കോവിഡ് ബാധിച്ച് 52 പേർ മരിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 868 ആയി. 498 രോഗികളും മുംബൈയിൽ നിന്നാണ്; മരിച്ചവരിൽ 34 പേരും. ഇന്നലെ മാത്രം 121 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 

പുണെ ഡി.വൈ. പാട്ടീൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡോക്ടർമാരടക്കം 92 ജീവനക്കാരെ ക്വാറന്റീൻ െചയ്തു. ബാന്ദ്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീക്കു സമീപം ചായക്കടക്കാരനു കോവിഡ് സ്ഥിരീകരിച്ചതോടെ മേഖല അടച്ചുപൂട്ടി. വാർധയിൽ ബിജെപി എംഎൽഎയുടെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ചു വീട്ടിൽ ജനം കൂടിയതിനെതിരെ കേസെടുത്തു. അർവി എംഎൽഎ ദാദാറാവു കേച്ചെയ്ക്കെതിരെയാണു കേസ്. 

തമിഴ്നാട്ടിൽ ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം ആറായി. 57 വയസ്സുള്ള ചെന്നൈ സ്വദേശിനിയാണു മരിച്ചത്. പ്രമേഹ രോഗിയായിരുന്നു. ഇന്നലെ രോഗം കണ്ടെത്തിയ 50 ൽ 48 പേരും നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ. ആകെ രോഗികൾ 621. രോഗികൾ ഏറെയും ചെന്നൈയി‍ൽ – 110. 

കോയമ്പത്തൂർ പോത്തന്നൂർ റെയിൽവേ ആശുപത്രിയിലെ മലയാളി ഡോക്ടർ, 10 മാസം പ്രായമായ മകൻ, ഡോക്ടറുടെ അമ്മ, വീട്ടിലെ സഹായി എന്നിവർക്കു രോഗം ഭേദമായി. 

Special promo

കർണാടകയിൽ ഒരു മലയാളിക്കു കൂടി രോഗം സ്ഥിരീകരിച്ചു. ജർമനിയിൽ നിന്ന് എത്തിയ എറണാകുളം ഇടക്കൊച്ചി സ്വദേശിനി(62)യാണ്. മാർച്ച് 21നാണ് ഇവരുൾപ്പെട്ട നാലംഗ സംഘം ബെംഗളൂരുവിൽ എത്തിയത്. ഇവരുടെ ഭർത്താവിനു നേരത്തേ കോവിഡ് കണ്ടെത്തിയിരുന്നു. 12 പേർ കൂടിയായതോടെ ആകെ രോഗബാധിതർ 163. ചികിത്സയിലുള്ളവരിൽ 9 മലയാളികൾ. 

മൈസൂരു നഞ്ചൻകോട് ജൂബിലന്റ് ലൈഫ് സയൻസ് ഫാർമ കമ്പനിയിലെ 2 ജീവനക്കാർക്കു കോടി കോവിഡ് കണ്ടെത്തി. 19 ജീവനക്കാർ ചികിത്സയിലാണ്.

ന‌ഴ്‌സുമാരുടെ സുരക്ഷ: ഹർജി നൽകി

ന്യൂഡൽഹി ∙ ആശുപത്രികളിൽ കോവിഡ് പ്രതിരോധ നടപടികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ദേശീയ നടപടിക്രമമുണ്ടാക്കാൻ സർക്കാരിനോടു നിർദേശിക്കണമെന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടു.

എൻബിഎ പ്രതിഷേധിച്ചു

ന്യൂഡൽഹി ∙ ന്യൂസ് ചാനലുകളിൽ ജോലിചെയ്യുന്ന മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന ചിലരുടെ സമീപനത്തിൽ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻബിഎ) ആശങ്ക രേഖപ്പെടുത്തി.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തബ്‍ലീഗ് ജമാ അത്തിനെതിരെ വാർത്ത നൽകിയതിനെ തുടർന്നു മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടെന്ന് എൻബിഎ പ്രസിഡന്റ് രജത് ശർമ വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വെല്ലുവിളി ഉയർത്തുന്നവർക്കെതിരെ നടപടി വേണമെന്നു രജത് ശർമ ആവശ്യപ്പെട്ടു. 

Loading...