നമ്മളുമായി സമ്പർക്കത്തിലേര്‍പ്പെട്ട ഒരാളുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായി എന്നറിയുമ്പോള്‍ മാനസികമായി തന്നെ ചിലരിൽ തളർച്ച വരും . എന്നാല്‍ ഈ അവസരത്തില്‍ സമചിത്തതയോടെ കാര്യങ്ങള്‍ ചെയ്യുകയാണ് പ്രധാനം.

ആദ്യമായി ഇനി നിങ്ങള്‍ പോസിറ്റീവ് ആണെന്നോ നെഗറ്റീവാണെന്നോ തെളിയുന്നതു വരെ മറ്റുള്ളവരുമായി യാതൊരു തരത്തിലെ സമ്പര്‍ക്കവും ഉണ്ടാകാതെ നോക്കുക. വൈറസ് ആരിൽ എപ്പോൾ വേണമെങ്കിലും പ്രവേശിക്കാമെന്ന മുൻധാരണ നല്ലതാണ്. നിങ്ങളോട് സമ്പർക്കം പുലർത്തിയ ആൾക്ക് പോസിറ്റീവാണെന്ന് അറിഞ്ഞാൽ അവരെ സമ്മർദത്തിലാക്കാതെ ആശ്വസിപ്പിക്കുകയാണ് വേണ്ടത്.

അടുത്ത 14 ദിവസങ്ങള്‍ ആണ് ഇനി നിര്‍ണായകം. അതിനാല്‍ നിങ്ങള്‍ ഹോം ക്വാറന്റീനില്‍ പോകേണ്ടത് അത്യാവശ്യം. 10 മുതല്‍ 14 ദിവസമാണ് രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാന്‍ എടുക്കുന്ന സമയം. അതിനാല്‍ ഈ സമയം ഏറെ ശ്രദ്ധിക്കുക. കുടുംബത്തോടൊപ്പം കഴിയുന്നവര്‍ ഈ അവസരത്തില്‍ വീട്ടിലെ ഒരു മുറിയിലേക്ക് മാറുക. പാത്രം, വസ്ത്രം എന്നിവ അടക്കം മറ്റുള്ളവരുടെ വസ്തുക്കൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.

ഒറ്റയ്ക്ക് താമസിക്കുന്നവര്‍ ആരുടെയെങ്കിലും സഹായം അവശ്യമെങ്കില്‍ തേടുക. രോഗത്തിന്റെ പ്രഥമലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ഉടനടി ആരോഗ്യവകുപ്പിനെ അറിയിക്കണം. ഇനി ടെസ്റ്റിന് നല്‍കിയാല്‍തന്നെ റിസള്‍ട്ട്‌ വരുന്ന വരെ കാത്തിരിക്കണം. ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ അതിനു ശേഷം ആളുകളുമായി സഹകരിക്കാന്‍ പാടുള്ളൂ. ഹോം ഐസോലേഷനില്‍ പോകുന്നവര്‍ നിങ്ങളുമായി സഹകരിച്ച ആളുകളെ കൂടി വിവരമറിയിക്കുക.

Loading...