ദുബായ്: പോർവിമാനങ്ങളുടെയും ആഡംബര യാത്രാവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും വമ്പൻനിരയുമായി ദുബായ് എയർഷോ നവംബർ 17 മുതൽ 21 വരെ ദുബായ് വേൾഡ് സെൻട്രലിൽ നടക്കും. പുതുതലമുറ വിമാനങ്ങളും വ്യോമയാന രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകളുമായി ലോകവ്യോമമേഖലയിലെ പുത്തൻ ചലനങ്ങളറിയാം. 160 രാജ്യങ്ങളിൽനിന്നുള്ള 1300 കമ്പനികൾ പരിപാടിയിൽ പങ്കെടുക്കും. 165 സിവിലിയൻ, സൈനിക വിമാനങ്ങളുടെ പ്രദർശനമുണ്ടാകും. ദിവസവും ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയായിരിക്കും പ്രകടനം.

ആളില്ലാ വിമാനങ്ങൾ, യാത്രാ ചരക്കുവിമാനങ്ങൾ, വിമാനത്താവളത്തിലെ സംവിധാനങ്ങൾ, വ്യോമനിരീക്ഷണ സാങ്കേതിക വിദ്യകൾ തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ ലഭ്യമാക്കുന്ന പഠനഗവേഷണമേള കൂടിയാണിത്. ശിൽപ്പശാലകൾ, ക്ലാസുകൾ എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ എയർഷോ 113 ബില്യൺ ഡോളർ വിലമതിക്കുന്ന കരാറുകളോടെയാണ് അവസാനിച്ചത്. ഇത്തവണ അസാധാരണമായ മറ്റൊരു പതിപ്പിനായി കാത്തിരിക്കുകയാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്‌റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു. ലോകമെമ്പാടുമുള്ള 79,380 വ്യാപാര സന്ദർശകരെയാണ് കഴിഞ്ഞവർഷത്തെ എയർഷോ ആകർഷിച്ചത്. അതിൽ 63 രാജ്യങ്ങളിൽനിന്നുള്ള 1200 പ്രദർശകരുണ്ടായിരുന്നു. കോടിക്കണക്കിന് ഡോളറിന്റെ കരാറുകൾക്കാണ് മേള വേദിയാകുക. രണ്ട് വർഷം കൂടുമ്പോഴാണ് എയർഷോ നടത്തുക.

ഫ്രഞ്ച് വ്യോമസേനയും റഷ്യയുടെ എം.ഐ-38 സിവിലിയൻ ഹെലികോപ്റ്ററുമാണ് ഇത്തവണത്തെ എയർഷോയുടെ വലിയ പ്രത്യേകത. 2011-ന് ശേഷമാണ് ഫ്രഞ്ച് വ്യോമസേന എയർഷോയിൽ എത്തുന്നത്. റഫാൽ പോർ വിമാനങ്ങളുടെയും പ്രകടനമുണ്ടാകും. റഷ്യയുടെ എം.ഐ-38 സിവിലിയൻ ഹെലികോപ്റ്ററും എയർഷോയിലെത്തും. റഷ്യൻ ഹോൾഡിങ് കമ്പനി നിർമിച്ച ഈ ആഡംബര ഹെലികോപ്റ്റർ ഒരു വിദേശരാജ്യത്ത് ആദ്യമായാണ് അവതരിപ്പിക്കുന്നത്. സൈനികരംഗത്ത് ഏറെ മികവ് പുലർത്തിയ എം.ഐ-38 ന്റെ പരിഷ്കരിച്ച സിവിലിയൻ പതിപ്പാണിത്. ഓഗസ്റ്റിൽ നടന്ന മോസ്കോ എയർഷോയിൽ ഏറെ ശ്രദ്ധനേടിയ ഹെലികോപ്റ്റർ ആണിത്. 1000 കിലോമീറ്റർ തുടർച്ചയായി പറക്കാവുന്ന ഇതിന് ഏത് പരുക്കൻ കാലാവസ്ഥയെയും അതിജീവിക്കാനാകും. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്തതും ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളുള്ളതുമാണ് ഇതിന്റെ പ്രത്യേകത.

യു.എ.ഇ. വിസ്മയങ്ങളും

യു.എ.ഇ.യുടെ അൽ ഫർസാൻ എയറോബാറ്റിക് പ്രകടനം എല്ലാ എയർഷോയിലെയും വിസ്മയക്കാഴ്ചയാണ്. ബഹിരാകാശത്ത് നേട്ടം കൊയ്ത യു.എ.ഇ.യുടെ ഭാവിപദ്ധതികൾ വിശദീകരിക്കുന്ന പ്രത്യേക പവലിയനുണ്ട്. യു.എ.ഇ. ബഹിരാകാശ ഏജൻസി സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളും അരങ്ങേറും. യു.എ.ഇ. തദ്ദേശീയമായി നിർമിച്ച സൈനിക വാഹനങ്ങളും പരിചയപ്പെടാൻ അവസരമൊരുക്കുന്നുണ്ട്.

Loading...