കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി ചൊവ്വാഴ്ച രാത്രി 12 മണി മുതൽ 21 ദിവസം രാജ്യം മുഴുവൻ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സുപ്രധാനമായ ഒരു തീരുമാനമെടുക്കുകയാണ്. ചൊവ്വാഴ്ച രാത്രി 12 മണി മുതൽ രാജ്യം മുഴുവൻ അടച്ചിടുകയാണ്.ഇത് ഒരു കർഫ്യൂ പോലെയാകും. 22 ന് ജനകീയ സഹകരണത്തോടെ നടപ്പാക്കിയ ജനതാ കർഫ്യൂവിനെക്കാൾ കർശനമായി ഇത് നടപ്പാക്കും. – ചൊവ്വാഴ്ച രാത്രി എട്ടിനു രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങൾക്കും ലോക്ക്‌ഡൗൺ ബാധകമായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഏപ്രിൽ 14 വരെയാണ് അടച്ചിടൽ. രാജ്യത്തെ ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിനായി 15,000 കോടി രൂപയുടെ പ്രത്യേക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൊറോണ വൈറസ് പരിശോധനാ സംവിധാനങ്ങൾ, സുരക്ഷാ വസ്ത്രങ്ങൾ, ഐസലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ ഉടൻ ഉറപ്പാക്കാനാണ് ഈ തുക വിനിയോഗിക്കുക.

വരുന്ന 21 ദിവസം നമുക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ കൊറോണ വൈറസ് വ്യാപന ചക്രം തകർക്കാൻ 21 ദിവസമെങ്കിലും വേണം. സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കുന്നതിലൂടെ രാജ്യത്തിന് അധിക സാമ്പത്തിക ഭാരമുണ്ടാകും. എന്നാൽ ഓരോ ഇന്ത്യക്കാരുടെയും ജീവൻ രക്ഷിക്കുകയെന്നതിനാണ് സർക്കാർ മുൻഗണന. വീടുകളിൽനിന്ന് ആരും പുറത്തിറങ്ങരുത്. ഓരോരുത്തരുടെയും അശ്രദ്ധയ്ക്കു രാജ്യത്തിനു ചിന്തിക്കാൻ കഴിയാത്തത്ര വലിയ വില നൽകേണ്ടിവരും. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങൾക്കു പോലും കൊറോണ വൈറസിന്റെ ആഘാതം നേരിടാന്‍ സാധിച്ചിട്ടില്ല. ജനം രാജ്യത്ത് എവിടെയാണെങ്കിലും അവിടെ തന്നെ തുടരുക. ഈ 21 ദിവസം രാജ്യത്തിനു നിർണായകമാണ്. സർക്കാരിന്റെ നിർദേശങ്ങൾ ഉറപ്പായും പാലിക്കണം.– പ്രധാനമന്ത്രി അഭ്യർഥിച്ചു. അഭ്യൂഹങ്ങളിലും അന്ധവിശ്വാസങ്ങളിലും വിശ്വസിക്കരുതെന്നും ഡോക്ടർമാരുടെ നിർദ്ദേശം തേടാതെ മരുന്നുകൾ കഴിക്കരുതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

നിങ്ങൾ ഒരു കാര്യം മാത്രം ചെയ്യൂ. വീട്ടിൽ തുടരൂ. രാജ്യമാകമാനമുള്ള ഈ ലോക്ക്ഡൗൺ നിങ്ങളുടെ വീട്ടിന്റെ വാതിലിനു ചുറ്റുമുള്ള ലക്ഷ്മണരേഖയായി കാണൂ. രോഗബാധയുളളയാളെ ആദ്യം‌ തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. തുടക്കത്തിൽ ഇവർ ആരോഗ്യത്തോടെയുണ്ടാവാം. അതിനാൽ മുൻകരുതൽ സ്വീകരിച്ച് വീട്ടിൽ തന്നെ തുടരുക. സമ്പൂർണ ലോക്ക് ഡൗണിലൂടെയാണ് മറ്റു രാജ്യങ്ങൾ വൈറസ് വ്യാപനം നിയന്ത്രിച്ചത്. വ്യാപനത്തിന്റെ വേഗം കൂടുന്തോറും പിടിച്ചുകെട്ടൽ‌ അതികഠിനമാകും. കോവിഡ് അഗ്നിപോലെ വ്യാപിക്കുകയാണ്. ചിലരുടെ ശ്രദ്ധക്കുറവ് നിങ്ങളേയും കുടുംബത്തേയും അപകടത്തിലാക്കാം. കൊറോണ വൈറസ് ആദ്യത്തെ ലക്ഷം പേരിലെത്താൻ 67 ദിവസമെടുത്തു. 11 ദിവസം കൂടി കഴിഞ്ഞപ്പോൾ അത് അടുത്ത ലക്ഷം പേരിലേക്കു കൂടി വ്യാപിച്ചു. പിന്നീട് നാലു ദിവസം മാത്രമാണ് മൂന്നു ലക്ഷം പേരിലേക്ക് രോഗമെത്താൻ വേണ്ടിവന്നതെന്നത് ഗൗരവമായി കാണണം.

ഈ വേളയിൽ നിങ്ങളുടെ തീരുമാനമാകും എല്ലാം നിശ്ചയിക്കുക. ആ തീരുമാനം ഈ വലിയ വിപത്തിനെ ചെറുക്കുന്നതിൽ നിർണായകവും. അതിനാൽ വേണ്ടത്ര അച്ചടക്കവും ക്ഷമയും പുലർത്തുക. വീട്ടിൽ തുടരുക. ഈ 21 ദിവസം നമുക്ക് കൈകാര്യം ചെയ്യാനായില്ലെങ്കിൽ 21 വർഷമാകും രാജ്യം പിന്നോട്ടു പോകുക. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യത്തെ മുന്നണിപ്പോരാളികളായ ഡോക്ടർമാരെയും നഴ്സുമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും ഈ അവസരത്തിൽ നമുക്ക് ഓർമിക്കാം. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായിരിക്കാനും സമൂഹം സുരക്ഷിതമായിരിക്കാനും ശ്രമിക്കുന്നവർക്കായി പ്രാർഥിക്കാം. 24 മണിക്കൂറും കൃത്യമായ വാർത്ത നിങ്ങളിലെത്തിക്കാൻ ജീവൻ പണയം വച്ചും പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരെ ഓർമിക്കാം. – പ്രധാനമന്ത്രി പറ‍ഞ്ഞു.

മാർച്ച് 22 ലെ ജനതാ കർഫ്യു വിജയിപ്പിച്ച പൗരന്മാർക്ക് നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തോടുള്ള അഭിസംബോധന തുടങ്ങിയത്. തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് രാജ്യം ജനതാ കർഫ്യു ഏറ്റെടുത്തത്. പ്രതിസന്ധി ഘട്ടത്തിൽ നമ്മൾ ഒരുമിച്ചു നിന്നു. കൊറോണയെ തടയണമെങ്കിൽ അതു പടരുന്ന വഴികൾ തകർക്കുകയാണു ചെയ്യേണ്ടത്. സാമൂഹിക അകലം പാലിക്കുക ഓരോ പൗരനും ബാധകമാണ്. കുടുംബങ്ങളിൽ‌ എല്ലാവരും ഇതു പിന്തുടരണം. കൊറോണ നേരിടാൻ മറ്റു വഴികളില്ല. രോഗികൾ മാത്രമല്ല സാമൂഹിക അകലം പാലിക്കേണ്ടത്. പ്രധാനമന്ത്രി ഉൾപ്പെടെ എല്ലാവർക്കും ഇതു ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

Loading...