റിയാദ് : വീണ്ടും സൗദിയിലെ ജനവാസ കേന്ദ്രത്തിലേക്ക് ഡ്രോൺ ആക്രമണ ശ്രമം. ഖമീസ് മുഷൈതിനെയും അൽ ജൗഫിനെയും ലക്ഷ്യമാക്കി യെമനിൽനിന്നു ഹൂതികൾ തൊടുത്തു വിട്ട 2 ഡ്രോണുകളാണ് അറബ് സഖ്യസേന വെടിവച്ചിട്ടത്. യെമൻ ആകാശ പരിധിയിൽവച്ചുതന്നെ ബോംബ് ഘടിപ്പിച്ചയച്ച ഡ്രോണുകളെ സഖ്യസേന നിർവീര്യമാക്കുകയായിരുന്നുവെന്നും. 24 മണിക്കൂറിനിടെ നാലു ഡ്രോണുകളെയാണ് നശിപ്പിച്ചതെന്നും സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു.

ഹൂതികൾ കഴിഞ്ഞ ദിവസവും സൗദിക്ക് നേരെ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചിരുന്നു. യെമനിലെ സനായില്‍ നിന്ന് സൗദിയിലെ ഖമീസ് മുശൈത്തിന് നേരെയാണ് ആക്രമണശ്രമമുണ്ടായത്. സ്ഫോടനം നടത്തുന്നതിന് മുന്‍പ് തന്നെ ഡ്രോണുകള്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് സൗദി സേന തകര്‍ത്തു. ഡ്രോണ്‍ സൗദി അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുന്‍പുതന്നെ തകര്‍ത്തതായും അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ നഗരമായ ജിസാനിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട 6 ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തിരുന്നു.

Loading...