ഭുവനേശ്വര്‍: ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തി മൃതദേഹങ്ങൾ 300 കഷ്ണങ്ങളാക്കി സ്റ്റീല്‍ പാത്രങ്ങളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ കേസില്‍ മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഖുര്‍ദ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 78-കാരനായ സോംനാഥ് പരീദയെ കോടതി ശിക്ഷിച്ചത്. 62 കാരിയായ ഭാര്യ ഉഷശ്രീ പരീദയെ 2013 ജൂണ്‍ 3നാണ് സോംനാഥ് കൊലപ്പെടുത്തിയത്. ജൂണ്‍ 21ന് പോലീസ് സോംനാഥിനെ അറസ്റ്റ് ചെയ്തു.

രാണ്ടാഴ്ചയോളം അമ്മയെ ഫോണില്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിദേശത്ത് താമസിക്കുന്ന ഇവരുടെ മകള്‍ക്ക് തോന്നിയ സംശയമാണ് കേസിന്റെ ചുരുളഴിച്ചത്. അമ്മയോട് സംസാരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും സോംനാഥ് അനുവദിച്ചിരുന്നില്ല. 

തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മകള്‍ ബന്ധുവിനോട് ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തിയ ബന്ധുവിന് ഉഷശ്രീ കൊല്ലപ്പെട്ടിരിക്കാം എന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

പോലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം 300 കഷ്ണങ്ങളാക്കി സ്റ്റീല്‍ പാത്രങ്ങളിലാക്കിയ നിലയില്‍ കണ്ടെത്തി. മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.

Loading...