മുന്‍പരിചയമില്ലാത്ത ഇന്ത്യക്കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും നിയമവിരുദ്ധമായ രീതിയില്‍ ഗര്‍ഭം ധരിക്കുകയും ചെയ്ത ഫിലിപ്പിനോ യുവതിയ്ക്ക് ഒരു മാസം തടവുശിക്ഷ. സെയില്‍സ് വുമണായിരുന്ന 30 വയസുള്ള യുവതി ഏതാനും ദിവസം മാത്രമാണ് ദുബായില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ ജനുവരിയില്‍ ജുമൈറ ബീച്ച് റോഡില്‍ വച്ച് ഇവര്‍ ഒരു ഇന്ത്യക്കാരനെ പരിചയപ്പെട്ടു. ഇയാളുടെ പേരോ നമ്പറോ ഒന്നും അറിയില്ല. രണ്ടുപേരും ജുമൈറ ബീച്ച് ഭാഗത്തേക്ക് പോവുകയും സുരക്ഷിതമല്ലാത്ത രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഫിലിപ്പിനോ യുവതിയ്ക്ക് വയറുവേദന അനുഭവപ്പെടുകയും ശുചിമുറിയില്‍ പോയപ്പോള്‍ ഭ്രൂണത്തിന്റെ ചിലഭാഗം പുറത്തുവന്നതായി ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു. അപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം യുവതി തിരിച്ചറിഞ്ഞത്.

അവിവാഹിതയായ യുവതി ആശുപത്രിയില്‍ പോയപ്പോഴാണ് ഏഴു മാസം ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്. പെണ്‍കുഞ്ഞിന് യുവതി ജന്മം നല്‍കിയെങ്കിലും ആശുപത്രി അധികൃതര്‍ വിവരങ്ങള്‍ ദുബായ് പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് സംഭവങ്ങള്‍ പുറത്തറിഞ്ഞത്. അപരിചതനായ വ്യക്തിയുമായി പരസ്പര സമ്മതത്തോടെ യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഇക്കാര്യം യുവതിയും ദുബായ് കോടതിയില്‍ സമ്മതിച്ചു. ചൊവ്വാഴ്ച നടന്ന വാദത്തിനു പിന്നാലെ ജാമ്യത്തിലായിരുന്ന യുവതിയെ കോടതിയില്‍ ഹാജരാക്കന്‍ ജഡ്ജി നിര്‍ദേശിച്ചു. ഉച്ചയോടെ, ഫിലിപ്പിനോ യുവതിയ്ക്ക് ഒരു മാസം തടവുശിക്ഷയും അതിനുശേഷം നാടുകടത്താനും ഉത്തരവിടുകയായിരുന്നു. വിധിയ്ക്കുശേഷം 15 ദിവസത്തിനുള്ളില്‍ യുവതിയുടെ ശിക്ഷ ആരംഭിച്ചിരിക്കണമെന്നാണ് നിര്‍ദേശം. അഞ്ജാതനായ പുരുഷന്റെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍, അയാള്‍ ഇന്ത്യക്കാരനാണെന്നു മാത്രമേ അറിയൂ എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

‘എനിക്ക് അയാളുടെ പേരോ നമ്പറോ അറിയില്ല. അയാള്‍ എന്നെ കണ്ടപ്പോള്‍ മനോഹരമായ രീതിയില്‍ സംസാരിച്ചു. പിന്നീട്, പരസ്പരം ബന്ധപ്പെടാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിച്ചു. ഞാന്‍ സമ്മതിച്ചുവെന്നും ജുമൈറയിലെ ഒഴിഞ്ഞ ഒരു സ്ഥലത്തുപോയി ഞങ്ങള്‍ ബന്ധപ്പെട്ടുവെന്നും യുവതി പറഞ്ഞു. സുരക്ഷിത മാര്‍ഗങ്ങള്‍ ഒന്നും ഉപയോഗിച്ചിരുന്നില്ലെന്ന് പിന്നീടാണ് ഞാന്‍ ശ്രദ്ധിച്ചത്. ചില ആരോഗ്യപ്രശ്‌നങ്ങള്‍ തോന്നിയിരുന്നു. ഏതാണ്ട് ഏഴു മാസത്തിനു ശേഷമാണ് ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നതെന്നും യുവതി കോടതിയില്‍ പറഞ്ഞു.


 

 
Loading...