സഭാ കക്ഷി നേതാവ് അരവിന്ദ് സാവന്തിന്റെ മറുപടി.

പൗരത്വ ബിൽ ചർച്ചയ്ക്കിടയിൽ ലോക്സഭയിൽ കേട്ടത്-

∙ അഭിഷേക് ബാനർജി തൃണമൂൽ:

‘‘നിങ്ങൾ എല്ലാവരോടും സർട്ടിഫിക്കറ്റ് ചോദിക്കുകയാണ്. നിങ്ങളിൽ എത്രപേർക്ക് പഴയ സർട്ടിഫിക്കറ്റുകൾ  കൈവശമുണ്ടാകും? ഇനി വല്ല വിദ്യാഭ്യാസ സർട്ടിഫിക്കറ്റും ചോദിച്ചാൽ നിങ്ങളുടെ കാബിനറ്റ് മന്ത്രിമാരടക്കമുള്ളവർ കുഴപ്പത്തിലാകില്ലേ?’’

∙ ദയാനിധി മാരൻ, ഡിഎംകെ:

‘‘പ്രകടനപത്രികയിൽ ക്രിസ്ത്യാനികളെ ഉൾപ്പെടുത്താത്തവർ പാശ്ചാത്യ നാടുകളെ പേടിച്ചല്ലേ ബില്ലിൽ അവരെ ഉൾപ്പെടുത്തിയത്? ന്യൂനപക്ഷങ്ങൾക്കൊപ്പം എന്നു ബിജെപി പറയുന്നത് ചെകുത്താൻ വേദമോതുന്നതു പോലെയാണ്.’’

∙ സുപ്രിയ സുളെ, എൻസിപി:

‘‘കശ്മീരിനെ പ്രത്യേക വകുപ്പു നൽകി ഇന്ത്യയിൽ നിന്നു മാറ്റിനിർത്തി എന്നു പരിഹസിച്ചവർ തന്നെയാണ് ഇപ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ പൗരത്വ ഭേദഗതി ബില്ലിൽ നിന്നു മാറ്റി നിർത്തുന്നത്. ’’

∙ രാജേന്ദ്ര അഗർവാൾ, ബിജെപി:

‘‘നിയമം പര്യാപ്തമല്ലെങ്കിൽ അതു മാറ്റണമെന്നു നെഹ്റു തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് പ്രതിപക്ഷത്തിന് ഇത്ര പരവേശം?’’

Loading...