മലയാളസിനിമയില്‍ അടുത്ത കാലത്ത് വന്ന മാറ്റങ്ങള്‍ ഒന്നും ദിലീപ് അറിഞ്ഞില്ല എന്ന് തോന്നുന്നു .അവധികാലത്ത് പ്രേക്ഷകരെ രസിപ്പിക്കാന്‍ എത്തിയ ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരം കാണുമ്പോള്‍ തോന്നുക അതാണ്‌ .അറുപഴഞ്ചൻ ശൈലിയിൽ ചുറ്റികളി കഥയുമായി വീണ്ടും എത്തിയ ദിലീപിന് ഇക്കുറിയും ചുവടുതെറ്റി .ഒരു ടിപ്പിക്കൽ ദിലീപ് ഫെസ്റ്റിവൽ സിനിമയാണ്  സംവിധായകൻ കെ.ബിജുവിനും, ബിജുവിനൊപ്പം രചന നിർവഹിച്ച വി.വൈ രാജേഷും ‘ജോർജേട്ടന്റെ പൂരത്തിലൂടെ അവതരിപ്പിക്കുന്നത്‌ .

ശൃഗാരവേലനും,നാടോടിമന്നനും , ടു കൺട്രീസും ,വെല്‍കം ടു സെന്‍ട്രല്‍ ജയിലും പോലെ ഇതും ഒരു തട്ടുപൊളിപ്പന്‍ കഥ തന്നെ . മഞ്ജുവാരിയരുമായി പിരിഞ്ഞതിന് ശേഷം ദിലീപിന് കഷ്ടകാലമാണെന്ന് ട്രോളന്മാർ പാടി നടക്കുന്നതിലും കാര്യമില്ലാതിലെന്നു  തീയേറ്ററിലെ കൂവൽ കേൾക്കുമ്പോൾ തോന്നും .അടുത്തകാലത്തുണ്ടായ ചില വിവാദങ്ങളിൽപെട്ട് ദിലീപിന് പ്രേക്ഷകരുടെ പ്രീതി നഷ്ടമായി എന്ന് തന്നെ ഉറപ്പിക്കാം .നാട്ടിന്‍പുറത്തെ ഒരു  ഗ്രൗണ്ടും, അതിനോട് ചേർച്ച ഒരു വാട്ടർ ടാങ്കും അവിടുത്തെ ‘അന്തേവാസികളായ’ കുറച്ച് ചെറുപ്പക്കാരുടെയും കഥയാണ് ഈ പൂരം പറയുന്നത് .

ഇന്ത്യക്ക് നിരവധി മെഡലുകൾ നേടിത്തന്ന മത്തായി എന്ന മൺമറഞ്ഞ കബഡി ചാമ്പ്യൻ, സ്ഥലത്തെ പള്ളിയുടെ പേരിൽ എഴുതിനൽകിയ, ഇപ്പോൾ ‘മത്തായിപ്പറമ്പ്’ എന്ന് വിളിക്കപ്പെടുന്ന സ്ഥലമാണത്. ഒരു ജോലിയും കൂലിയുമില്ലാതെ ജീവിക്കുന്ന നായകൻ ജോർജേട്ടന്റെയും (ദിലീപ്) കൂട്ടുകാരുടെയും (വിനയ് ഫോർട്ട്, ഷറഫുദ്ദീൻ തുടങ്ങിയവർ ) ജീവിതം. വാട്ടർടാങ്കിനുമുകളിലെ മദ്യപാനവും വായ്‌നോട്ടവുമൊക്കെയായി അവർ ജീവിതം ആഘോഷിക്കുന്നു.അങ്ങനെ അവർ സ്വന്തമെന്ന് കരുതുന്ന ഈ മണ്ണിന് പുതിയൊരു അവകാശി വന്നാലോ. ഗ്രൗണ്ട് തിരിച്ചുപിടിക്കാനുള്ള ജോർജേട്ടന്റെയും കൂട്ടുകാരുടെയും കഠിന ശ്രമമാണ് ഈ പടത്തിന്റെ രത്‌നച്ചുരുക്കം.

അസംബന്ധ തമാശകളുടെ പെയ്ത്താണ് ചിത്രം മുഴുവൻ. നായികയെ കാണാനായി ഒരു പരിചയുമില്ലാത്തയാളുടെ വീട്ടിനുള്ളിലേക്ക് ഓടിക്കയറി ഗൃഹനാഥൻ പുറത്തുനിൽക്കേ എല്ലാ മുറിയിലും കയറിയിറങ്ങുന്ന നായകൻ,അച്ഛനോട് പിണങ്ങി വാട്ടർടാങ്കിനുമുകളിൽ താമസിക്കാൻ വരുന്ന നായകൻ,അയാൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാനെന്നോണം കുടുംബത്തെ ഉപേക്ഷിച്ച് വാട്ടർ ടാങ്കിന് മുകളിലേക്ക് വരുന്ന കൂട്ടുകാർ… ഇങ്ങനെപോവുന്ന ഊളമ്പാറ കോമഡികളുടെ നീണ്ട നിര.കൈ്‌ളമാകസ് എത്തുമ്പോഴേക്കും അസംബന്ധങ്ങളുടെയും വിവരക്കേടിന്റെയും സംസ്ഥാന സമ്മേളനങ്ങളാണ്.പിന്നെ ഒരു തവണയെങ്കിലും കബഡി കണ്ടവർ ഈ രീതിയിലൊന്നും  സിനിമ ചിത്രീകരിക്കില്ല എന്ന് തോന്നും . കബഡിയെന്നാൽ ആളുകളുടെ നെഞ്ചത്ത് ചവിട്ടി മറിച്ചിട്ടും തല്ലിയൊതുക്കിയും ജയിക്കേണ്ട ഒരു മൃഗീയ കളിയാണെന്നാണ് കൈ്‌ളമാക്‌സിലെ ജോർജേട്ടന്റെ പരാക്രമമൊക്കെ കണ്ടാൽ തോന്നുക.

Image result for georgettan's pooram

ദിലീപിന് ഒട്ടും ചേരാത്ത ഒരു റോള്‍ നല്‍കിയ പോലെയാണ് ഈ ചിത്രം .തൃശൂർ ഭാഷയിലുള്ള ഡയലോഗ് ഡെലിവറിയും നന്നായിട്ടില്ല. ദിലീപിന്റെ പ്രായത്തിനും ചേരാത്ത കഥാപാത്രമാണിത്.ഈ ചെറുപ്പക്കാരുടെ സംഘത്തിന് പരമാവധി 30 വയസ്സുമാത്രമേ സങ്കൽപ്പിക്കാൻ കഴിയൂ. അതിന്റെ വിമ്മിഷ്ടം ദിലീപിന്റെ ചില ക്‌ളോസപ്പ് സീനുകളിൽ പ്രകടവുമാണ്.ഈ ഗഡിയെ ജോർജേട്ടൻ എന്ന് പേരിട്ടിതും എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ചിത്രത്തിൽ മിക്കവരും അയാളെ ‘ജോർജേ’ എന്നുതന്നെയാണ് വിളിക്കുന്നതും.മികച്ച നടിക്കുള്ള പോയവർഷത്തെ സംസ്ഥാന അവാർഡ്‌നേടിയ രജിഷാ വിജയൻ ഈ ചിത്രത്തിലും വളരെ സ്വാഭാവികമായാണ് അഭിനയിച്ചിട്ടുള്ളത്.ആവശ്യത്തിലധികം ശബ്ദമുണ്ടാക്കുന്ന നായകന്റെയും കൂട്ടരുടെയും ഇടയിൽ അധികം സംസാരിക്കാത്ത രജിഷയുടെ നായിക മോശമാക്കിയിട്ടില്ല എന്ന് മാത്രം പറയാം .പിന്നെ ജനപ്രിയനായകന്റെ ചിത്രങ്ങളിൽ പതിവായ സ്ത്രീവിരുദ്ധതയും അശ്‌ളീലവും ദ്വയാർഥപ്രയോഗവും ഈ പടത്തിൽ അല്പം കുറച്ചിട്ടുണ്ട്. എന്നാൽ ഒഴിവാക്കിയിട്ടില്ല എന്ന് പറയേണ്ടി വരും .

Image result for georgettan's pooram

Loading...