കുടുംബ വഴക്കിനെത്തുടർന്നു കിണറ്റിൽ ചാടിയ ദമ്പതികളെ ഒടുവിൽ ഫയർഫോഴ്സ് എത്തി കരയ്ക്കു കയറ്റി. കുറിച്ചി സ്വദേശികളായ ദമ്പതികളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു നാട്ടുകാരും ഫയർഫോഴ്സ് സംഘവും ചേർന്നു രക്ഷപ്പെടുത്തിയത്.

കുറിച്ചി സചിവോത്തമപുരത്താണു സംഭവം. വീട്ടിലുണ്ടായ വഴക്കിനെത്തുടർന്നു യുവതി വീട്ടുമുറ്റത്തെ ആഴമുള്ള കിണറ്റിലേക്കു ചാടുകയായിരുന്നു. ഇതു കണ്ട ഭർത്താവും പിറകെ ചാടി.കിണറ്റിനുള്ളിൽനിന്നു ശബ്ദം കേട്ടു ഓടിക്കൂടിയ നാട്ടുകാരോടു രക്ഷിക്കണമെന്നു ഇരുവരും നിലവിളിച്ചുപറഞ്ഞു. കിണറ്റിൽ വീണതോടെ എന്തായാലും ഇരുവരും വഴക്കും ബഹള വും മറന്നു. പത്തടിയോളം വെള്ളമുണ്ടായിരുന്ന കിണറിന്റെ റിംഗിൽ പിടിച്ചു കിടന്ന ഭർത്താവ് ഒരു തവണ മുങ്ങി പൊങ്ങി വന്ന ഭാര്യയെ താഴ്ന്നു പോകാതെ പിടിച്ചു.

ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു ചങ്ങനാശേരിയിൽനിന്ന് അഗ്നിശമന സേന സ്‌ഥലത്തെത്തി ഇരുവരെ യും രക്ഷപ്പെടുത്തി. അവശനിലയിലായിരുന്ന യുവതിയെ ഉടൻതന്നെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ശ്വാസകോശത്തിൽ വെള്ളം കയറിയതിനാൽ യുവതിയെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Loading...