ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നത്. ദയനീയ പരാജയമേറ്റ് നിന്ന് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയായി. തോൽവിയുടെ കാരണം കണ്ടെത്താനോ പരാജയത്തിൽ നിന്നും കരകയറാനുള്ള വഴികൾ തേടാനോ കാര്യമായ ഇടപെടലുകളൊന്നും നേതാക്കൾ നടത്തിയിട്ടില്ല. ആരാകണം പുതിയ അധ്യക്ഷൻ എന്നതിലേക്ക് ചുരുങ്ങിയിരിക്കുകയാണ് നിലവിൽ കോൺഗ്രസിലെ ചർച്ചകൾ.

നേതൃത്വം നിഷ്ക്രിയമായതോടെ പല സംസ്ഥാന ഘടകങ്ങളും പിളർപ്പിന്റെ വക്കിലാണ്, നേതാക്കൾ തമ്മിലുള്ള ഭിന്നത അതിരൂക്ഷമായി. അതിരൂക്ഷമായ തിരിച്ചടികൾക്കിടയിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് കോൺഗ്രസിന് മുമ്പിലുള്ള മറ്റൊരു വെല്ലുവിളി. ഇതോടെ കടുത്ത ചെലവു ചുരുക്കൽ നടപടികളിലേക്ക് കോൺഗ്രസ് കടക്കുകയാണെന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

സാമ്പത്തിക പ്രതിസന്ധി

പാർട്ടിയുടെ പല ഘടകങ്ങളുടെയും പ്രവർത്തനം തടസ്സപ്പെടുന്ന രീതിയിലേക്ക് കോൺഗ്രസിന്റെ സാമ്പത്തിക നില പരുങ്ങലിലായിരിക്കുകയാണെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. പാർട്ടിയിലെ പല വകുപ്പുകളോടും ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കാൻ നേതൃത്വം നിർദ്ദേശം നൽകിയിരിക്കുകയാണ്.

കോൺഗ്രസ് സേവാ ദളിന്റെ പ്രതിമാസ ബജററ് 2.5 ലക്ഷത്തിൽ നിന്നും 2 ലക്ഷമായി ചുരുക്കിയിട്ടുണ്ട്. സമാനമായ രീതിയിൽ വനിതാ വിംഗ്, എൻഎസ്ഐയു, യൂത്ത് കോൺഗ്രസ് നേതൃത്വങ്ങളോടും ചെലവ് കുറയ്ക്കാൻ ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിരിക്കുകയാണ്. ഡാറ്റാ ഇന്റലിജൻസ് വിംഗിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്നതിനെക്കുറിച്ചും ആലോചനകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ് ആസ്ഥാനത്ത് ജോലിയെടുക്കുന്ന പലർക്കും മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. മെയ് 23ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ടീമിൽ നിന്നും 20 പേരാണ് രാജിവെച്ച് പുറത്ത് പോയത്. 55 അംഗങ്ങളുണ്ടായിരുന്ന ടീമിൻറെ നിലവിലെ അംഗബലം 35 ആണ്. നിലവിൽ ടീമിൽ തുടരുന്നവർക്കും മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. പാർട്ടിയുടെ മീഡിയ ടീമും സമാനമായ പ്രതിസന്ധി നേരിടുകയാണ്.

അധികാരത്തിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ കോൺഗ്രസിന് ഇക്കുറി കനത്ത പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. 2014ലെ 44 സീറ്റുകളിൽ നിന്നും വെറും 8 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് അധികമായി ലഭിച്ചത്. രാഹുൽ ഗാന്ധിയുടെ അമേഠിയിൽ പോലും തോൽവി ഏറ്റുവാങ്ങിയതോടെ കോൺഗ്രസിന്റെ സീറ്റ് നേട്ടം 52ൽ ഒതുങ്ങി. ബിജെപിയാകട്ടെ കൂടുതൽ കരുത്താർജ്ജിച്ച് അധികാരത്തിലേക്ക് തിരികെയെത്തി. 303 സീറ്റുകളാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്.

കോൺഗ്രസ് വൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സമ്പത്തിന്റെ കാര്യത്തിൽ ബിജെപിയാണ് മുന്നിൽ കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് കോർപ്പറേറ്റുകളിൽ നിന്ന് ഏറ്റവും അധികം ധനസഹായം ലഭിച്ച പാർട്ടി ബിജെപിയാണ്. 437 കോടി രൂപയാണ് വിവിധ കോർപ്പറേറ്റ്, ബിസിനസ് മേഖലകളിൽ നിന്നായി പാർട്ടിക്ക് സംഭാവന ലഭിച്ചത്. അതേസമയം കോൺഗ്രസിന് ലഭിച്ചത് വെറും 19.298 കോടി രൂപ മാത്രമാണ്.

Loading...