ബലാത്സംഗത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ബില്‍ ലോക്സഭ പാസാക്കി. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാമെന്ന് 2018 ക്രിമിനല്‍ നിയമ (ഭേദഗതി) ബില്‍ വ്യക്തമാക്കുന്നു.

പതിനാറ് വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവര്‍ക്ക് 10 മുതല്‍ 20 വര്‍ഷം വരെ തടവ്‌ ശിക്ഷയാകും ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ. പതിനാറ് വയസിന് മുകളില്‍ പ്രായമുള്ളവരെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്ക് കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷമായിരുന്നത് 10 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്.

ബലാത്സംഗക്കേസുകളുടെ വിചാരണ വനിതാ ജഡ്ജിയുടെ കോടതിയില്‍ ആയിരിക്കണമെന്നും ഇരയായവരുടെ മൊഴി വനിതാ ഓഫീസര്‍ രേഖപ്പെടുത്തണമെന്നും ബില്ലില്‍ വ്യക്തമാക്കി. ബില്‍ ലോക്സഭ ഐകകണ്ഠ്യേന പാസാക്കുകയായിരുന്നു.

രാജ്യത്തെ സ്ത്രീകൾക്ക് കർശന സുരക്ഷ നൽകുന്ന വിധത്തിൽ വകുപ്പുകളും നിയമങ്ങളും മാറ്റുകയാണെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

Loading...