ലോകത്തെ സാധാരണ ജീവിതത്തെ താറുമാറാക്കി മുന്നേറുകയാണ് അപ്രതീക്ഷിതമായി എത്തിയ കൊറോണാവൈറസ്. കൊറോണാവൈറസിനെതിരായി അമേരിക്കയില്‍ ജനങ്ങള്‍ക്ക് ആരോഗ്യ വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാം. ഇവ ഏതു രാജ്യക്കാര്‍ക്കും ഉപകാരപ്രദമായിരിക്കും.

പുകവലി

കണക്കുകള്‍ പ്രകാരം 3.4 കോടി അമേരിക്കക്കാര്‍ പുകവലിക്കാരാണ്. ഇവരില്‍ 2.6 കോടി പേരും പുകവലി മൂലമുള്ള രോഗങ്ങളുമായി ജീവിക്കുന്നവരുമാണ്. കോവിഡ്-19 ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന രോഗമാണ്. ദീര്‍ഘകാലമായി പുകവലിക്കുന്നവര്‍ അവരുടെ ശ്വാസകോശത്തിന് ഇപ്പോള്‍ത്തന്നെ പ്രശ്നത്തിലായിരിക്കും. അവര്‍ പുകവലി ഉടനടി നിർത്തണമെന്നും ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയിലെ എപിഡെര്‍മിയോളജിസ്റ്റ് മാര്‍ക് ലിപ്‌സിച് പറഞ്ഞു.

പ്രമേഹം

നിങ്ങള്‍ക്ക് ടൈപ് 1, അല്ലെങ്കില്‍ ടൈപ് 2 ഡയബെറ്റീസ് ഉണ്ടെങ്കില്‍ ബ്ലഡ്ഷുഗര്‍ നിയന്ത്രിച്ചു നിർത്തുന്നത് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രിനോളജിസ്റ്റ്‌സിന്റെ പ്രസിഡന്റായ ഡോക്ടര്‍ സാന്‍ഡ്രാ വെബര്‍ പറഞ്ഞു. നിങ്ങളുടെ ഗ്ലൂക്കോസ് ലെവല്‍ നിയന്ത്രണത്തിലല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍ഫെക്ഷന്‍ വരാനുള്ള സാധ്യത കൂടുതലാണ്. കോവിഡ്-19 അടക്കമുള്ള വൈറസുകള്‍ ബാധിക്കാം. അടുത്ത ഒന്നു രണ്ടാഴ്ചയ്ക്കുള്ളിലെങ്കിലും ബ്ലഡ് ഷുഗര്‍ നിയന്ത്രിച്ചു നിർത്തിയാല്‍ അത് മൊത്തത്തിലുള്ള പ്രതിരോധശേഷി വര്‍ധിപ്പിക്കും.

ടൈപ് 1 ഡയബെറ്റീസ് ഉള്ള വര്‍ക്കായിരിക്കും കൊറോണാവൈറസ് ബാധിക്കാന്‍ കൂടുതല്‍ സാധ്യത. ഇത്തരക്കാര്‍ക്ക് ഓക്കാനം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ അത് കൂടുതല്‍ സങ്കീര്‍ണ്ണമായി തീര്‍ന്ന് ജീവനു ഭീഷണിയുള്ള കെറ്റോവസിഡോസിസ് (ketoacidosis) ആയിതീരാം.
ശ്വാസകോശ രോഗങ്ങള്‍

ആസ്മ, സിഒപിഡി (COPD) തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ തങ്ങളുടെ ഡോക്ടര്‍മാരോട് ഫോണിലൂടെ സംസാരിക്കണമെന്നാണ് അമേരിക്കന്‍ ലങ് അസോസിയേഷന്റെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ആല്‍ബര്‍ട്ട് റിസോ പറഞ്ഞത്. കോവിഡ്-19 ബാധയേറ്റേക്കാന്‍ സാധ്യതയുള്ള ഒരിടത്തും പകരുതെന്നും പറയുന്നു.

ഹൃദ്രോഗം

ഹൃദ്രോഗികള്‍ക്ക് കോവിഡ്-19 പോലെയുള്ള ശ്വാസകോശരോഗങ്ങള്‍ ഭീഷണിയായിരിക്കും. കാരണം അത് മെറ്റബോളിക് ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും ഹൃദയത്തെ കൂടുതല്‍ ശക്തിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ അധികഭാരം അവരുടെ ഹൃദ്രോഗം വര്‍ധിപ്പിക്കാന്‍ ഇടയാകാം. പനി, ചുമ, ന്യൂമോണിയ തുടങ്ങിയവ മാത്രമല്ല പ്രശ്‌നമാകുക- ഹൃദ്രോഗം തന്നെ മൂര്‍ച്ഛിക്കാം.

ഇമ്യൂണോകോം പ്രമൈസ്ഡ് (Immunocompromised)

ഇമ്യൂണോകോംപ്രമൈസ്ഡ് അഥവാ പ്രതിരോധ സിസ്റ്റങ്ങള്‍ക്ക് പ്രശ്‌നം സംഭവിച്ചവര്‍, പ്രധാനമായും ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ്-19 പ്രശ്‌നമാകാം. ചര്‍മ്മാര്‍ബുദം, സന്ധിവാതം തുടങ്ങിയ ഓട്ടോ ഇമ്യൂണ്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഓര്‍ഗാന്‍ ട്രാന്‍സ്പ്ലാന്റ് നടത്തിയിട്ടുള്ളവര്‍ക്കും കീമോതെറാപി അടക്കുമുള്ള ക്യാന്‍സര്‍ ചികിത്സകളിലൂടെ കടന്നുപോകുന്നവര്‍ക്കും സ്‌റ്റെറോയിഡ് എടുക്കുന്നവര്‍ക്കും ഇതു ബാധകമാണ്.

എയിഡ്‌സ് ഉള്ളവര്‍ക്ക് ഇതുവരെ പ്രശ്‌നം വരാമെന്നു പറഞ്ഞു കേട്ടിട്ടില്ലെന്നും പറയുന്നു. ശക്തമായ ആന്റിറിട്രോവൈറല്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇത്തരക്കാര്‍ക്ക് കൊറോണാവൈറസ് പോലെയുള്ള രോഗങ്ങളെ അകറ്റി നിർത്താനാകും. ചില എച്‌ഐവി മരുന്നുകള്‍ കൊറോണാവൈറസ് ബാധിക്കുന്നതുതടയുമോ എന്നു പോലും ഇപ്പോള്‍ സംശയിക്കുന്നുണ്ട്.

ക്യാന്‍സര്‍

കീമോതെറാപ്പി, റേഡിയേഷന്‍ ഇവ രണ്ടും ശരീരത്തിന്റെ പ്രതിരോധശക്തി കുറയ്ക്കും. ചികിത്സയിലിരിക്കുന്ന ക്യാന്‍സര്‍ രോഗികള്‍ പരമാവധി വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണം.

മുതിര്‍ന്നവര്‍

എത്ര ആരോഗ്യവാന്മാരും ആരോഗ്യവതികളുമാണെങ്കിലും മുതിര്‍ന്നവര്‍ മുന്‍കരുതല്‍ എടുത്തേ മതിയാകൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നമ്മളുടെ പല അവയവങ്ങള്‍ക്കും റിസേര്‍വ് ഉണ്ട്. എന്നാല്‍ പ്രായമാകുംതോറും ഇത് കുറയുന്നു. അതിവേഗം കൊറോണാവൈറസ് ബാധിക്കാന്‍ സാധ്യതയുള്ളവരാണ് മുതിര്‍ന്നവര്‍. പെട്ടെന്ന് അസുഖം വരാത്തയാളാണ് താനെന്ന രീതിയിലുള്ള അമിത ആത്മവിശ്വാസമൊന്നും വിലപ്പോകില്ല ഈ വൈറസിനെതിരെ എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.

പുതിയ കൊറോണാവൈറസിനെ പ്രതിരോധ സിസ്റ്റം തിരിച്ചറിയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശരീരത്തിന് അതിനെതിരെ പ്രതിരോധമില്ല. മുന്‍രോഗബാധയൊന്നും പരിഗണിക്കപ്പെടില്ല. രോഗാണുക്കള്‍ പല സമൂഹങ്ങളുടെയും വ്യക്തികളുടെയും ഭാഗമായി തീര്‍ന്നിരിക്കുന്നതിനാല്‍ ഓരോരുത്തരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചില ആളുകളില്‍ നിന്ന് രോഗം പകിരല്ലെന്ന് ആശ്വസിക്കുകയൊന്നും വേണ്ട. പലര്‍ക്കും തങ്ങള്‍ രോഗവാഹികാളാണ് എന്നു പോലും അറിയില്ല.

മുതിര്‍ന്നവരും മാറാവ്യാധികളുള്ളവരും ലോകം ഒരു കൊറോണാവൈറസ് സ്വിമ്മിങ് പൂളാണ് എന്നു കരുതണം. അതിൽ നീന്തിത്തുടിക്കേണ്ടങ്കില്‍ സുരക്ഷിതമായ സ്ഥലത്ത് അടങ്ങിയിരിക്കണം.

Loading...