ആക്ഷന്‍ കിങ് അര്‍ജുനും ദിലീപും ഒന്നിക്കുന്ന ‘ജാക്ക് ആന്‍ഡ് ഡാനിയല്‍’ എന്ന ബിഗ് ബജറ്റ് ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി. വെള്ളിത്തിരയില്‍ വീണ്ടുമൊരു കള്ളന്‍വേഷം അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ദിലീപ് . മീശമാധവൻ എന്ന ചിത്രത്തിലെ കള്ളൻ വേഷത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ വേഷമാണിതിലെന്ന് താരം പറയുന്നു .താരത്തിൻറെ വാക്കുകൾ ഇങ്ങനെ …

”മീശപിരിച്ച് നോക്കിയ വീട്ടില്‍ രാത്രി മോഷ്ടിക്കാന്‍ കയറുന്ന കള്ളന്‍ മാധവനില്‍ നിന്ന് വ്യത്യസ്തനാണ് ജാക്ക് ആന്‍ഡ് ഡാനിയേലിലെ ജാക്ക്. ഒരു സാധാരണ കള്ളനെന്ന് പറഞ്ഞ് ജാക്കിനെ മാറ്റിനിര്‍ത്താനാകില്ല. എന്തുകൊണ്ട് നമ്മള്‍ ഇതുവരെ ഇങ്ങനെയൊന്നും ചിന്തിച്ചില്ലയെന്ന തോന്നല്‍ സിനിമ കാണുന്ന പ്രേക്ഷകരില്‍ സൃഷ്ടിക്കാന്‍ കഥാപാത്രത്തിന് കഴിഞ്ഞേക്കും.”

പണ്ട് തെങ്കാശിപ്പട്ടണം സിനിമ തമിഴിലേക്ക് റീമേയ്ക്ക് ചെയ്യുമ്പോള്‍ ദിലീപ് ചെയ്ത വേഷം ചെയ്യണമെന്നായിരുന്നത്രെ അര്‍ജുന്‍ സര്‍ സംവിധായകനോട് ആവശ്യപ്പെട്ടത്. അന്ന് കേരളത്തില്‍ നിന്നുള്ള എന്നെപ്പോലെ ഒരു നടനെ അദ്ദേഹം തിരിച്ചറിഞ്ഞു എന്നത് ഏറെ സന്തോഷം തോന്നിയ നിമിഷമായിരുന്നു. പിന്നീട് അദ്ദേഹവുമായി സൗഹൃദത്തിലായെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആവശ്യവുമായി സമീപിക്കാനുള്ള ധൈര്യമൊന്നും എനിക്കില്ലായിരുന്നു.

സംവിധായകന്‍ എസ് എല്‍പുരം ജയസൂര്യയുടെ ചിത്രമാണ് ജാക്ക് ആന്‍ഡ് ഡാനിയല്‍. രണ്ട് ഹീറോസ് എന്ന് തന്നെ പറയാവുന്ന ചിത്രം. ജാക്ക് ആയി ഞാനും ഡാനിയല്‍ എന്ന കഥാപാത്രമായി തമിഴിന്റെ ആക്ഷന്‍ കിങ് അര്‍ജുന്‍ സാറുമാണ് അഭിനയിക്കുന്നത്. ചിത്രത്തിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ രണ്ടാമത്തെ ഹീറോ ആയി ഞങ്ങളുടെ മനസില്‍ തമിഴിന്റെ ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ ആയിരുന്നു. അദ്ദേഹത്തെ മുന്‍പ് പരിചയമുണ്ടെങ്കിലും അദ്ദേഹത്തോട് ഒരു റോള്‍ ചെയ്യാന്‍ വരുമോയെന്ന ധൈര്യമൊന്നും എനിക്ക് ഇല്ലായിരുന്നു. പക്ഷേ എന്നേയും സംവിധായകന്‍ ജയനേയും ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രൊഡ്യൂസര്‍ അദ്ദേഹത്തിന്റെ ഡേറ്റുമായി വരവ്. കഥപറയാന്‍ ചെല്ലാനും അദ്ദേഹത്തിന് കഴിയുന്ന കഥാപാത്രമാണെങ്കില്‍ തയാറാണെന്ന് പ്രൊഡ്യൂസര്‍ വന്ന് പറയുകയായിരുന്നു. ഇത് അറിഞ്ഞതോടെ ഞാനും ആകെ ത്രില്ലായി. ജാക്ക് ഡാനിയേല്‍ എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. അതിനിടയില്‍ ഞാനാണ് സംവിധായകന്‍ ജയനോട് ചോദിച്ചത് ഒരാള്‍ ജാക്കും മറ്റേയാള്‍ ഡാനിയേലും ആയാലോ എന്ന്. അങ്ങനെയാണ് ജാക്ക് ആന്‍ഡ് ഡാനിയല്‍ എന്ന് ആക്കിയത്.

‘രാജ്യം’ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് വൈശാഖില്‍ നടക്കുന്നുണ്ടായിരുന്നു. അതിനിടക്കാണ് ആദ്യമായി അര്‍ജുന്‍ സാറിനെ പരിചയപ്പെടുന്നത്. അന്ന് കേരളത്തില്‍ നിന്നുള്ള എന്നെപ്പോലെ ഒരു നടനെ അര്‍ജുന്‍സാറിനെ പോലെ ഒരു വലിയ നടന് അറിയുമോയെന്ന് എനിക്ക് സംശയമായിരുന്നു. പക്ഷേ എന്നെ കണ്ടപ്പോള്‍ തന്നെ അദ്ദേഹം ‘ദിലീപ്’ എന്ന് വിളിച്ചു. പക്ഷേ പേര് പറഞ്ഞ് വിളിച്ചത് എനിക്ക് ഷോക്ക് ആയിരുന്നു. അദ്ദേഹത്തിന് എന്നെ അറിയാമെന്നത് എനിക്ക് ശരിക്കും അത്ഭുതമായിരുന്നു. അന്ന് തെങ്കാശിപ്പട്ടണം തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ അര്‍ജുന്‍ സര്‍ ആണ് സുരേഷേട്ടന്റെ വേഷം ചെയ്തത്. അദ്ദേഹം പറഞ്ഞത് മലയാളം തെങ്കാശിപ്പട്ടണം കണ്ടിട്ട് അത് തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ എന്റെ ക്യാരക്ടര്‍ ചെയ്യണമെന്നാണ് അദ്ദേഹം സംവിധായകനോട് ആവശ്യപ്പെട്ടത് എന്നാണ്. ആ ക്യാരക്ടര്‍ അത്രയും ഇഷ്ടമായതുകൊണ്ട് തന്നെ ദിലീപിനെ ഞാന്‍ ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞു. എനിക്ക് അത് ഏറെ സന്തോഷമായിരുന്നു. ഇപ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തോടൊപ്പം ഒരേ സ്്ക്രീനിലെത്തുമ്പോള്‍ ഞാന്‍ ആകെ ത്രില്ലായി ഒപ്പം എന്റെ ഭാഗ്യമായും കാണുന്നു. എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട അദ്ദേഹം അതേ പ്രസരിപ്പോടെ വന്ന് അഭിനയിക്കുന്നു. ആക്ഷന്‍ കിങ് അര്‍ജുന്‍ എന്നത് അന്നത്തെ പോലെ തന്നെ മെയിന്റെയിന്‍ ചെയ്യുന്നു. ശരിക്കും നമുക്കെല്ലാവര്‍ക്കും മാതൃകയാക്കാന്‍ തോന്നുന്ന ഒരു വ്യക്തിയാണ് അര്‍ജുന്‍.

എന്റെ ജീവിതത്തില്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും ബുദ്ധിമുട്ടേറിയത് ചാന്തുപൊട്ടിലേതാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതിനെക്കാള്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നതായിരുന്നു സംവിധായകന്‍ എസ് എല്‍പുരം ജയസൂര്യയോടൊപ്പം ഞാന്‍ ചെയ്ത സ്പീഡിലെ കഥാപാത്രത്തിന്റേത്. ജയന്റെ ആദ്യത്തെ സിനിമ. എനിക്ക് ഒരുപാട് ഓടേണ്ടി വന്നൊരു സിനിമയായിരുന്നു അത്. ക്ലൈമാക്സിലെല്ലാം ചാമ്പ്യന്മാരായവരോടൊപ്പമൊക്കെ ഓടേണ്ടി വന്നു. അവര്‍ രാവിലെ രണ്ട് മണിക്കൂറൊക്കെ പ്രാക്ടീസ് ചെയ്യും. ഞാന്‍ രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം വരേയും ഓട്ടം തന്നെയായിരുന്നു. ജയന് ഓട്ടത്തിനോട് എന്തോ പ്രത്യേക മമതയുണ്ടെന്ന് തോന്നുന്നു…..(ചിരിക്കുന്നു). കനല്‍ക്കണ്ണന്‍മാസ്റ്റര്‍, മാഫിയ ശശി തുടങ്ങി അഞ്ച് ഫൈറ്റ് മാസ്റ്റേഴ്സ് ചിത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്ന് കരുതി മുഴുവന്‍ അടി ഇടി ഓട്ടമൊന്നുമല്ല. അത്യാവശ്യം കായികാധ്വാനം വേണ്ടി വന്നിട്ടുണ്ട് ജാക്ക് എന്ന കഥാപാത്രത്തിനായി.

എങ്ങനെ കള്ളന്‍, എന്തുകൊണ്ട് കള്ളനായി എന്നതിലൊക്കെ കാര്യമുണ്ട്. ഒരു കള്ളന്റെ കഥയെന്നാണ് മീശമാധവന്റെ കഥ പറയുമ്പോള്‍ സിദ്ദീഖ് ലാല്‍ പറഞ്ഞത്. പക്ഷേ ആ കള്ളനെ ജനങ്ങള്‍ ഇഷ്ടപ്പെടുമെന്നാണ് അന്ന് സിദ്ദീഖ് പറഞ്ഞത്. അതുപോലെ തന്നെ അന്ന് മീശമാധവനിലെ കള്ളനെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. മീശ പിരിച്ചുകൊണ്ട് ഒരു വീട്ടിലേക്ക് നോക്കി എന്തൊക്കെ മോഷ്ടിക്കാം എന്ന് ചിന്തിക്കുന്ന കള്ളന്‍. എന്നാല്‍ ആ കള്ളനില്‍ നിന്ന് മാറി വ്യത്യസ്തനായ കള്ളനാണ് ജാക്ക് ആന്‍ഡ് ഡാനിയേലിലെ ജാക്ക് എന്ന കള്ളന്‍. സാധാരണ ഒരു കള്ളന്‍ എന്ന് പറഞ്ഞ് ഒഴിവാക്കാന്‍ പറ്റാത്ത കഥാപാത്രമാണ് ജാക്ക്. സമൂഹത്തോട് കടപ്പാടും പ്രതിബന്ധതയുമുള്ളവരാണ് നമ്മള്‍. നമുക്ക് പോലും അയ്യോ എന്തുകൊണ്ടാണ് നമ്മള്‍ ഇതുവരെ
ഇങ്ങനെ ചിന്തിക്കാതിരുന്നു എന്ന ചിന്തയുണ്ടാക്കുന്ന കഥാപാത്രം.

ഓരോ കഥാപാത്രങ്ങള്‍ ചെയ്ത്, അത് മാര്‍ക്ക് ചെയ്ത കലാകാരന്മാരുണ്ട്. ഒരു കഥാപാത്രമായി സങ്കല്പിക്കുമ്പോള്‍ നമ്മള്‍ കണക്ക് കൂട്ടും. കഥാപാത്രമായാല്‍ അവര്‍ക്ക് എന്തൊക്കെ ചെയ്യാമെന്ന രീതിയില്‍. അതിന് ഒരു ഉദാഹരമാണ് നടന്‍ ദേവന്‍. കാരണം അദ്ദേഹമൊക്കെ വില്ലന്‍ ആയി അഭിനയിച്ച് മാര്‍ക്ക് ചെയ്യപ്പെട്ട നടന്മാരാണ്. അങ്ങനെയാകുമ്പോള്‍ ഒരാളുടെ ഇമേജ് അയാള്‍ ചെയ്യുന്ന കഥാപാത്രത്തിന് വളരെ പ്രധാനപ്പെട്ടതായി മാറുകയാണ് ചെയ്യാറുള്ളത്.

എല്ലാത്തരം സിനിമയും ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. എല്ലാവരും ആവശ്യപ്പെടുന്നത് എന്റെര്‍ടെയിന്‍മെന്റ് ടൈപ്പ് സിനിമകള്‍ ചെയ്യണം കാണണം എന്നൊക്കെയാണ്. ത്രീ ഡി ചിത്രമായ ഡിങ്കന്‍ പണിപ്പുരയിലാണ്. ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്നത് മൈ സാന്റ എന്ന ചിത്രമാണ്. ഞാന്‍ അതില്‍ സാന്റ ആയിട്ടാണ്. രണ്ടാംക്ലാസില്‍ പഠിക്കുന്ന കുട്ടിയും സാന്റയുമായുള്ള ബന്ധമാണ് കഥ. അതിലെ നായികയായി എത്തുന്നത് ഏഴ് വയസുകാരിയായ കുട്ടിയാണ്.

Loading...