ഇന്ത്യയിലെ വിദഗ്ദർ കണ്ടെത്തിയ കോവിഡ്-19 വാക്സിൻ മനുഷ്യർക്ക് നൽകാൻ പോകുകയാണ്. ഈ പരീക്ഷണം വിജയിച്ചാൽ കൂടുതൽ ഡോസുകൾ നിർമിച്ച് അതിവേഗം വിതരണം ചെയ്യാനാണ് നീക്കം.
ഗോവയിൽ നിന്ന് പത്ത് വോളന്റിയർമാരെയാണ് പരീക്ഷണങ്ങൾക്ക് തിരഞ്ഞെടുക്കുന്നത്. എയിംസ് എത്തിക്കല്‍ കമ്മറ്റി കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാൻ ഞായറാഴ്ച്ചയാണ് അനുമതി നല്‍കിയത്.ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത കോവാക്സിൻ മനുഷ്യ പരീക്ഷണങ്ങൾക്കായി ലിസ്റ്റ് ചെയ്തിരിക്കുന്ന 12 സ്ഥാപനങ്ങളിൽ ഒന്നാണ് നോർത്ത് ഗോവയിലെ പെർനെം താലൂക്കിലുള്ള റെഡ്കർ ഹോസ്പിറ്റൽ.

ഇന്ത്യന്‍ കൗണ്‍ലില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് അഥവാ ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പറയുന്നത് രാജ്യത്ത് വികസിപ്പിച്ചു വരുന്ന കൊറോണ വൈറസിനെതിരെയുള്ള വാക്‌സിനായ കോവാക്‌സിന്‍ (Covaxin) പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 15നോ അതിനു മുൻ‍പോ പോലും ഇറക്കാനാകുമെന്നാണ്. അങ്ങനെ വന്നാല്‍ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ പോലും അതൊരു സംഭവം തന്നെയായിരിക്കും. അതിനുള്ള സാധ്യതകള്‍ എത്രമാത്രമുണ്ട്? നമുക്കു നോക്കാം:

എന്താണ് കോവാക്‌സിന്‍?

ഐസിഎംആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എന്‍ഐവി) ഭാരത് ബയോടെക് ഇന്ത്യ (ബിബിഐഎല്‍) എന്ന കമ്പനിയും സംയുക്തമായാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്. ഇതിനെ ഒരു ഇനാക്ടിവേറ്റഡ് വാക്‌സിന്‍ എന്നാണ് സാങ്കേതികമായി വിശേഷിപ്പിക്കുക. എന്നു പറഞ്ഞാല്‍ നശിപ്പിച്ച കോവിഡ്-19 വൈറസുകളുടെ ഭാഗങ്ങളില്‍ നിന്നാണ് ഇത് വികസിപ്പിക്കുന്നത്. ഇത് ശരീരത്തില്‍ സംക്രമിക്കുകയോ, പകര്‍പ്പുണ്ടാക്കുകയോ (replicate) ചെയ്യില്ല. ഇതിന്റെ ഒരു ഡോസ് കുത്തിവച്ചു കഴിഞ്ഞാല്‍ ശരീരത്തിന് രോഗപ്രതിരോധശക്തി പ്രദാനം ചെയ്‌തേക്കും. ചത്ത വൈറസിനെതിരെ ശരീരം ആന്റിബോഡി ഉണ്ടാക്കുകയും കൊറോണാവൈറസിനെ പ്രതിരോധിക്കുകയും ചെയ്യുമെന്നാണ് ബിബിഐഎല്‍ പറയുന്നത്.

ഇത് ഓഗസ്റ്റ് 15ന് (ഒരു പക്ഷേ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിനൊപ്പം ഇതു പ്രഖ്യാപിച്ചേക്കാമെന്നു പ്രചരിപ്പിക്കുന്നവര്‍ വരെയുണ്ട്) മുൻപ് ഇത് അവതരിപ്പിക്കാനാണ് ശ്രമം. എന്നാല്‍, ക്ലിനിക്കല്‍ ട്രയല്‍സ് റജിസ്ട്രി ഓഫ് ഇന്ത്യയ്ക്ക് (സിറ്റിആര്‍ഐ) ലഭിച്ചിരിക്കുന്ന ആപ്ലിക്കേഷനില്‍ പറഞ്ഞിരുന്നത് പരീക്ഷണത്തിനു (clinical traials) വേണ്ട ആളുകളെ ചേര്‍ക്കാനുള്ള അവസാന തിയതി ജൂലൈ 13 എന്നാണ്. പക്ഷേ, ആളുകളെ ജൂലൈ 7നു മുൻപ് ചേര്‍ക്കണമെന്നാണ് ഇതിനു തയാറായി നില്‍ക്കുന്ന 12 ട്രയല്‍ സൈറ്റുകളോട് ഭാര്‍ഗവ ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള അനുമതി ലഭിക്കാൻ വൈകുകയായിരുന്നു.

സാധാരണ ഗതിയില്‍ ഒരു വാക്‌സിന്റെ ഗുണം ഉറപ്പിക്കണമെങ്കില്‍ മൂന്നു പരീക്ഷണ ഘട്ടങ്ങളില്‍ കൂടെ കടന്നുപോകണം. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡര്‍ഡ് കണ്ട്രോള്‍, ഒന്നും രണ്ടും ഘട്ട ട്രയല്‍സിനു മാത്രമാണ് ഇതുവരെ അനുമതി നല്‍കിയിരിക്കുന്നത്. സിറ്റിആര്‍ഐയും, ബിബിഐഎലും നല്‍കിയിരിക്കുന്ന അപേക്ഷയില്‍ പറയുന്നത് തങ്ങള്‍ ഒന്നു രണ്ടും ഘട്ടം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും മൂന്നു മാസവും എടുത്തേക്കുമെന്നു പ്രതീക്ഷിക്കുന്നു എന്നാണ്. ഒന്നാം ഘട്ടത്തിനു മാത്രം ഒരു മാസത്തിലേറെ എടുത്തേക്കുമെന്നും പറയുന്നു.

എന്നാല്‍, ഇന്ത്യയില്‍ തന്നെയുള്ള വിദഗ്ധര്‍ ഈ ടെസ്റ്റുകളെല്ലാം കൂടെ ഒന്നര മാസത്തിനുള്ളില്‍ എങ്ങനെയാണ് പൂര്‍ത്തിയാക്കുക എന്ന് തങ്ങള്‍ക്ക് ഒരു പിടിയും കിട്ടുന്നില്ലെന്നു പറയുന്നു. ഗ്ലോബല്‍ ഹെല്‍ത്, ബയോ എത്തിക്‌സ് ആന്‍ഡ് ഹെല്‍ത് പോളിസിയിലെ ഗവേഷകനായ ഡോയ ആനന്ദ്ഭന്‍ (Anant Bhan) പറയുന്നത്, അങ്ങനെ സംഭവിച്ചാല്‍ അതു തന്നെ അദ്ഭുതപ്പെടുത്തുമെന്നാണ്. കൊറോണാവൈറസിനുള്ള വാക്‌സിന്‍ ഇറക്കാനുള്ള അതിമോഹവുമായി നടക്കുന്ന ലോകത്തെമ്പാടുമുളള കമ്പനികള്‍ പോലും തങ്ങളുടെ വാക്‌സിന്‍ എത്താന്‍ ഇനിയും വളരെ കാലതാമസം എടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പലരും വളരെ മുന്നിലുമാണ്. എല്ലാ ട്രയല്‍ റിസള്‍ട്ടുകളും, സുരക്ഷ-ഫലപ്രാപ്തി ഡേറ്റ എന്നിവയും കിട്ടിയാല്‍ പോലും ഓഗസ്റ്റ് 15ന് പുറത്തിറക്കാന്‍ സാധിച്ചേക്കില്ല. അങ്ങനെ വന്നാല്‍ അത് പല ചോദ്യങ്ങളുമുയര്‍ത്തുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

സാധാരണഗതിയില്‍ മാസങ്ങളെടുത്താണ് ട്രയല്‍ നടത്തുക. അതു കഴിഞ്ഞ് മൂന്നാം ഘട്ട പരീക്ഷണം സന്നദ്ധരായി എത്തുന്നവരില്‍ നടത്തിയ ശേഷം അതിന്റെ ഫലം വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. ക്ലിനിക്കല്‍ ട്രയലുകള്‍ക്കു ശേഷം ഡേറ്റാ വിശകലനവും വേരിഫിക്കേഷനും നടത്തും. അതേക്കുറിച്ച് എഴുതി കാര്യങ്ങള്‍ പ്രസിദ്ധീകരിക്കും. ഇവ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ പരിശോധിക്കും. ഇതിനെയാണ് പിയര്‍ റിവ്യൂ എന്ന് വിളിക്കുന്നത്. ഇതിനു ശേഷമാണ് പൊതുജനത്തിന്റെ മേല്‍ കുത്തിവയ്ക്കുക. ഇതില്‍ ചില നടപടിക്രമങ്ങള്‍ മാറ്റാമെന്നുവരുകിലും എല്ലാം വേണ്ടന്നുവയ്ക്കാനാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

എന്നാല്‍, ഇപ്പോഴത്തേതു പോലെയുള്ള ചില അടിയന്തര ഘട്ടങ്ങളില്‍ ചില ട്രയലുകള്‍ വേഗത്തിലാക്കാം . ആദ്യ രണ്ടു ഘട്ടങ്ങളിലെ പരീക്ഷണഫലം ആശാവഹമാണെങ്കില്‍ വേണമെങ്കില്‍ കുത്തിവയ്ക്കാന്‍ അടിയന്തര ഘട്ടമാണെങ്കില്‍ അനുവദിച്ചേക്കാമെന്നാണ് പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഒരു വിദഗ്ധന്‍ പറഞ്ഞത്. മൂന്നാം ഘട്ട പരീക്ഷണമില്ലാതെ വാക്‌സിന്‍ പുറത്തിറക്കാന്‍ ഇതിലൂടെ സാധിച്ചേക്കും. എന്നാല്‍, ഇങ്ങനെ അനുവദിക്കുന്ന വാക്‌സിന്‍ കുത്തിവയ്ക്കുന്നതിന് നിരവധി കര്‍ശന നിയന്ത്രണങ്ങളും ഉണ്ടാകാം. കൂടുതല്‍ ഡേറ്റയും വിപരീത ഫലം ഉളവായെങ്കില്‍ അതേപ്പറ്റിയുള്ള റിപ്പോര്‍ട്ടുകളും വേഗം സമര്‍പ്പിക്കണമെന്ന നിബന്ധനയോടെയാകാം ഇത് അംഗീകരിക്കുക എന്നാണ് അദ്ദേഹം പറയുന്നത്.

ഐസിഎംആറിലെ ശാസ്ത്രജ്ഞനായ ലോകേഷ് ശര്‍മ്മ പറയുന്നത് ഓഗസ്റ്റ് 15 എന്നത് ഒരു ഡെഡ്‌ലൈന്‍ ഒന്നുമല്ല. അത് തങ്ങളുടെ ലക്ഷ്യമാണ്. എന്നാല്‍, ഇതിന് മറ്റു സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണ്. ലക്ഷ്യത്തോടെ ജോലി തുടങ്ങിയാല്‍ അത് വിജിയിക്കും. ട്രയല്‍ ആ സമയത്തിന് പൂര്‍ത്തിയാക്കാനാകുമെന്നതാണ് തങ്ങളുടെ പ്രതീക്ഷയും ലക്ഷ്യവുമെന്ന് അദ്ദേഹം പറഞ്ഞു.

Loading...