ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്ള ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയി കെപിസിസി നിയമിച്ച അനിൽ ആന്റണിയെ എതിർക്കുന്നവർ അറിയുവാൻ! കേരളത്തിലെ കോണ്‍ഗ്രസിന്റെ എക്കാലത്തേയും ആദര്‍ശധീരനായ നേതാവാണ് എകെ ആന്റണി. അഴിമതി വിരുദ്ധതയാണ് മുഖമുദ്ര. എന്നാല്‍ അനിൽ ആന്റണി കോൺഗ്രസിന്റെ സമുന്നത നേതാവും പ്രവർത്തക സമിതി അംഗവുമായ എ.കെ.ആന്റണിയുടെ മകൻ ആയത് ഒരു കുറ്റമായി കാണരുത്.

അനിൽ ആന്റണിയുടെ കഴിവുകൾ കോൺഗ്രസ്സ് മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഉയർത്തെഴുന്നേറ്റതിൽ ഡാറ്റാ അനലിറ്റിക്‌സ് വിഭാഗത്തിന്റേയും സോഷ്യൽമീഡിയ വിഭാഗത്തിന്റേയും പങ്ക് ചെറുതല്ല. ഓരോ സംസ്ഥാനങ്ങളിലേയും പ്രശ്‌നങ്ങൾ പഠിച്ച് പ്രവർത്തനങ്ങളും പദ്ധതികൾ തയ്യാറാക്കുന്നതിൽ ഈ വിഭാഗങ്ങളുടെ പങ്ക് വലുതാണ്.

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും കൂടുതൽ സീറ്റുകൾ ലക്ഷ്യം വെയ്ക്കുന്ന കോൺഗ്രസ്സ് അതിന്റെ പ്രവർത്തനങ്ങൾ സജ്ജമാക്കുന്നു. അതിനു പൂർണമായും ഡാറ്റാ അനലിറ്റിക്‌സ് വിഭാഗത്തിന്റേയും സോഷ്യൽമീഡിയ വിഭാഗത്തിന്റേയും പ്രവർത്തങ്ങൾ പ്രയോജനപ്പെടുത്താൻ കോൺഗ്രസ്സ് നേത്യത്വം ഉദ്ദേശിക്കുന്നു. അതിനുവേണ്ടി കേരളത്തിലെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ തലവനായി ശശി തരൂർ പ്രവർത്തനം തുടങ്ങിയത്.

സംസ്ഥാനത്ത് സോഷ്യൽ മീഡിയ പ്രചാരണം കൂടുതൽ ഊർജ്ജിതമാക്കണം എന്ന് തരൂർ തന്നെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് അനിൽ കെ ആന്റണിയെ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ആയി നിയമിച്ചിരിക്കുന്നത്. ആ ടീമിലേക്ക് ഈ രംഗത്ത് പ്രവർത്തിച്ച് പരിചയമുള്ള അനിൽ കെ ആന്റണിയെ കൺവീനറായി നിയമിച്ചതിൽ യാതൊരു തെറ്റും ഇല്ല. ഈ രംഗത്ത് വിദ്ഗ്ധരായവർ അല്ലാതെ സാധാരണ പ്രവർത്തകർക്ക് ഡാറ്റ അനല്യ്റ്റിക്‌സ് വിഭാഗം കൈകാര്യം ചെയ്യാൻ എളുപ്പമല്ല.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി നവമാധ്യമങ്ങളിൽ നടത്തിയ പ്രചാരണമാണ് അനിൽ ആന്റണിയെ ശ്രദ്ധേയനാക്കിയത്. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലും അന്ന് അനിലിനൊപ്പമുണ്ടായിരുന്നു. ഇരുവരും ചേർന്നാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി സൈബർ തന്ത്രങ്ങളൊരുക്കിയത്. ഇത് പാർട്ടിക്ക് ഗുണം ചെയ്തെന്നായിരുന്നു നേതാക്കളുടെ വിലയിരുത്തൽ. ഗുജറാത്തിനു പിന്നാലെ കർണാടകത്തിലെ നിയമസഭ തെരഞ്ഞെടുപ്പിലും ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല കോൺഗ്രസ് നേതൃത്വം അനിൽ ആന്റണിയേയും ഫൈസൽ പട്ടേലിനെയും ഏൽപ്പിച്ചു. രാജസ്ഥാൻ തെരഞ്ഞെടുപ്പിലും അനിൽ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല.

അമേരിക്കൻ സർവകലാശാലയിലെ പഠനമാണ് അനിലിനെയും ഫൈസലിനെയും സുഹൃത്തുക്കളാക്കിയത്. കേരളത്തിലെ എൻജിനീയറിംഗ് പഠനത്തിനു ശേഷം സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെന്റ് സയൻസ് ആൻഡ് എൻജിനീയറിംഗിൽ അനിൽ ബിരുദം നേടി. ഫൈസൽ ഹാർവഡ് സർവകലാശാലയിൽ നിന്നുള്ള എം.ബി.എ ബിരുദധാരിയാണ്. ഇരുവർക്കുമൊപ്പം ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല നിർവഹിക്കാൻ സിലിക്കൺവാലിയിൽ നിന്നുള്ള വിദഗ്ധ സംഘവുമുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ചാണക്യനെന്ന് അറിയപ്പെടുന്ന പ്രശാന്ത് കിഷോർ ഉപയോഗപ്പെടുത്തുന്നതിനും അപ്പുറമുള്ള സാങ്കോതിക വിദ്യയെയാണ് അനിലും സംഘവും കൂട്ടുപിടിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു എന്നതാണ് അനിലിന്റെ പ്രചാരണ രീതിയെ പ്രശാന്ത് കിഷോറിന്റേതിൽ നിന്നും വ്യത്യസ്തമാക്കുന്നത്. യു.എസ് തെരഞ്ഞെടുപ്പിൽ പൊതുവികാരം എതിരായിട്ടും ട്രംപ് വിജയിച്ചതിനു പിന്നിലും ഡിജിറ്റൽ മീഡിയയിലെ പ്രചാരണമായിരുന്നു. ഇതേ സാങ്കേതികവിദ്യ തന്നെയാണ് അനിലും സംഘവും ഇന്ത്യൻ രാഷ്ട്രീയത്തിൽ പരീക്ഷിക്കുന്നതും.

മറ്റു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ നടത്തിയ ശ്രദ്ധേയമായ പ്രചാരണമാണ് സംസ്ഥാന രാഷ്ട്രീയത്തിലും അനിൽ ആന്റണിക്ക് ഇപ്പോൾ ഇടം നേടിക്കൊടുത്തിരിക്കുന്നത്.  2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ്സ് ഒരുങ്ങി കഴിഞ്ഞു. ലക്ഷ്യം നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബിജെപി ഭരണമവസാനിപ്പിക്കുക എന്നതാണ്.

Loading...