ആശുപത്രികളിൽ ചികിൽസാ നിരക്കുകൾ പ്രദർശിപ്പിക്കുക, നിലവാരം ഉറപ്പുവരുത്താൻ വിദഗ്ധ സംഘത്തിന് എപ്പോൾ വേണമെങ്കിലും ആശുപത്രി സന്ദർശിക്കാൻ അധികാരം നൽകുക തുടങ്ങിയ വ്യവസ്ഥകളുമായി കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ചട്ടത്തിന്റെ കരടു രൂപരേഖ തയാറായി. അതേസമയം, ചില വ്യവസ്ഥകൾ കോർപറേറ്റ് ആശുപത്രികൾക്കു സഹായകരമാണെന്നും ചട്ടം നടപ്പാക്കുന്നതിൽ മുഖ്യപങ്കു വഹിക്കേണ്ട സംസ്ഥാന കൗൺസിലിനെ നോക്കുകുത്തിയാക്കി സർക്കാർ പ്രതിനിധികൾ മാത്രമുള്ള നിർവാഹക സമിതിക്കു പൂർണ മേൽക്കൈ നൽകിയിരിക്കുകയാണെന്നും ആരോപണമുണ്ട്.

ആശുപത്രികളിൽ ചികിൽസാ നിരക്കു മാത്രമല്ല, ചികിൽസാ പാക്കേജ് നിരക്കും പ്രദർശിപ്പിക്കണം. പാക്കേജ് നിരക്കുകൾ നിലവിൽ തന്നെ ചില ആശുപത്രികൾ പ്രദർശിപ്പിക്കാറുണ്ടെങ്കിലും ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നതോടെ ഇതിനു നിയമപ്രാബല്യമാകുകയാണ്. അനാവശ്യ പരിശോധനകൾ രോഗികളെ അടിച്ചേൽപ്പിക്കാന്‍ ഇതു കാരണമാകുമെന്ന് ആശങ്കയുണ്ട്.

നിലവാരം ഉറപ്പുവരുത്താൻ വിദഗ്ധ സമിതിക്കോ അവരുടെ പ്രതിനിധികള്‍ക്കോ എപ്പോൾ വേണമെങ്കിലും ആശുപത്രി സന്ദർശിക്കാം. ചികിൽസാ രേഖകൾ പിടിച്ചെടുക്കുകയോ പകർത്തുകയോ ചെയ്യാം. എന്നാൽ ഇതുവഴി രോഗീവിവരങ്ങൾ ചോരാമെന്നും ഇതു മനുഷ്യാവകാശ ലംഘനമാണെന്നും മറുവാദമുണ്ട്. നിലവിൽ നിയമപരമായ ആവശ്യങ്ങൾക്കു മാത്രമാണു വിവരങ്ങൾ ശേഖരിക്കുന്നത്.

അതേസമയം, എൻഎബിഎച്ച് അക്രെഡിറ്റേഷനുള്ള ആശുപത്രികളിൽ പരിശോധനയുണ്ടാകില്ല. ഇതു കോർപറേറ്റ് ആശുപത്രികളെ സഹായിക്കാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു.

സംസ്ഥാന കൗൺസിലിന്റെയും നിർവാഹക സമിതിയുടെയും അധ്യക്ഷൻ ആരോഗ്യ സെക്രട്ടറിയാണ്. 22 അംഗ കൗൺസിലിൽ പൊതുസമൂഹ പ്രതിനിധികളുമുണ്ട്. നിർവാഹക സമിതിയിലാകട്ടെ, ഒൻപതു സർക്കാർ പ്രതിനിധികൾ മാത്രം. മറ്റ് അംഗങ്ങൾ ആരോഗ്യ സെക്രട്ടറിക്കു താഴെയുള്ളവരായതിനാൽ അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ചോദ്യംചെയ്യപ്പെടാൻ സാധ്യതയില്ല. നിർവാഹക സമിതി എല്ലാ മാസവും ചേരുമ്പോ‍ൾ കൗൺസിൽ യോഗം വർഷത്തിൽ മൂന്നു തവണയാണ്.

സമിതി തീരുമാനങ്ങൾ പാസാക്കുക മാത്രമാകും ഫലത്തിൽ കൗൺസിലിന്റെ ഉത്തരവാദിത്തം. അപ്‌ലറ്റ് അതോറിറ്റി അധ്യക്ഷനും ആരോഗ്യ സെക്രട്ടറിയായതിനാൽ പരാതികളിൽ നടപടി സാധ്യതയും സംശയം. അതേസമയം, നിർവാഹക സമിതി രൂപീകരിക്കണമെന്നു 2010ലെ കേന്ദ്രനിയമത്തിൽ പറയുന്നതേയില്ല. വിദഗ്ധരുടെ ഉപസമിതിക്കാണു നിർദേശമുള്ളത്.

നിലവിൽ തദ്ദേശ സ്ഥാപനങ്ങളില്‍‌ ആരോഗ്യ സ്ഥാപനങ്ങൾ അടയ്ക്കുന്ന ലൈസൻസ് ഫീസിനു പുറമേ റജിസ്ട്രേഷൻ ഫീസും ചുമത്താൻ ചട്ടത്തിൽ വ്യവസ്ഥയുണ്ട്. 50 കിടക്ക വരെയുള്ള ആശുപത്രികളുടെ സ്ഥിരം റജിസ്ട്രേഷൻ ഫീസ് പഞ്ചായത്തുകളിൽ 3000 രൂപയും മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധിയിൽ 6000 രൂപയുമാണ്. എന്നാൽ പകൽ മാത്രമുള്ള ചെറുക്ലിനിക്കുകൾക്ക് ഇതു യഥാക്രമം 20,000 രൂപയും 40,000 രൂപയുമാണ്; ഡെന്റൽ ക്ലിനിക്കുകൾക്കാകട്ടെ 10,000, 20,000 രൂപ വീതം.

സന്നദ്ധ സംഘടനകളുടെ സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങൾക്കു പോലും യഥാക്രമം 10,000, 20,000 രൂപ വീതം ഫീസ് അടയ്ക്കണം. കേന്ദ്ര ചട്ടപ്രകാരം അഞ്ചുവർഷം കൂടുമ്പോഴാണു റജിസ്ട്രേഷൻ പുത‌ുക്കേണ്ടതെങ്കിൽ കേരളത്തിൽ മൂന്നുവർഷം കൂടുമ്പോഴാണ്. ലബോറട്ടറികളുടെ റജിസ്ട്രേഷൻ ഫീസും കൂട്ടി. ഇതെല്ലാം ബാധിക്കുക സാധാരണക്കാരെയും.

Loading...