ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു,
മൽസരിക്കുന്ന 16 സീറ്റുകളിൽ 12 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്; 4 എണ്ണം പിന്നീട്.

വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര എന്നീ നാല് സീറ്റുകളിലെ സ്ഥാനാർഥിയെ കുറിച്ചാണ് തീരുമാനം ആകാത്തത്. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നികാണ് കേരളത്തിലെ ഉൾപ്പെടെ 27 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

എറണാകുളത്ത് സിറ്റിങ് എംപി കെ.വി.തോമസിനു പകരം ഹൈബി ഈഡൻ എംഎൽഎ മൽസരിക്കും. ശശി തരൂർ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ എന്നിവരാണ് മൽസരിക്കുന്ന സിറ്റിങ് എംപിമാർ. കെ.സി.വേണുഗോപാൽ മൽസരിക്കില്ലെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നാല് സീറ്റുകളിൽ കൂടുതൽ ചർച്ചകൾ ആവശ്യമായതിനാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാകും ഇക്കര്യത്തിൽ തീരുമാനം എടുക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷമാണ് മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും മാധ്യമങ്ങളെ കണ്ടത്.

16 സീറ്റിലും കൈപ്പത്തി ചിഹ്നത്തിലുള്ള സ്ഥാനാർഥികൾ മൽസരിക്കും. ഉമ്മൻ ചാണ്ടിയുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ല. പാർട്ടി ആന്ധ്രയിൽ അദ്ദേഹത്തിന് ഒരു ചുമതല നൽകിയിരിക്കുകയാണ്. ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായത്. കേരളത്തിലെ കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും ചെന്നിത്തല വ്യക്തമാക്കി.

കോൺഗ്രസ് പട്ടിക ഇങ്ങനെ

∙ തിരുവനന്തപുരം – ശശി തരൂർ

∙ പത്തനംതിട്ട – ആന്റോ ആന്റണി

∙ മാവേലിക്കര– കൊടിക്കുന്നിൽ സുരേഷ്

∙ ഇടുക്കി – ഡീൻ കുര്യാക്കോസ്

∙ എറണാകുളം – ഹൈബി ഈഡൻ

∙ തൃശൂർ – ടി.എൻ. പ്രതാപൻ

∙ ചാലക്കുടി – ബെന്നി ബെഹനാൻ

∙ പാലക്കാട് – വി.കെ. ശ്രീകണ്ഠൻ

∙ ആലത്തൂർ – രമ്യ ഹരിദാസ്

∙ കോഴിക്കോട് – എം.കെ.രാഘവൻ

∙ കണ്ണൂർ – കെ. സുധാകരൻ

∙ കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ

Loading...