ലണ്ടൻ: മാർച്ച് 31നു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കിൽ ആശ്വസിച്ചിരിക്കുകയാണ് ബ്രിട്ടൻ. 449 പേരാണ് തിങ്കളാഴ്ച യുകെയിലെ വിവിധ ആശുപത്രികളിൽ മരിച്ചത്. ഇതോടെ ആകെ മരണം 16,509 ആയി. തുടർച്ചയായി എണ്ണൂറിനും തൊള്ളായിരത്തിനും മുകളിലായിരുന്ന മരണനിരക്ക് പകുതിയായി താഴ്ന്നു. ഞായറാഴ്ചയും മരണനിരക്ക് അറുനൂറിൽ താഴെയായിരുന്നു. 1,24,743 പേർക്കാണ് ഇതുവരെ ബ്രിട്ടനിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നാലു ലക്ഷത്തോളം ആളുകളെ പരിശോധനയ്ക്കു വിധേയരാക്കി. സ്പെയിനിലും മരണനിരക്ക് ഗണ്യമായി കുറഞ്ഞു. നാനൂറിൽ താഴെയായിരുന്നു തിങ്കളാഴ്ച സ്പെയിനിലെ മരണനിരക്ക്. 

സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാകാതെ രാജ്യങ്ങൾ

ബ്രിട്ടനിൽ സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത തുടരുകയാണ്. തുർക്കിയിൽനിന്നും ഞായറാഴ്ച എത്തുമെന്ന് കരുതിയിരുന്ന നാലു ലക്ഷം ഗൗണുകൾ ഉൾപ്പെടെയുള്ള സുരക്ഷാ കവചങ്ങൾ ഇനിയും എത്തിയിട്ടില്ല. മ്യാൻമാറിൽ നിന്നും സംഘടിപ്പിച്ച 1,40,000 ഗൗണുകളാണ് താൽകാലിക ആശ്വാസം. ലോകവിപണിയിൽ ഇത്തരം ഉൽപന്നങ്ങൾ കിട്ടാനില്ലാത്ത സാഹചര്യമാണ് ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ കുഴയ്ക്കുന്നത്. ഇക്കാര്യം തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ ചാൻസലർ ഋഷി സുനാക് സമ്മതിച്ചു. 24 മണിക്കൂറും സർക്കാർ ഇവ ലഭ്യമാക്കുന്നതിനായി പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

രോഗം ഭേദമായവരുടെ രക്തം ഉപയോഗിച്ച് പരീക്ഷണം

രോഗം ഭേദമായവരുടെ രക്തം രോഗികളിൽ ഉപയോഗിച്ചുള്ള ചികിൽസാ പരീക്ഷണത്തിന് ബ്രിട്ടനും തീരുമാനിച്ചു. രോഗികളുടെ അനുമതിയോടെയാകും ഈ നടപടി.

ലോക്ഡൗൺ തുടരണമെന്ന നിലപാടിൽ പ്രധാനമന്ത്രി

രാജ്യത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നത് രോഗം വീണ്ടും ശക്തിയാർജിക്കാൻ കാരണമാകുമെന്ന നിലപാടിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഭരണകാര്യങ്ങളിൽ ഇടപെട്ടുതുടങ്ങിയ അദ്ദേഹം, പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന ഡൊമിനിക് റാബുമായും മറ്റ് മുതിർന്ന മന്ത്രിമാരുമായും ഈയാഴ്ച അവസാനം കൂടിക്കാഴ്ച നടത്തും.

കുട്ടികളെ ഇനി ബിബിസി പഠിപ്പിക്കും

ബ്രിട്ടനിൽ ഈസ്റ്റർ അവധിക്കുശേഷം സ്കൂളുകൾ തുറക്കേണ്ട ദിവസമായിരുന്നു തിങ്കളാഴ്ച. എന്നാൽ തൽകാലം സ്കൂളുകൾ തുറക്കേണ്ടതില്ല എന്ന നിലപാടിലാണ് സർക്കാർ. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് 14 ആഴ്ച നീളുന്ന പാഠ്യപദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിബിസി. ഓരോ വിഷയത്തിലും വിദഗ്ധരായ ആളുകൾ ടെലിവിഷനിലൂടെ കുട്ടികൾക്ക് ക്ലാസെടുക്കും.

ഡേവിഡ് ആറ്റൻബറോ (ജ്യോഗ്രഫി), മുൻ ഷാഡോ ചാൻസിലർ എഡ് ബാൾസ് (ഗണിതശാസ്ത്രം), പ്രഫ. ബ്രയാൻ കോക്സ് (സയൻസ്) ഫുട്ബോൾ താരം സെർജിയോ അഗ്വേറോ (സ്പാനിഷ്) തുടങ്ങിയവരാണ് ടെലിവിഷനിൽ ക്ലാസെടുക്കുന്ന സെലിബ്രിറ്റികളായ അധ്യാപകരിൽ ചിലർ. 11 മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള ക്ലാസുകളാണ് പ്രധാനമായും ഉൾക്കൊള്ളിക്കുക. 

മരിച്ചവരിൽ മൂന്നു ശതമാനം ഇന്ത്യക്കാർ

ബ്രിട്ടനിൽ കോവിഡ് മൂലം മരിച്ചയാളുകളുടെ കൂടുതൽ വിശദമായ വിവരങ്ങൾ പുറത്തുവന്നു. മരിച്ചവരിൽ 73.6 ശതമാനവും ബ്രിട്ടീഷ് വംശജരാണ്. 16.2 ശതമാനമാണ് മറ്റ് രാജ്യങ്ങളിൽനിന്നും കുടിയേറിയിട്ടുള്ളവർ. ഇതിൽ മൂന്ന് ശതമാനം ഇന്ത്യൻ വംശജരാണ്. 2.1 ശതമാനം പാക്കിസ്ഥാനികളും. 

മരിച്ചത് എഴുപത് ആരോഗ്യ പ്രവർത്തകർ

രാജ്യത്ത് ഇതുവരെ മരിച്ച ആരോഗ്യപ്രവർത്തകുരുടെ എണ്ണം എഴുപതിനു മുകളിലായി. ഇതിൽ ഡോക്ടർമാർ മുതൽ പോർട്ടർമാർ വരെ ഉൾപ്പെടുന്നു. ഇവരിൽ കൂടുതലും ബ്ലാക്ക്- ഏഷ്യൻ- എത്തിനിക് മൈനോരിറ്റി വിഭാഗത്തിൽ പെട്ടവരാണ്. പന്ത്രണ്ടു ലക്ഷം ജീവനക്കാരുള്ള എൻഎച്ച്എസിൽ അഞ്ചിലൊന്നു പേരാണ് ബ്ലാക്ക് എഷ്യൻ മൈനോരിറ്റി എത്തിനിക് വിഭാഗത്തിൽനിന്നും ഉള്ളവർ. എന്നാൽ മരിച്ച എഴുപതു പേരിൽ അമ്പതിലേറെപ്പേർ ഇക്കൂട്ടരാണ്. ഇത് ആക്ഷേപത്തിനും അന്വേഷണത്തിനും വഴിവച്ചിരിക്കുകയാണ്.

125 ഡോക്ടർമാരും 35 നഴ്സുമാരും ഉൾപ്പെടെ ഇരുന്നൂറിലേറെ ആരോഗ്യപ്രവർത്തകരാണ് ഇറ്റലിയിൽ ഇതിനോടകം മരിച്ചത്. ഇത് അവരുടെ പോരാട്ടവീര്യം തന്നെ നഷ്ടപ്പെടുത്തുന്ന സ്ഥിതിയുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ.

Loading...