ന്യൂഡൽഹി: പൗരത്വനിയമഭേദഗതി വിഷയത്തെച്ചൊല്ലിയുള്ള സായുധകലാപത്തിനു സാക്ഷിയായി വടക്കു-കിഴക്കൻ ഡൽഹിയിലെ തെരുവുകൾ. തിങ്കളാഴ്ച യു.എസ്. പ്രസിഡന്റ് ‍ഡൊണാൾഡ് ട്രംപ് ഡൽഹിയിലെത്തുന്നതിന് മണിക്കൂറുകൾക്കുമാത്രം മുമ്പ്, നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തുടങ്ങിയ സംഘർഷം ചൊവ്വാഴ്ച കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ നാലു പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടാലുടൻ വെടിവെക്കാനുള്ള ഉത്തരവ് ഡൽഹി പോലീസ് പുറപ്പെടുവിച്ചു.

സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ചൊവ്വാഴ്ച വൈകീട്ടോടെ പതിമ്മൂന്നായി. 48 പോലീസുകാരുൾപ്പെടെ 180-ലേറെ പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതിൽ 70 പേർക്ക് വെടിയേറ്റാണ് പരിക്ക്. ഒട്ടേറെ പേരുടെ നില ഗുരുതരമാണ്.

മോജ്പുർ, ബാബർപുർ മെട്രോ സ്റ്റേഷനുകൾക്കു സമീപമുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ചൊവ്വാഴ്ച ഇരുവിഭാഗവും ഏറ്റുമുട്ടി. വെടിയുണ്ടകളും പെട്രോൾ ബോംബും കല്ലുകളും വർഷിച്ച സംഘർഷത്തിൽ കുട്ടികളടക്കം നൂറിലേറെപ്പേർക്കു പരിക്കേറ്റു. യുദ്ധസമാനമായ അന്തരീക്ഷത്തിൽ അക്രമികളെ പിരിച്ചുവിടാൻ പോലീസ് പലതവണ കണ്ണീർവാതകം പ്രയോഗിച്ചു.

സംഘർഷത്തിനിടെ മാധ്യമപ്രവർത്തകർക്കുനേരെയും ആക്രമണമുണ്ടായി. ജെ.കെ. 24×7 ന്യൂസ് റിപ്പോർട്ടർ അക്ഷയ് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. എൻ.ഡി.ടി.വി.യുടെ രണ്ട് റിപ്പോർട്ടർമാരെ അക്രമികൾ ക്രൂരമായി തല്ലിച്ചതച്ചു.

സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മന്ത്രാലയത്തിൽ ഉന്നതതലയോഗം വിളിച്ചുചേർത്തു. ഡൽഹിയിലെ ക്രമസമാധാനച്ചുമതല കേന്ദ്രസർക്കാരിനാണ്. ലെഫ്. ഗവർണർ അനിൽ ബൈജാലും മുഖ്യമന്ത്രി അരവിന്ദ് കെ‌‍ജ്‌രിവാളും പോലീസ് കമ്മിഷണറും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് കെജ്‌രിവാൾ രാജ്ഘട്ടിലെ ഗാന്ധിസ്മൃതികുടീരത്തിലെത്തി സമാധാനപ്രാർഥന നടത്തി. സമാധാനം ഉറപ്പാക്കാൻ ജനങ്ങൾ പോലീസുമായി സഹകരിക്കണമെന്ന് ലെഫ്. ഗവർണർ അഭ്യർഥിച്ചു.

സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചുവരുകയാണെന്ന് ജോയന്റ് പോലീസ് കമ്മിഷണർ അലോക് കുമാർ മാധ്യമങ്ങളോടു പറഞ്ഞു. ഡൽഹി പോലീസിലെ ആയിരം പേർക്കു പുറമേ അർധസൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസ് വക്താവ് അറിയിച്ചു. മൂന്നു ജില്ലകളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിനിടെ, ഡൽഹിയിൽ ക്രമസമാധാനച്ചുമതലയുള്ള സ്പെഷ്യൽ കമ്മിഷണറായി 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥൻ എസ്.എൻ. ശ്രീവാസ്തവയെ ആഭ്യന്തരമന്ത്രാലയം നിയമിച്ചു. സി.ആർ.പി.എഫിൽ നിന്നാണ് അദ്ദേഹത്തെ ഡൽഹി പോലീസിലേക്ക് മാറ്റിയത്. അടിയന്തരമായി ചുമതലയേൽക്കാൻ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കമ്മിഷണർ അമൂല്യ പട്നായിക് ശനിയാഴ്ച വിരമിക്കുമ്പോൾ ശ്രീവാസ്തവ ഡൽഹി പോലീസിന്റെ തലപ്പത്തെത്തിയേക്കും.

അക്രമമോ, ദേശവിരുദ്ധതയോ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് വാർത്താവിതരണ മന്ത്രാലയം നിർദേശം നൽകി.

Loading...