തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് വ്യാഴാഴ്‌ച്ച പുലർച്ചെയോടെ ഗുജറാത്തില്‍ ശക്തമായി വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 135 കിലോമീറ്റർ വരെ വേഗത്തിൽ ഗുജറാത്തിലെ പോർബന്ദർ തീരത്തെത്തും. കേരളതീരത്ത് ഇന്നു രാത്രി 11.30 വരെ ശക്തമായ തിരമാലകൾക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല‍്കി. മഴയുടെ ശക്തി കുറഞ്ഞതിനാൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപക മഴയ്ക്കുള്ള മഞ്ഞ അലർട്ട് നൽകി. നിലവിൽ മുംബൈയിൽ നിന്ന് 500 കിലോമീറ്ററോളം അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകും. തിരമാലകളുടെ ഉയരം 4.3 മീറ്റർ വരെയാകാനിടയുണ്ട്.

Loading...