ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. രാജ്യത്തെ നിലവിലെ രോഗബാധിതരുടെ എണ്ണം 8,20,916 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 519 പേര്‍ മരിച്ചു.

നിലവില്‍ 2,83,407 സജീവ കേസുകളാണുള്ളത്. 5,15,386 പേര്‍ രോഗമുക്തി നേടി. കൊറോണ വൈറസ് ബാധമൂലം 22,123 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ജൂലൈ പത്തു വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,13,07,002 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,82,511 സാമ്പിളുകളാണ് പരിശോധിച്ചത്.

രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 2,38,461 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,32,625 പേര്‍ രോഗമുക്തി നേടി. 95,943 പേരാണ് ചികിത്സയിലുള്ളത്. 9,893 പേരാണ് മഹാരാഷ്ട്രയില്‍ ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാടും ഡല്‍ഹിയുമാണ് മഹാരാഷ്ട്രയ്ക്ക് പിന്നില്‍. തമിഴ്‌നാട്ടില്‍ 1,30,261 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,829 പേര്‍ മരിച്ചു. 82,324 പേര്‍ രോഗമുക്തി നേടി. 46,108 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 1,09,140 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 3,300 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 84,694 പേര്‍ രോഗമുക്തി നേടി. 21,146 പേര്‍ ചികിത്സയില്‍ തുടരുകയാണ്.

Loading...