ന്യൂയോർക്ക്: ലോകരാജ്യങ്ങൾ കർശന നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടും കോവിഡ് 19 വ്യാപനം ശമനമില്ലാതെ തുടരുന്നു. രോഗബാധിതരുടെ എണ്ണം 1,603,164 ആയി. മരണസംഖ്യ 95,693 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 80,000ത്തോളം പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.

അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയർന്നു. വ്യാഴാഴ്ച മാത്രം 1819 പേർ മരിച്ചു. ആകെ മരണം 16,691 ആയി. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള സ്പെയിനിൽ 1,53,222 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15,447 പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ എഴുന്നൂറോളം മരണം സ്പെയിനിൽ റിപ്പോർട്ട് ചെയ്തു. കൊറോണ ഏറ്റവും കൂടുതൽ ആൾനാശം വിതച്ച ഇറ്റലിയിൽ മരണസംഖ്യ 18,279 ആയി വർധിച്ചു. രോഗബാധിതരുടെ എണ്ണം 1,43,626 ആയി.

ഫ്രാൻസിലും ദിനംപ്രതി മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനിടെ 1,341 പേർ മരിച്ചു. ഇതുവരെയുള്ള മരണസംഖ്യ 12,210 ആയി. ജർമനിയിൽ 2,607 പേരും ബ്രിട്ടണിൽ എട്ടായിരത്തോളം പേരും ഇറാനിൽ 4,110 പേരും മരണപ്പെട്ടു. ബെൽജിയത്തിലും നെതർലാൻഡിലും കാര്യങ്ങൾ വഷളാവുകയാണ്. ബെൽജിയത്തിൽ മരണം 2,500 പിന്നിട്ടു. നെതർലാൻഡിൽ 2,400. അതേസമയം കാര്യങ്ങൾ നിയന്ത്രണ വിധേയമായ ചൈനയിൽ ഒരാളുടെ മരണം മാത്രമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ആകെ മരണം 3,336 ആയി.

ലോകത്താകെ 356,440 പേർക്ക് രോഗംഭേദമായി. 1,151,031 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. ഇതിൽ 50,000 ത്തോളം ആളുകളുടെ ആരോഗ്യനില ഗുരുതരമാണ്.

Loading...