കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ ഞായറാഴ്ച മുതൽ 20 ദിവസത്തേക്ക് സമ്പൂർണ കർഫ്യു പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകിട്ട് 4 മുതൽ പ്രാബല്യത്തിൽ വരുന്ന സമ്പൂർണ കർഫ്യുവിൽ വൈകിട്ട് 4.30 മുതൽ 6.30 വരെ റസിഡൻഷ്യൽ മേഖലയിൽ സായാഹ്ന നടത്തത്തിന് മാത്രമാണ് അനുമതി. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ഓൺ‌ലൈൻ സംവിധാനത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഞായറാഴ്ച മുതൽ മേയ് 30 വരെ സമ്പൂർണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചത്. നിലവിലുള്ള 16 മണിക്കൂർ കർഫ്യു 24 മണിക്കൂർ ആയി ദീർഘിപ്പിക്കുകയായിരുന്നു. 

∙ സായാഹ്ന നടത്തത്തിനായി ഇളവ് അനുവദിച്ച 2 മണിക്കൂർ വാഹനവുമായി പുറത്തിറങ്ങരുത്. നിർബന്ധമായും മാസ്ക് ധരിക്കണം. സാമൂഹിക അകലവും പാലിക്കണം.

∙ സർക്കാർ മേഖലയിൽ അത്യാവശ്യ സർവീസുകൾ മാത്രം പ്രവർത്തിക്കാം. സ്വകാര്യമേഖലയിൽ സമ്പൂർണ അവധിയായിരിക്കും. 

∙ സഹകരണ സ്ഥാപനങ്ങൾ, ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ, ഫാർമസികൾ എന്നിവിടങ്ങളിൽ നിന്ന് അല്ലാത്ത ഹോം ഡലിവറിയും അനുവദിക്കില്ല.

∙ പത്രമാസികകൾ പ്രവർത്തിക്കരുത്. ഓൺ‌ലൈനുകൾ ആകാം. അഭിമുഖങ്ങളും ഓൺ‌ലൈൻ വഴിയായിരിക്കണം.

∙ കർഫ്യു പാസ് സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമായി ചുരുക്കും.

∙ സഹകരണ സ്ഥാപനങ്ങളിലെ ഷോപ്പിങ് ഓൺ‌ലൈൻ ബുക്കിങ് വഴി മാത്രമായിരിക്കണം. സഹകരണ സ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റുകളിൽ നിന്നുമുള്ള ഇടപാടുകൾക്ക് ബാർകോഡ് ഏർപ്പെടുത്തും. ഓൺ‌ലൈൻ വഴി അപേക്ഷിച്ച് ബാർകോഡ് കരസ്ഥമാക്കണം. ഒരാൾക്ക് ആഴ്ചയിൽ ഒരുതവണ മാത്രമേ ബാർകോഡ് ലഭിക്കൂ. സ്ഥാപനങ്ങളിൽ പ്രവേശനത്തിന് ബാർകോഡ് നിർബന്ധമായിരിക്കും. 

∙ പാചകവാതക സിലിണ്ടറുകളുടെ വിതരണവും ബുക്കിങ് അനുസരിച്ച് ആയിരിക്കും. 

Loading...