മലപ്പുറം: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി മലപ്പുറം കീഴാറ്റൂരില്‍ കോവിഡ് ബാധിച്ച 85കാരന്റെ മന്ത്രവാദ ചികിത്സ. രോഗിയുമായും ഉംറ തീര്‍ഥാടനം കഴിഞ്ഞെത്തിയ മകനുമായും ഇടപഴകിയവരെ കണ്ടെത്താനുളള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും.

കോവിഡ് സ്ഥിരീകരിച്ച 85കാരന്‍ പനിയും ജലദോഷവും ബാധിച്ചപ്പോള്‍ ആരോഗ്യ ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ മറച്ചു വച്ചുവെന്നാണു വിവരം. രോഗം ബാധിച്ചശേഷവും മുന്‍പും വെളളത്തില്‍ മന്ത്രിച്ച് ഓതുന്നത് അടക്കമുളള ചികിത്സകള്‍ ഇയാൾ നടത്തിയിരുന്നു. ആരൊക്കെയാണു ചികിത്സ തേടി എത്തിയതെന്ന് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരമില്ലെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഉംറ തീര്‍ഥാടനം കഴിഞ്ഞെത്തിയ മകന്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം വകവയ്ക്കാതെ ആനക്കയത്തു നടന്ന പ്രാര്‍ഥനാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പല സ്ഥലങ്ങളില്‍നിന്നുളള 180 പേര്‍ ഈ പ്രാര്‍ഥനയില്‍ മാത്രം പങ്കെടുത്തിട്ടുണ്ട്. എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കാനുളള പരിശ്രമം തുടരുകയാണ്. മതപരമായ ഒട്ടേറെ മറ്റു പരിപാടികളിലും ഇയാൾ പങ്കെടുത്തിട്ടുണ്ട്. രോഗിയും കുടുംബവുമായി ഇടപെട്ട എല്ലാവരോടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Loading...