ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നു യുഎസ് വൈബ്സൈറ്റായ മീഡിയം.കോം. കോൺഗ്രസിന് ഒറ്റയ്ക്ക് 213 സീറ്റ് ലഭിക്കുമ്പോൾ ബിജെപി 170 എണ്ണത്തിലേക്ക് ഒതുങ്ങും. പ്രാദേശിക പാർട്ടികൾ 160 സീറ്റ് നേടുമെന്നും സർവേ കണക്കുവച്ച് വെബ്സൈറ്റ് അഭിപ്രായപ്പെട്ടു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി – എൻഡിഎ സർക്കാരിനോടു ജനങ്ങൾക്ക് അതൃപ്തിയാണ്. മോദിയുടെ പ്രഭാവം മങ്ങുകയാണ്. പ്രതിപക്ഷത്തുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജനപ്രീതി ഉയരുന്നു. ഐക്യം, ഉൾക്കൊള്ളൽ എന്നീ രാഷ്ട്രീയ ഗുണങ്ങളോടൊപ്പം രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ അടങ്ങിയ പ്രകടനപത്രികയും രാഹുലിനും കോൺഗ്രസിനും നേട്ടമാകും.’ – വെബ്സൈറ്റ് പറയുന്നു.

അഞ്ചു വർഷത്തെ ഭരണകാലയളവിൽ വിനാശകരമായ ഏകാധിപത്യ നിലപാടും സാമ്പത്തിക വീഴ്ചകളുമാണു മോദിയുടെ ഭാഗത്തുനിന്നുണ്ടായത്. ഈ സാഹചര്യത്തിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിൽ വരുമെന്നാണു മീഡിയം പറയുന്നത്. ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ 39% കോൺഗ്രസ് നേടും. അധികാരത്തുടർച്ച ലക്ഷ്യമിടുന്ന ബിജെപി 31 ശതമാനവും.

24 സംസ്ഥാനങ്ങളിലെ 20,500 പേരെ കണ്ട് യുകെ ഗവേഷണ സംഘം നടത്തിയ സർവേയെ ആധാരമാക്കിയാണു സൈറ്റിന്റെ പ്രവചനം. 52% പുരുഷൻമാരും 48% സ്ത്രീകളുമാണു സർവേയിൽ പങ്കെടുത്തത്. ജീവിതച്ചെലവിലെ വർധന, രൂക്ഷമായ തൊഴിലില്ലായ്മ, നോട്ടുനിരോധനം, കാർഷിക പ്രശ്നങ്ങൾ എന്നിവയാണു വോട്ടർമാർ പ്രധാനമായും ഉന്നയിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, ഇന്ധന വില, മിനിമം വേതനം, ന്യൂനപക്ഷങ്ങളോടുള്ള അവഗണന തുടങ്ങിയവയാണു കേന്ദ്ര സർക്കാരിനെതിരായ പരാതികൾ – സർവേ പറയുന്നു.

‘2014ൽ 282 സീറ്റുകളോടെ വൻ വിജയമാണു മോദി തരംഗത്തിൽ ബിജെപി സ്വന്തമാക്കിയത്. കോൺഗ്രസ് 44 സീറ്റിലേക്കു ചുരുങ്ങി. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നു വാഗ്ദാനം ചെയ്ത മോദി സർക്കാരിന്റെ കാലത്തു തൊഴിലില്ലായ്മ വർധിച്ചു. നാലു പതിറ്റാണ്ടിനിടെ ഏറ്റവും വലിയ നിരക്കായ 6.1% ആണ് തൊഴിലില്ലായ്മ എന്നാണു പുറത്തുവന്ന റിപ്പോർട്ടുകൾ.

കാർഷിക വിളകൾക്കു വില കുത്തനെ കുറഞ്ഞു. ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്തി. 2014ൽ വ്യാപക പിന്തുണ നൽകിയെങ്കിലും അഞ്ചു വർഷത്തിനിപ്പുറം ബിജെപി വഞ്ചിച്ചെന്ന ചിന്തയാണു കർഷകർക്ക്. അപ്രതീക്ഷിത നോട്ടുനിരോധനം രാജ്യത്തെ സാമ്പത്തിക രംഗം തകിടം മറിച്ചു. ആയിരക്കണക്കിന് ആളുകൾക്കു തൊഴിൽ നഷ്ടപ്പെടുത്തി.

കാര്യങ്ങൾ ഏറെ വഷളായെന്നാണു പൊതുനിഗമനം. രാഹുൽ ഗാന്ധിയും കോൺഗ്രസും മോദിക്കും ബിജെപിക്കും ബദലാകുമെന്നാണു വോട്ടർമാർ കരുതുന്നത്. മുസ്‍ലിം വിരുദ്ധത പ്രചരിപ്പിച്ചു ഹിന്ദുവോട്ടുകൾ കൈക്കലാക്കുകയാണു മോദിയും കൂട്ടരും ചെയ്യുന്നത്. മതനിരപേക്ഷതയും ഐക്യവും മുൻനിർത്തിയാണു രാഹുൽ വോട്ട് തേടുന്നത്. ന്യായ് പദ്ധതി ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ കോൺഗ്രസിനെ രക്ഷിക്കും’ – റിപ്പോർട്ട് വിശദീകരിക്കുന്നു.

അതേസമയം, സർവേയുടെ ആധികാരികത ചിലർ ചോദ്യം ചെയ്തു. ബ്രിട്ടിഷ് ഗവേഷണ സംഘം നടത്തിയ പഠനത്തെ ആധാരമാക്കിയുള്ള പ്രവചനമാണെന്നു പറയുമ്പോഴും ഗവേഷണ സ്ഥാപനത്തിന്റെ പേര് വ്യക്തമാക്കുന്നില്ലെന്നാണു പ്രധാന ആക്ഷേപം. തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഇടയിൽ ഇങ്ങനെയൊരു സർവേ പുറത്തുവരുന്നതു ഗൗരവമുള്ള കാര്യമാണെന്നു സി വോട്ടറിന്റെ സ്ഥാപകൻ യശ്വന്ത് ദേശ്മുഖ് ട്വീറ്റ് ചെയ്തു.

Loading...