തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകട മരണത്തില്‍ സംശയനിഴലിലുള്ള അര്‍ജുന്‍ കേരളത്തിലെത്തിയതായി ക്രൈംബ്രാഞ്ച്. ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ അസമിലുള്ളതായി ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. അര്‍ജുന്‍ കേരളത്തിലെത്തിയതായി ബന്ധുക്കള്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. എന്നാൽ ഫൊറന്‍സിക് പരിശോധന ഫലം ലഭിച്ചശേഷം അര്‍ജുനെ ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്.

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 3 തവണ മൊഴിമാറ്റിയതോടെയാണ് അര്‍ജുന്‍ സംശയനിഴലിലാകുന്നത്. ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് പുലര്‍ച്ചെ 3 മണിക്ക് അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ താനായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് ആദ്യം പറഞ്ഞത്.

തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം ബാലഭാസ്കറും ഭാര്യയും കുട്ടിയും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കുട്ടി സംഭവസ്ഥലത്തും ബാലഭാസ്കര്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ബാലഭാസ്കര്‍ മരിച്ചതോടെ അര്‍ജുന്‍ മൊഴി മാറ്റി. അപകടസമയത്ത് ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നായിരുന്നു രണ്ടാമത്തെ മൊഴി. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ഡിവൈഎസ്പി: ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അര്‍ജുനെ ചോദ്യം ചെയ്തിരുന്നു. വാഹനമോടിച്ചത് ആരാണെന്നു ഓര്‍മയില്ലെന്നായിരുന്നു മൊഴി.

Loading...