തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേശാഭിമാനി മുഖപ്രസംഗം. മാവോയിസ്റ്റ് ഭീകരതയെ നിസ്സാരവത്കരിച്ച് പോലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

മാവോയിസ്റ്റ് ഭീകരതയെ നിസ്സാരവല്‍ക്കരിച്ച് പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് മുഖപ്രസംഗം ചോദിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടംചെയ്യുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ചുമതല പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ളതാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട്ട് രണ്ട് യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സംഭവം സിപിഐ എമ്മിനും സര്‍ക്കാരിനുമെതിരെ തിരിച്ചുവിടാനാണ് എതിരാളികള്‍ കിണഞ്ഞുശ്രമിക്കുന്നത്. യുഎപിഎ കരിനിയമമാണെന്ന സിപിഐ എമ്മിന്റെയും സര്‍ക്കാരിന്റെയും സമീപനം അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖപ്രസംഗം പറയുന്നു.

ലഘുലേഖ കണ്ടെടുത്തതിനും ആശയപ്രചാരണം നടത്തിയതിനും യുഎപിഎ ചുമത്തരുതെന്ന് സിപിഐ എം നേതൃത്വം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുതരത്തിലുള്ള നീതിനിഷേധത്തിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. വിശദമായ പരിശോധന നടന്നുവരികയുമാണ്. ഇക്കാര്യത്തില്‍ കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്നും മുഖപ്രസംഗം ആരോപിക്കുന്നു.

Loading...