അമേരിക്കയിലേക്കുള്ള കുടിയേറ്റം, മെക്സിക്കോയിൽനിന്നുള്ളവരെ തടയാൻ വന്മതിൽ, മുസ്ലിംകളെ നിരോധിക്കും, അനധികൃത കുടിയേറ്റക്കാരെ തിരിച്ചുവിടും ഇതൊക്കെയാണു ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ.
തുടരെത്തുടരെ മാറ്റുന്ന കുടിയേറ്റ സാമ്പത്തിക നയങ്ങളും ലോകരാജ്യങ്ങളെല്ലാം തങ്ങളുടെ കാൽക്കീഴിലാക്കാനുള്ള ട്രംപിന്റെ തലതിരിഞ്ഞ നയങ്ങളേയും കുറിച്ച് അഞ്ജലി ആന്റണി മലയാളം ന്യൂസ്പ്രസ്സിൽ എഴുതുന്നു.

ഡൊണാള്‍ഡ് ട്രംപ് തനിക്ക് ലഭിച്ച അധികാരത്തെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകരാജ്യങ്ങളെ ആകെ നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തന്നെ അനുസരിക്കാത്ത രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയും, ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുമായി ഏതെങ്കിലും തരത്തില്‍ സഹകരിക്കുന്ന രാജ്യങ്ങളെ ‘ഉപരോധം’ എന്ന മഞ്ഞ കാര്‍ഡ് ഉയര്‍ത്തിക്കാട്ടി താക്കീത് നല്‍കുകയും ചെയ്തു കൊണ്ട് അദ്ദേഹം ഉല്ലസിക്കുകയാണ്. ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് മേല്‍ അധിക നികുതി ചുമത്തിയും ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധവും നിയന്ത്രണവും ഏര്‍പ്പെടുത്തിയും മതയാനയെ പോലെ മതിച്ച് നടക്കുകയാണ് ട്രംപ്. ഇത്തരം നടപടികള്‍ കൊണ്ട് ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോലും നീങ്ങുമോ എന്ന ആശങ്ക വിദഗ്ധര്‍ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പങ്കുവെച്ചിരുന്നു. എന്നാല്‍, ആഗോള വ്യാപാര യുദ്ധത്തിന്റെ തീവ്രത കുറയ്ക്കുന്നതാണ് കഴിഞ്ഞ ദിവസം യുഎസും മെക്സിക്കോയും തമ്മില്‍ ഒപ്പിട്ട ഉഭയകക്ഷി വ്യാപാര കരാര്‍ എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നുണ്ട്.

ലോകത്തെ ഒട്ടുമിക്ക വ്യാപാര വിനിമയങ്ങളും നടക്കുന്നത് അമേരിക്കന്‍ കറന്‍സിയായ ഡോളറിന്റെ മൂല്യം അടിസ്ഥാനമാക്കിയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തിലാണ് ഡോളര്‍ നിലകൊള്ളുന്നത്. മുകള്‍പരപ്പിലൂടെ നോക്കുമ്പോള്‍ ട്രംപ് പ്രസിഡന്റായ ശേഷം സ്വീകരിച്ച ‘അമേരിക്ക ഫസ്റ്റ്’ നയങ്ങള്‍ ഫലം കണ്ടുവെന്നും അമേരിക്കന്‍ സമ്പദ്ഘടന ശക്തിപ്പെട്ടുവെന്നുമൊക്കെ തോന്നും. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം പിന്‍തുടര്‍ന്ന് വരുന്ന നയങ്ങളുടെയോ സ്വീകരിച്ച നടപടികളുടെയോ തത്ഫലമായിട്ടല്ല യുഎസ് ഡോളറിന്റെ മൂല്യം ഉയര്‍ന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. തന്നെയുമല്ല, എക്സ്ചേഞ്ച് റെയ്റ്റിന്റെ (വിനിമയം നടത്തുന്ന നിരക്ക്) അടിസ്ഥാനത്തിലല്ല ഒരു കറന്‍സി ശക്തമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. അതിന് പാരാമീറ്ററുകള്‍ (മാനദണ്ഡങ്ങള്‍) അനവധിയുണ്ട്. ഇന്ത്യയില്‍ നരേന്ദ്ര മോദി നടപ്പാക്കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പോലെ തന്നെ കാര്യമാത്രപ്രസ്‌ക്തമായ ഒന്നല്ല ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നയങ്ങളും മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയിന്‍ മുദ്രാവാക്യവും.

ഡോളറിന്റെ മൂല്യം ഉയര്‍ന്നത് തന്റെ സാമ്പത്തിക നയങ്ങള്‍ കൊണ്ടാണെന്നും നികുതികള്‍ വെട്ടിക്കുറച്ചത് കൊണ്ടാണെന്നും നമ്മള്‍ വിശ്വസിക്കണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. എന്നാല്‍, പലിശനിരക്കിലുള്ള വര്‍ദ്ധനയാണ് ഡോളറിന്റെ മൂല്യത്തെ ശക്തിപ്പെടുത്തുന്നത് എന്നാണ് ഈ വിഷയത്തില്‍ പ്രാവീണ്യമുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഇന്‍ഫ്ളേഷന്‍, അല്ലെങ്കില്‍ പണപ്പെരുപ്പത്തെ നേരിടുന്നതിനായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് രണ്ട് തവണ പലിശ നിരക്ക് ഉയര്‍ത്തി. ഈ വര്‍ഷം അവസാനിക്കും മുന്‍പ് ഇനിയും പലിശനിരക്ക് ഉയര്‍ന്നേക്കും. യുഎസ് ഇന്ററസ്റ്റ് റേറ്റ് (പലിശ നിരക്ക്) ഉയരുമ്പോള്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് എത്തും. ഈ സാഹചര്യത്തില്‍ ഡോളറിന്റെ ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും മൂല്യം ഉയരുകയും ചെയ്യും.

ട്രംപ് പിന്തുടരുന്ന നയങ്ങള്‍ എല്ലാം തന്നെ അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് പുതുമയുള്ളതാണ്. ഡെമ്പ്റ്റ് കുറയ്ക്കുക, വ്യാപാര കമ്മി കുറയ്ക്കുക തുടങ്ങിയവയ്ക്കാണ് ട്രംപ് ഊന്നല്‍ നല്‍കുന്നത്. പക്ഷെ, കടം കുറയ്ക്കുന്നതിനായി ട്രംപ് നടപ്പാക്കിയ നയങ്ങള്‍ തിരിച്ചടിയാകുകയും 5.3 ട്രില്യണ്‍ ഡോളര്‍ അധിക ബാധ്യത രാജ്യത്തിന് ഉണ്ടാകുകയും ചെയ്തു. ആദായ നികുതി, കോര്‍പറേറ്റ് നികുതി ഉള്‍പ്പെടെ കുറയ്ക്കാനായി അദ്ദേഹം ആലോചിച്ചപ്പോള്‍ അത് കടം വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും മറ്റാരെയും കേള്‍ക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ലാത്തതിനാല്‍ ആദായ നികുതിയും കോര്‍പ്പറേറ്റ് ടാക്സും വെട്ടിക്കുറച്ചു. വ്യാപാര കമ്മി കുറയ്ക്കുന്നതിനായി അലൂമിനിയം ഉള്‍പ്പെടെയുള്ളവയ്ക്ക് നികുതി വര്‍ദ്ധിപ്പിച്ചു, ഇത് ചൈനയെ ചൊടിപ്പിക്കുകയും അവര്‍ യുഎസില്‍നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു. നിലവില്‍ അമേരിക്കയും ചൈനയും തമ്മില്‍ ഏതാണ്ട് വ്യാപാര യുദ്ധത്തിന് (ട്രെഡ് വാര്‍) സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. അവിടെയും ഇവിടെയുമായി മഞ്ഞ് ഉരുകുന്നുണ്ട് എങ്കിലും ഇരു ചേരിയും കരുതിയാണ് ഇരിക്കുന്നത്.

സമ്പദ് ഘടനയുടെ അവസ്ഥ മനസ്സിലാക്കാതെയുള്ള ട്രംപ് നയങ്ങള്‍ അമേരിക്കയ്ക്ക് ദോഷം ചെയ്യുമെന്ന് മാത്രമല്ല ലോക സാമ്പത്തിക ശക്തിയെന്ന നിലയിലുള്ള വിലസല്‍ അവസാനിക്കുകയും ചെയ്യും. അമേരിക്കന്‍ ഡോളറിന്റെ മൂല്യം ഉയര്‍ന്ന് നില്‍ക്കുന്നത് താല്‍ക്കാലിക പ്രതിഭാസമാണ്. വൈകാതെ തന്നെ ഡോളറിന്റെ മൂല്യം കുറയും. അമേരിക്കയ്ക്ക് മേല്‍ക്കൈ നഷ്ടപ്പെടുന്നിടത്തൊക്കെ പിടിമുറുക്കുന്നത് ചൈനയാണ്. റഷ്യയ്ക്ക് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അവരുടെ എണ്ണ ഇറക്കുമതി ചെയ്ത് സഹായിച്ചിരിക്കുന്നത് ചൈനയാണ്. ഡോളര്‍ വിനിമയ മാധ്യമമായി ഉപയോഗിക്കാതെ ചൈനീസ് കറന്‍സിയായ റെന്‍മിന്‍ബിയാണ് (ചൈനയുടെ ഔദ്യോഗിക കറന്‍സി, യുവാന്‍ എന്നത് റെന്‍മിന്‍ബിയുടെ ഒരു യൂണിറ്റാണ്) ഉപയോഗിച്ചിരിക്കുന്നത്. ഇത് സമ്പദ്ഘടനയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുന്നതാണ്. മറ്റ് രാജ്യങ്ങളും സമാനമായ വ്യാപാര രീതി തുടര്‍ന്നാല്‍ ലോകവിപണിയില്‍ ഡോളറിനുള്ള ആധിപത്യം നഷ്ടപ്പെടും. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നെങ്കില്‍ പോലും ഈ ആവശ്യം അതേപടി അംഗീകരിക്കാന്‍ ഇന്ത്യയും ഇതുവരെ തയാറായിട്ടില്ല. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 44 ശതമാനത്തോളം അധികം എണ്ണ ഇന്ത്യ ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്.

അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങള്‍ പോലും ട്രംപിന്റെ നയങ്ങള്‍ തള്ളിക്കളയുകയാണ്. ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം യൂറോപ്യന്‍ യൂണിയന്‍ തള്ളിക്കളഞ്ഞു. തുര്‍ക്കിയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അമേരിക്കയുടെ സൗഹൃദ രാഷ്ട്രങ്ങള്‍ പോലും ഏതാണ്ട് അവഗണിച്ച മട്ടാണ്. വിശാലമായ കാഴ്ച്ചപ്പാടില്‍ രാഷ്ട്രീയ സാമ്പത്തിക സമവാക്യങ്ങള്‍ പൊളിച്ചെഴുതപ്പെടുന്നതിന്റെ തുടക്കമാണ് ഇത്തരം സൂചനകള്‍.

ലോകം ഇനി കാണാന്‍ ഇരിക്കുന്നത് അമേരിക്കയുടെ തളര്‍ച്ചയും ചൈനയുടെയും ഒപ്പം ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ ലോക സാമ്പത്തിക ശക്തിയായുള്ള വളര്‍ച്ചയുമായിരിക്കും. എണ്ണ ഉല്‍പ്പാദന രാജ്യങ്ങള്‍ തങ്ങളുടെ കറന്‍സിയിലേക്ക് മാറുകയും ഡോളറില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്താല്‍ പിന്നെ അമേരിക്കയ്ക്ക് പിടിച്ചു നില്‍ക്കാന്‍ പൊടിക്കൈകള്‍ കൊണ്ട് സാധിക്കില്ല. ഇറാന്‍ ചെയ്യുന്നത് പോലെ ചൈനയിലേക്കുള്ള കയറ്റുമതിക്ക് റെന്‍മിന്‍ബിയും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് യൂറോയും ഉപയോഗിച്ച് തുടങ്ങിയാല്‍ ഡോളര്‍ മൂക്കുംകുത്തി വീഴും. സാമ്പത്തിക ശാസ്ത്രത്തിന്റെ മുക്കും മൂലയും മാത്രം പരിചയമുള്ള ട്രംപ് സ്വന്തം നിലയ്ക്ക് തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പക്ഷം ഡോളര്‍ ലോകത്ത് അപ്രസക്തമാകുകയും മറ്റ് കറന്‍സികള്‍ക്ക് പ്രാധാന്യം ഏറുകയും ചെയ്യും.

Reported By: Anjaly Antony

Loading...